കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിൽ എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ അന്തരിച്ചു. ഒടിക്കുഴി പള്ളിത്താഴത്ത് ഷൈനി ഷാജു (57) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ബുധനാഴ്ച രാവിലെ മരണപ്പെട്ടത്.
പത്തു ദിവസമായി വെന്റിലേറ്ററിലായിരുന്ന ഇവർ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഈ മാസം ഒന്നിന് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ പനി ബാധിച്ചതിനെ തുടർന്ന് ഇവർ കൂരാച്ചുണ്ട് സിഎച്ച്സിയിൽ ചികിത്സ തേടിയിരുന്നു.
തുടർന്ന് മൂന്നാം തീയതി പേരാമ്പ്ര താലൂക്ക് ആശുപത്രി വഴി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവ്: ഷാജു.
മകൾ: അലീന. മരുമകൻ: സുനിൽ തൂങ്കുഴി.
സഹോദരങ്ങൾ: ജോർജ്, സാലി, ആന്റോ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒൻപതിന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
പ്രതിരോധ നടപടികൾ ശക്തമാക്കണം ഷൈനി ഷാജുവിന്റെ മരണത്തെ തുടർന്ന് പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തുനിന്നുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഈ മാസം ഏഴിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് എലിപ്പനി പ്രതിരോധ വാരം ആചരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അവയൊന്നും നടപ്പിലായില്ലെന്നാണ് പ്രധാന ആക്ഷേപം.
വാർഡുകളിൽ ബഹുജന പങ്കാളിത്തത്തോടെയുള്ള യോഗങ്ങൾ പതിനൊന്നിനുള്ളിൽ പൂർത്തിയാക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും ഇതുണ്ടായില്ല. പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ ആശുപത്രികളിൽ ലഭ്യമാണെങ്കിലും ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുന്ന തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷീരകർഷകർ, കർഷക തൊഴിലാളികൾ എന്നിവരിലേക്ക് ഗുളിക എത്തിക്കുന്നതിൽ വീഴ്ചയുണ്ടായി.
വീടുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണവും ലഘുലേഖ വിതരണവും നടന്നിട്ടില്ലെന്നും ആക്ഷേപമുണ്ട്. കൂരാച്ചുണ്ട് ടൗണിലെ കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ ഭൂമി വെട്ടിമാറ്റുമെന്ന പ്രഖ്യാപനവും ജലരേഖയായി മാറി.
പ്രദേശത്ത് കർശനമായ ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

