കോഴിക്കോട് ∙ കോർപറേഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് വിതരണം ചെയ്യാനായി 1.77 കോടി ചെലവഴിച്ചു വാങ്ങിയ 59,338 മെൻസ്ട്രൽ കപ്പുകളിൽ 53,594 എണ്ണം (90.31 ശതമാനം) വിതരണം ചെയ്തില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 3 മാസത്തിനിടെ ആറായിരത്തിൽ താഴെ മാത്രമാണ് വിതരണം ചെയ്തത്.
വിതരണത്തിൽ വീഴ്ച വന്ന കാര്യം നിർവഹണ ഉദ്യോഗസ്ഥ അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഗുണഭോക്താക്കളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതും തിരിച്ചടിയായി.
എച്ച്എൽഎല്ലിൽ നിന്നാണ് 1.77 കോടി രൂപയ്ക്ക് മെൻസ്ട്രൽ കപ്പ് വാങ്ങിയത്.
നഗരപരിധിയിലെ സ്കൂൾ, കോളജ് വിദ്യാർഥിനികൾ, സർക്കാർ ഓഫിസുകളിലെ സ്ത്രീകൾ, കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ എന്നിവരെ ഗുണഭോക്താക്കളായി കണക്കാക്കിയാണ് പദ്ധതി തുടങ്ങിയത്. പിന്നീട് ഇതു മാറ്റി നഗരപരിധിയിലെ സ്ത്രീകളെന്നാക്കി.
കഴിഞ്ഞ 2025 ഏപ്രിൽ 30ന് മെൻസ്ട്രൽ കപ്പ് വിതരണത്തിന്റെ ഉദ്ഘാടനം നടന്നിരുന്നു. പിന്നീടുള്ള 3 മാസങ്ങളിൽ മാത്രമാണ് വിതരണം നടന്നത്.
ഓഗസ്റ്റിൽ നടത്തിയ ഓഡിറ്റ് പരിശോധനയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2024 മാർച്ചിൽ നിർമിച്ച കപ്പുകളുടെ കാലാവധി 2029 ഫെബ്രുവരി വരെയാണ്.
ആദ്യഘട്ടത്തിൽ ഓരോ വാർഡിലേക്കും 438 കപ്പുകൾ വീതം വിതരണം നടത്താനാണ് തീരുമാനിച്ചത്.
എന്നാൽ 3 മാസത്തിനിടെ 15 വാർഡുകളിലായി 5744 കപ്പുകൾ മാത്രമാണ് നൽകിയത്. കോർപറേഷൻ ആരോഗ്യ-ശുചിത്വ മേഖലയുമായി ബന്ധപ്പെട്ട് നടത്തിയ പല പദ്ധതികളിലും കൃത്യമായി പഠനം നടത്താതെ ചെയ്തതിനാൽ കാര്യക്ഷമമായില്ലെന്നും നഷ്ടങ്ങളുണ്ടായെന്നും ഓഡിറ്റ് റിപ്പോർട്ട് കുറ്റപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിൽ സ്ഥാപിച്ച ഇരട്ട ബിന്നുകളുമായി ബന്ധപ്പെട്ട് 5 ലക്ഷത്തിലേറെ രൂപയുടെ അധിക ചെലവുണ്ടായെന്നും റിപ്പോർട്ടിലുണ്ട്.
ഇരട്ട
ബിൻ വയ്ക്കാനുളള പദ്ധതിക്ക് 1.5 കോടിയായിരുന്നു അടങ്കൽ തുക. വിതരണ ഏജൻസി തന്നെ ബിന്നുകൾ സ്ഥാപിക്കണമെന്ന ടെൻഡർ നിബന്ധന നടപ്പാക്കാത്തതിനാൽ പ്രോജക്ടിൽ അധിക ചെലവുണ്ടായി.
വിതരണം, സ്ഥാപിക്കൽ, ടെസ്റ്റിങ്, കമ്മിഷനിങ് എന്നിവ ഉൾപ്പെടെയാണ് ടെൻഡർ ചെയ്തത്. ഉത്തർപ്രദേശ് ഗോരഖ്പുരിലെ നാരായണ അഗ്രോ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് കമ്പനിയാണ് കരാർ എടുത്തത്.
എന്നാൽ ബിന്നുകൾ സ്ഥാപിക്കാൻ വേറെ ടെൻഡർ വിളിച്ചു.
അതുപ്രകാരം സ്ഥാപിച്ചവർക്ക് കൊടുത്ത 5,10,634 രൂപയും ബിന്നുമായി ബന്ധപ്പെട്ട് നൽകാൻ ശേഷിക്കുന്ന 85259 രൂപയും ഉൾപ്പെടെ 5.96 ലക്ഷം രൂപ അധിക ചെലവുണ്ടായി എന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. എവിടെയൊക്കെ ബിൻ വയ്ക്കണമെന്ന് പഠനം നടത്താതെ ആസൂത്രണമില്ലാതെ വച്ചതിനാൽ ലക്ഷ്യപ്രാപ്തി കൈവരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

