പോരാട്ടങ്ങളുടെ കഥ പറയുന്ന കാറ്റാണ് ബേപ്പൂർ പുലിമുട്ടിൽ വീശുന്നത്. അഴിമുഖത്തിന് അക്കരെ ചാലിയത്ത് പറങ്കിപ്പടയെ തുരത്തി കോട്ട
പൊളിച്ച സാാമൂതിരിപ്പടയുടെ കഥയല്ലേ ഈ കാറ്റിൽ മൂളുന്നത്.ബേപ്പൂർ പുലിമുട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. വണ്ടി സ്റ്റാർട്ടുചെയ്ത് ഗിയറു മാറ്റി.
റോഡിൽ ആദ്യവളവ് എത്തും മുൻപ് വലതു വശത്താണ് ചാലിയത്തേക്കുള്ള ജങ്കാർ ജെട്ടി. പക്ഷേ ഇവിടെ കയറിട്ടുകെട്ടി പ്രവേശനം നിരോധിച്ചിരിക്കുന്നു.
നല്ല ശകുനം! ജങ്കാർ സർവീസ് നിലച്ചിട്ട് 3 മാസമാകുന്നു. കുറച്ചുനേരം കാത്തുനിന്നാൽ ആളുകൾക്കു കയറാവുന്ന ബോട്ട് കിട്ടും.
ജങ്കാർ അടുപ്പിക്കുന്ന ജെട്ടിയുടെ സ്ലാബുകളുടെ തകർച്ചയാണ് സർവീസ് നിർത്താനുള്ള കാരണമെന്ന് പ്രദേശവാസിയായ അബ്ദുൽ റസാഖ് പറഞ്ഞു.
സ്ലാബിൽ ജങ്കാറിന്റെ ഉരുക്കുപാളികൾ ഇടിച്ചിടിച്ചാണ് ജെട്ടി തകരുന്നത്. അധികൃതരുടെ സഹായത്തോടെ ഇതു നന്നാക്കുകയാണ് പതിവ്.
ഇരുപതു വർഷത്തോളം ഇവിടെ സർവീസ് നടത്തിയിരുന്നവർ ഇത്തവണ ഒഴിഞ്ഞുവെന്നും റസാഖ് പറഞ്ഞു. സർവീസ് നിർത്തിയപ്പോൾ വിദ്യാർഥികളും ചെറുകിട
വരുമാനക്കാരും കുടുങ്ങി. 6 കിലോമീറ്ററോളം ചുറ്റിവളഞ്ഞാണ് ചാലിയത്തേക്കുള്ള യാത്ര. വണ്ടി മാത്തോട്ടം റോഡിൽ നിന്നു തമ്പി റോഡിലേക്ക് തിരിഞ്ഞു.
പഴയ മിലിറ്ററി റോഡ് എന്നറിയപ്പെടുന്ന മാറാട് റോഡ് മുറിച്ചു കടന്നാണ് യാത്ര.
തമ്പി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. വശങ്ങളിൽ ഓവുചാലിന്റെ സ്ലാബുകൾ പണിതു കഴിഞ്ഞു.
റോഡിൽ മെറ്റൽ നിരത്തി ഉറപ്പിക്കുകയാണ്. നേരെ ചെന്നു കയറിയത് ഗോതീശ്വരം ബീച്ചിലേക്കാണ്.
വലതുവശത്ത് തകർന്നു കിടക്കുന്ന മതിൽക്കെട്ട്. അതിനകത്ത് മണൽപ്പരപ്പ്.
നടുവിൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായൊരു സ്തംഭം. കുട്ടികൾ ഊർന്നിറങ്ങി കളിക്കുന്ന ‘സ്ലൈഡി’ന്റെ അസ്ഥികൂടമാണ്.
പത്തുനാൽപതു കൊല്ലം മുൻപ് പ്രഖ്യാപിച്ച ചിൽഡ്രൻസ് പാർക്കാണ്. അങ്ങകലെ കുറ്റിക്കാട്ടിൽ ഓപ്പൺജിമ്മിന്റ നാലഞ്ച് പുത്തൻ ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
കോടതി കയറിയിറങ്ങുകയാണ് കോതി
ഗോതീശ്വരത്തുനിന്നു മാറാട് റോഡിലൂടെ വടക്കോട്ടാണ് യാത്ര.
ചക്കുംകടവിലെ റോഡരികിൽ വലിയ നാലഞ്ചു ഫ്ലെക്സ് ബോർഡുകൾ. ‘പയ്യാനക്കൽ പട്ടർതൊടിയിൽ കളിക്കളത്തിന് 13 കോടി വകയിരുത്തിയതിന്’ അഭിവാദ്യം അർപ്പിക്കുന്നതാണ് ഒരു ബോർഡ്. ‘പട്ടർതൊടിയിൽ ഇത്രയും കാലം ഫണ്ട് വകയിരുത്തിയത് സോഷ്യൽമീഡിയയിലും ബാനറുകളിലും മാത്രമാണെ’ന്ന് ആരോപിക്കുന്ന എതിർകക്ഷികളുടെ ബോർഡ് മറുവശത്ത്.കോതിപ്പാലം കടക്കുമ്പോൾ കല്ലായിപ്പുഴയുടെ അഴിമുഖത്ത് മണ്ണു നീക്കം ചെയ്യാനെത്തിയ ഡ്രജർ നിശ്ചലമായി കിടക്കുന്നതു കാണാം.
കഴിഞ്ഞ മൂന്നാഴ്ചയായി ആഴം കൂട്ടൽ നിർത്തിവച്ചിരിക്കുകയാണ്.
2024 ഒക്ടോബർ 26ന് ആണ് ആഴംകൂട്ടൽ ഉദ്ഘാടനം ചെയ്തത്. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഇന്നലെ നവംബർ ഒന്നായിരുന്നു. ഇതിനിടെ പരമാവധി 90 ദിവസം മാത്രമാണ് മണ്ണു നീക്കിയതത്രേ.കടപ്പുറം റോഡിൽ നിന്ന് വലത്തോട്ട്.
കണ്ണംപറമ്പ് ശ്മശാനത്തിനോടു ചേർന്ന റോഡിലേക്ക് തിരിഞ്ഞു. നേരെ ചെന്നുകയറിയത് കോതിയിലെ സമരഭൂമിയിലേക്ക്.കണ്ടൽക്കാടുകൾക്കു നടുവിൽ മണ്ണിട്ടു നികത്തിയ ഒരു കുഞ്ഞുസ്ഥലം.
മഴ കനക്കുമ്പോൾ വെള്ളം കയറുന്ന ഇടം. ചുറ്റും ആളുകൾ തിങ്ങിപ്പാർക്കുന്നു.
ഇവിടെയാണ് കോതി പള്ളിക്കണ്ടി ശുചിമുറി മാലിന്യപ്ലാന്റ് നിർമിക്കാൻ കോർപറേഷൻ പദ്ധതി കൊണ്ടുവന്നത്.
അന്നു സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാർ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി. പൊലീസ് സർവശക്തിയുമെടുത്തു.
സ്ഥലം അളക്കാനും കരിങ്കൽമതിൽ കെട്ടാനും ശ്രമിച്ചു. നാട്ടുകാരുടെ സമരത്തിനുമുന്നിൽ പദ്ധതി പൂർണമായും ഉപേക്ഷിച്ചു.‘‘ ഞങ്ങള് ഇപ്പോഴും കോടതി കയറി നടക്കുകയാണ്.
41 പേർക്കെതിരെ കേസുണ്ട്. പത്തു േപർക്കെതിരെ മറ്റു കേസുകളുണ്ട്.
ഇതിൽ മുപ്പതുപേർ സ്ത്രീകളാണ്.’’സമരസമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടിയും കോ ഓർഡിനേറ്റർ എം.പി.സക്കീർ ഹുസൈനും പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പല പ്രാദേശിക നേതാക്കളും നാട്ടുകാരെ വിളിച്ച് കേസ് തള്ളിക്കളയാൻ ഇടപെടൽ നടത്തിയെന്ന് അവകാശപ്പെട്ടിട്ടുണ്ട്.
പക്ഷേ അടുത്ത ഡിസംബർ 14നാണ് കേസ് പരിഗണിക്കുന്നത്. അതിനു മുൻപ് തിരഞ്ഞെടുപ്പ് പൂർത്തിയാകുമെന്ന് ഉറപ്പുള്ളതു കൊണ്ടുള്ള വ്യാജവാഗ്ദാനമാണെന്ന് പ്രദേശവാസിയായ എം.പി.
ഷർഷാദെന്ന ബാവക്ക പറഞ്ഞു.
ഒരു റോഡിനക്കരെയിക്കരെ അന്യരെപ്പോലെ…
സിഎച്ച് മേൽപാലം കയറി മാവൂർ റോഡ് ചുറ്റി ബൈക്ക് കോട്ടൂളിയിലെത്തി. കോട്ടൂളി സെന്റർ പിന്നിട്ട് പനാത്ത് താഴത്തേക്ക് എത്തുമ്പോൾ വാഹനങ്ങളുടെ തിരക്കാണ്.
നേതാജി ജംക്ഷൻ മുറിച്ചു കടക്കാൻ ഇവിടെയിപ്പോൾ വഴിയില്ല. നാട്ടുകാരുടെ പ്രതിഷേധങ്ങൾക്ക് അധികൃതർ ചെവിയോർത്തില്ലെന്ന സങ്കടം.
ആറു മാസം മുൻപുവരെ വൈകുന്നേരങ്ങളിൽ നടന്നു റോഡു മുറിച്ചു കടന്ന് പോയി സമീപവാസിയുടെ വീട്ടിലിരുന്ന് ചായകുടിച്ച മനുഷ്യർ ഇന്ന് അന്യരാണ്. അവർക്കിയിൽ ദേശീയപാത ഒരു വൻമതിൽപോലെ നിൽക്കുന്നു.
എന്നെങ്കിലും ഇവിടെ മേൽപാലം വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
സർവീസ് റോഡിലൂടെ കയറി മലാപ്പറമ്പ് ജംക്ഷൻ കടന്നു. ഇടവഴി കടന്ന് ബൈക്ക് ചേവരമ്പലം പിന്നിട്ടു.
ചേവായൂർ ജംക്ഷനിൽ എത്തുമ്പോൾ ഗതാഗതക്കുരുക്ക്. ഇടത്തോട്ടു തിരിഞ്ഞ് മെഡിക്കൽ കോളജിലേക്ക് കയറുമ്പോഴും തിരക്കിനു കുറവില്ല. പൊതിച്ചോറിനായി കാത്തുനിൽക്കുന്ന മനുഷ്യരുടെ വരി. എത്രയെത്ര രോഗികളുടെ ആശ്രയകേന്ദ്രമാണിത്.
അത്രയേറെ പ്രതിഷേധങ്ങളുടെ ഭൂമികയുമാണ്. വയറ്റിൽ കുടുങ്ങിയ കത്രികയുമായി വേദന തിന്ന് ജീവിക്കേണ്ടിവന്ന ഹർഷിനയുടെ പ്രതിഷേധം.
ഐസിയുവിൽ താൽക്കാലിക ജീവനക്കാരനാൽ പീഡിപ്പിക്കപ്പെട്ട യുവതിയുടെ കണ്ണീർ.
തീപിടിച്ച അത്യാഹിത വാർഡിന്റെ ചൂടുണങ്ങാത്ത മണ്ണ്. അതിർത്തിയിൽ കൽമതിലു കെട്ടി മെഡിക്കൽ കോളജ് അധികൃതർ വഴി തടയുന്നതിനെതിരെ നാട്ടുകാർ സമരം ചെയ്ത മണ്ണ്.
ഇരിങ്ങാടൻ പള്ളി ജംക്ഷനിൽ പച്ച സിഗ്നൽ തെളിഞ്ഞു.
ഇന്നത്തെ യാത്രയുടെ അവസാന ലാപ്പിലാണ്. വെള്ളിമാടുകുന്ന് റോഡിലൂടെ വാഹനം മുരണ്ടുനീങ്ങുന്നു.
ബെംഗളൂരു ദേശീയപാത മുറിച്ചുകടന്ന് പൂളക്കടവിലേക്കുള്ള ചെറുറോഡിലേക്ക് വണ്ടി കയറി. വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഇടുങ്ങിയ റോഡ്.
ഈ റോഡിന്റെ അറ്റത്ത് കനാലിനോടു ചേർന്ന് കാടുപിടിച്ച് ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു മതിൽ. അകത്ത് കോർപറേഷന്റെ സ്ഥാപനം.
അനിമൽ ബർത്ത് കൺട്രോൾ സെന്റർ. തെരുവുനായകളുടെ വന്ധ്യംകരണത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനം.
സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളിലൊന്നാണ്. അകത്തുനിന്ന് നായ്ക്കളുടെ കരച്ചിലുകൾ ഉയർന്നു കേൾക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

