കാഞ്ഞിരപ്പുഴ ∙ കാനനഭംഗി പറുദീസയൊരുക്കുന്ന ശിരുവാണിയിൽ ഇക്കോ ടൂറിസം പുനരാരംഭിച്ചിട്ട് ഇന്നേക്ക് ഒരുവർഷം. നിബിഡ വനവും അണക്കെട്ടും കേരളാമേടുമെല്ലാം കാണാൻ എത്തിയത് 8240 പേർ.
വനംവകുപ്പിനു പ്രവേശന ഫീസ് ഇനത്തിൽ ലഭിച്ചത് 40 ലക്ഷം രൂപയും. ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഇന്നു 2ന് ഇഞ്ചിക്കുന്ന് വനംവകുപ്പ് ചെക്പോസ്റ്റിനു സമീപം പ്രത്യേക ചടങ്ങും വിവിധ നിർമാണ പ്രവൃത്തി പൂർത്തിയായതിന്റെ ഉദ്ഘാടനവും നടക്കും. ആറുവർഷം നീണ്ട
വിനോദസഞ്ചാരികളുടെ കാത്തിരിപ്പുകൾക്കു ശേഷം കഴിഞ്ഞ നവംബർ ഒന്നിനാണ് ഇക്കോടൂറിസം വനംവകുപ്പു വീണ്ടും തുടങ്ങിയത്. ഇതോടെ ശിരുവാണിയുടെ ദൃശ്യമനോഹാരിത ആസ്വദിക്കാൻ സഞ്ചാരികളുടെ വരവായി.
കാടും മേടും നിറഞ്ഞ വഴിയിലൂടെ 1573 വാഹനങ്ങളുമെത്തി.
അവധിദിവസങ്ങളിലാണു കൂടുതൽ പേരുമെത്തുന്നത്. കേരള- തമിഴ്നാട് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണു കൂടുതലും. ഇതിനിടെ പ്രതികൂല കാലാവസ്ഥയെ തുടർന്നു ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സന്ദർശനം നിരോധിച്ചിരുന്നു.
യാത്ര വേറിട്ട അനുഭൂതി
കാടിനകത്തുകൂടിയുള്ള യാത്രയാണു സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്.
ടൂറിസം ഗൈഡിന്റെ സഹായത്തോടെയാണ് 21 കിലോമീറ്റരർ ദൂരത്തിൽ മുത്തികുളം റിസർവ് വനത്തിലൂടെയുള്ള ഈയാത്ര. വന്യജീവികളെയും അടുത്തുകാണാം.
കേരളമേട് പുൽമേട്ടിലേക്കുള്ള ഒരുകിലോമീറ്റർ ട്രക്കിങ്ങും ശിരുവാണി അണക്കെട്ടിന്റെ കാഴ്ചകളും സഞ്ചാരികൾക്ക് ഹരംപകരും. മഴക്കാലത്തും മഞ്ഞുകാലത്തും ഈ നിത്യഹരിതവനത്തിലേക്കുള്ള യാത്ര വേറിട്ട
അനുഭൂതിയാണ്. മുൻകൂട്ടി ബുക്ക് ചെയ്ത് എത്തുന്നവർക്കു മാത്രമാണ് പ്രവേശനം. ബുക്കിങ് നമ്പർ: 8547602366.
പാലക്കയത്തെ ഇഞ്ചിക്കുന്ന് വനംവകുപ്പ് ചെക്ക്പോസ്റ്റിൽ നിന്ന് സന്ദർശകർ പാസ്സ് എടുക്കണം. അഞ്ച് സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 2000 രൂപ, ഏഴ് സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 3000, 12 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 5000, 13 മുതൽ 17 സീറ്റ് വരെയുള്ള വാഹനങ്ങൾക്ക് 6500 രൂപ എന്നിങ്ങനെയാണു ഫീസ്.
രാവിലെ 9, ഉച്ചയ്ക്ക് 12, ഉച്ചകഴിഞ്ഞ് 2.30 എന്നീ സമയങ്ങളിൽ മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ.
ഇരുചക്രവാഹനങ്ങൾക്ക് പ്രവേശനമില്ല. സന്ദർശകരുടെ സൗകര്യാർഥം ഇഞ്ചിക്കുന്ന്, കേരളമേട് ഭാഗങ്ങളിൽ ശുചിമുറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് പ്രകൃതി പഠനക്യാംപുകൾ തുടങ്ങാനും നടപടിയായി. 2012ൽ ആരംഭിച്ച ഇക്കോടൂറിസം പദ്ധതി 2018ലെ പ്രളയത്തിൽ റോഡിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.
മണ്ണാർക്കാട് ഡിഎഫ്ഒ സി.അബ്ദുൽ ലത്തീഫിന്റെ നേതൃത്വത്തിലാണ് ഇക്കോടൂറിസം പുരോഗമിക്കുന്നത്.
ശിങ്കപ്പാറ ഉന്നതിയിലേക്കും വികസനം
∙ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ശിരുവാണിയിലെ ഏക ആദിവാസി ഉന്നതിയായ ശിങ്കപ്പാറിയലേക്കും വികസനമെത്തി. ഉന്നതിയിലെ 5 പേർക്ക് ഗൈഡായി സ്ഥിരം നിയമനം നൽകി.
പുറംലോകവുമായി അധികം ബന്ധമില്ലാത്ത ശിങ്കപ്പാറ ഉന്നതിയിൽ മെഡിക്കൽ ക്യാംപും ഒരുക്കി. ഉന്നതി നിവാസികൾക്കായി ‘കതിർ’ എന്ന പേരിൽ ലൈബ്രറി ആരംഭിച്ചു.
ഈ ലൈബ്രറിയിലേക്ക് വിവിധ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും 1200ൽ അധികം പുസ്തകങ്ങളും നൽകി. സംസ്ഥാന ലൈബ്രറി കൗൺസിലിൽ അംഗത്വം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനം തുടരുന്നു.
ഉന്നതിക്കാരുടെയും സന്ദർശകരുടെയും വനം-ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും സുഗമമായ സഞ്ചാരത്തിനായി ശിരുവാണി റോഡിന്റെ നവീകരണപ്രവൃത്തികളും ആരംഭിക്കാൻ നടപടിയായിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

