കോർപ്പറേറ്റ് മേഖലയിലെ പ്രൊഫഷണൽ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളും വിവേചനങ്ങളും തുറന്നുപറഞ്ഞ് മുൻ സി-സ്യൂട്ട് എക്സിക്യൂട്ടീവ് ജൂലി ഫെഡേൽ രംഗത്ത്. ലണ്ടനിലും മെൽബണിലുമായി രണ്ട് പതിറ്റാണ്ടോളം കോർപ്പറേറ്റ് രംഗത്ത് സേവനം അനുഷ്ഠിച്ച ജൂലി, സോഷ്യൽ മീഡിയയിലൂടെയാണ് തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയത്.
നിലവിൽ ‘പോളിവർക്ക് കരിയേഴ്സ് പ്ലാറ്റ്ഫോം’ എന്ന സ്ഥാപനത്തിന്റെ ഫൗണ്ടറാണ് അവർ. ഒരു ചെറിയ മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി കമ്പനിയുടെ സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യാൻ വിസമ്മതിച്ചതാണ് ജൂലിക്ക് നേരിടേണ്ടിവന്ന പ്രധാന പ്രതിസന്ധികളിലൊന്ന്.
പാരിസ്ഥിതിക ആഘാതങ്ങളും ഹരിതഗൃഹ വാതകങ്ങളും മുൻനിർത്തി, വെറും 60 മിനിറ്റ് മാത്രം നീളുന്ന യോഗത്തിനായി സ്വകാര്യ ജെറ്റ് ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു ജൂലിയുടെ നിലപാട്. എന്നാൽ ഈ വാദം അംഗീകരിക്കാൻ ബോസ് തയ്യാറായില്ലെന്നും, ഇതിന്റെ പേരിൽ തനിക്ക് കടുത്ത വിമർശനങ്ങളും ശകാരങ്ങളും കേൾക്കേണ്ടി വന്നതായും ജൂലി പറയുന്നു.
തന്റെ വ്യക്തിജീവിതത്തിനും കുടുംബത്തിനും നേരെ ഉയർന്ന നിഷേധാത്മക സമീപനങ്ങളെക്കുറിച്ചും അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. ഒരാഴ്ചയായി വീട്ടിൽ പോകാതിരുന്ന താൻ, മകനൊപ്പം സമയം ചെലവഴിക്കാൻ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ മേലധികാരി നൽകിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു.
“കുഞ്ഞിനെ നോക്കാനായി രണ്ടാമതൊരു നാനിയെ കൂടി വച്ചുകൂടെ” എന്നായിരുന്നു ബോസിന്റെ ചോദ്യമെന്ന് ജൂലി ഓർമ്മിക്കുന്നു. ഇതിനൊപ്പം കോർപ്പറേറ്റ് ലോകത്തെ പ്രകടമായ വേതന വ്യത്യാസങ്ങളെക്കുറിച്ചും അവർ തുറന്നടിച്ചിട്ടുണ്ട്.
ഒപ്പമുണ്ടായിരുന്ന പുരുഷ സഹപ്രവർത്തകന്റെ ശമ്പള വിവരങ്ങൾ എച്ച്.ആർ വിഭാഗത്തിൽ നിന്ന് അബദ്ധത്തിൽ തനിക്ക് ലഭിച്ചപ്പോഴാണ് ഈ വിവേചനം തിരിച്ചറിഞ്ഞത്. ഒരേ ജോലി ചെയ്തുകൊണ്ടിരുന്ന തനിക്ക് ലഭിച്ചതിനേക്കാൾ വലിയ തുകയാണ് ആ സഹപ്രവർത്തകന് ലഭിച്ചുകൊണ്ടിരുന്നത്.
ഈ അനീതി ചോദ്യം ചെയ്തതിനെത്തുടർന്ന് പിന്നീട് 50,000 ഡോളറിന്റെ ശമ്പള വർദ്ധനവും കമ്പനി ചെലവിൽ എം.ബി.എ പഠനവും നേടിയെടുക്കാൻ തനിക്ക് സാധിച്ചതായും ജൂലി വെളിപ്പെടുത്തി. ജൂലിയുടെ ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

