കൊച്ചി: രാമനാട്ടുകര–വെങ്ങളം ദേശീയപാത നിർമാണ പദ്ധതിയിൽ സർക്കാരിന്റെ പങ്കാളിത്തമുള്ള ഇൻകെലിന് സംഭവിച്ച വൻ സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്. ബാങ്കിൽ നിന്നും വായ്പയെടുത്ത് നൽകിയ തുകയുടെ പലിശ ഉൾപ്പെടെ ആകെ 57.58 കോടി രൂപയാണ് റോഡ് പദ്ധതിയിലൂടെ സ്ഥാപനത്തിന് നഷ്ടമായിരിക്കുന്നത്.
ഇതിൽ 22.62 കോടി രൂപയുടെ ഇടപാടുകൾക്ക് യാതൊരുവിധ കണക്കുകളുമില്ലെന്നതാണ് പ്രധാന കണ്ടെത്തൽ. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ ഇൻകെൽ നേരിട്ട് ഹാജരാക്കിയ എക്സിറ്റ് എഗ്രിമെന്റിലൂടെയാണ് ഡയറക്ടർമാരിൽ നിന്നുപോലും രഹസ്യമാക്കി വെച്ച ഈ വിവരങ്ങൾ പുറത്തുവന്നത്.
2019–20 കാലയളവിലായിരുന്നു കണക്കുകളിൽ ഉൾപ്പെടുത്താൻ കഴിയാത്ത ഈ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നത്. 28 കിലോമീറ്റർ വരുന്ന രാമനാട്ടുകര–വെങ്ങളം റോഡ് നിർമാണത്തിന്റെ കരാർ ഹൈദരാബാദ് കമ്പനിയായ കെഎംസിക്കാണ് ലഭിച്ചിരുന്നത്.
ഈ പദ്ധതിക്കായി കെഎംസി രൂപീകരിച്ച കാലിക്കറ്റ് എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരികൾ വാങ്ങി ഇൻകെൽ പ്രോജക്ടിന്റെ ഭാഗമാകുകയായിരുന്നു. എന്നാൽ നിശ്ചിത സമയത്തിനകം പദ്ധതി ആരംഭിക്കാൻ സാധിക്കാതെ വന്നതോടെ ഇൻകെൽ പിന്മാറാൻ തീരുമാനിച്ചു.
തുടർന്ന് 2022 മാർച്ചിൽ ഇൻകെലും കാലിക്കറ്റ് എക്സ്പ്രസ് വേ ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രപ്രകാരം, പദ്ധതിക്കായി ഇൻകെൽ വായ്പയെടുത്ത് ആകെ 66.12 കോടി രൂപയാണ് മുടക്കിയത്. എന്നാൽ ഇതിൽ 48 കോടി രൂപ മാത്രം തിരിച്ചു നൽകാനാണ് കാലിക്കറ്റ് എക്സ്പ്രസ് വേ ലിമിറ്റഡ് സമ്മതിച്ചത്.
മുടക്കിയ മുഴുവൻ തുകയും ആവശ്യപ്പെടാത്തതിന് പുറമെ, സമ്മതിച്ച തുകയിൽ നിന്നും 4.5 കോടി രൂപ കൂടി കെഎംസിക്ക് ഇളവ് നൽകിയതിലാണ് ദുരൂഹത നിലനിൽക്കുന്നത്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ അറിയിച്ചതനുസരിച്ച്, 2025 ജൂലൈ 5 ലെ എക്സിറ്റ് എഗ്രിമെന്റ് പ്രകാരം 43.5 കോടി രൂപയാണ് ഇൻകെലിന് തിരികെ നൽകിയത്.
2024 മേയ് 2-ന് 23.51 കോടി രൂപയും, ജൂൺ 30-ന് 19.99 കോടി രൂപയുമാണ് കൈമാറിയത്. 23.51 കോടി രൂപയ്ക്ക് 10 ശതമാനം നിരക്കിൽ 4 വർഷത്തേക്ക് 9.4 കോടി രൂപയും, 19.99 കോടി രൂപയ്ക്ക് 5 വർഷത്തേക്ക് 10 ശതമാനം നിരക്കിൽ 11.99 കോടി രൂപയും, കൂടാതെ 22.62 കോടി രൂപയ്ക്ക് 6 വർഷത്തേക്ക് 13.57 കോടി രൂപയും പലിശ ഇനത്തിൽ നഷ്ടം സംഭവിച്ചു.
ഇത്തരത്തിൽ ആകെ 57.58 കോടി രൂപയുടെ നഷ്ടമാണ് ഇൻകെലിന് ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

