കോഴിക്കോട് ∙ വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാലോ വിവരം നൽകാൻ താമസിച്ചാലോ ഒഴികഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാൻ നിയമത്തിൽ വ്യവസ്ഥകളില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ. രാമകൃഷ്ണൻ.
കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ അപേക്ഷ ലഭിച്ചാൽ എത്രയും പെട്ടെന്നോ പരമാവധി 30 ദിവസത്തിനുള്ളിലോ വിവരം നൽകണമെന്നാണ് നിയമം. ഓഫിസിൽ ആവശ്യത്തിന് ജീവനക്കാരില്ലെന്നും ജീവനക്കാർ അവധിയിൽ ആണെന്നും മറ്റും പറഞ്ഞ് വിവരം നൽകാതിരിക്കാൻ കഴിയില്ല.
വിവരം നൽകാതിരിക്കുകയോ വിവരം നൽകുന്നതിൽ കാലതാമസം നേരിടുകയോ ചെയ്താൽ കർശന ശിക്ഷാ നടപടി ഉണ്ടാകുമെന്നും കമ്മിഷണർ മുന്നറിയിപ്പ് നൽകി.
രേഖകളുടെ പകർപ്പിനായി ഫീസടക്കാൻ തെറ്റായ ഹെഡ് ഓഫ് അക്കൗണ്ട് നൽകിയ മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ പബ്ലിക് ഇൻഫർമേഷൻ ഓഫിസറോട് അപേക്ഷകന് രേഖകൾ സൗജന്യമായി നൽകാൻ കമ്മിഷണർ നിർദേശിച്ചു.
അപേക്ഷയിൽ ഫയൽ കാണാനില്ലെന്ന് മറുപടി നൽകിയ എടരിക്കോട് ഗ്രാമപഞ്ചായത്ത് പബ്ലിക് ഇൻഫർമേഷൻ ഓഫിസറോട് ഫയൽ കണ്ടെത്തി വിവരം നൽകണമെന്നും നഷ്ടരേഖകൾക്ക് വ്യക്തമായ തെളിവുകൾ ഹാജരാക്കണമെന്നും നിർദേശിച്ചു. വിവരാവകാശ അപേക്ഷകർക്ക് വിവരം നൽകാതെ രേഖകൾ ഓഫിസിൽ വന്ന് പരിശോധിക്കാമെന്ന മറുപടി സ്വീകാര്യമല്ലെന്നും കമ്മിഷണർ പറഞ്ഞു.
ഹിയറിങ്ങിൽ പരിഗണിച്ച 14 പരാതി തീർപ്പാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

