കടലുണ്ടി ∙ സഞ്ചാരികൾക്ക് കണ്ടൽക്കാടുകൾക്ക് ഇടയിലൂടെ നടന്നു കാഴ്ചകൾ കണ്ട് ആസ്വദിക്കാൻ കമ്യൂണിറ്റി റിസർവ് ഇക്കോടൂറിസം കേന്ദ്രത്തിൽ നടപ്പാതയും ബോട്ട് ജെട്ടിയും വരുന്നു. നഗരവനം പദ്ധതിയിൽ 80 ലക്ഷം രൂപ ചെലവിട്ടു നടപ്പാക്കുന്ന പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി.
കരാറുകാർ എഗ്രിമെന്റ് വച്ചാൽ ഉടൻ നിർമാണ പ്രവൃത്തി ആരംഭിക്കും. കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനാണു പദ്ധതി നിർവഹണച്ചുമതല.ബാലാതിരുത്തി കീഴയിൽ മണ്ണാൻമാട് ഭാഗത്ത് 100 മീറ്റർ ദൂരത്തിലാണു കണ്ടൽക്കാടുകളിലേക്ക് നടപ്പാത ഒരുക്കുന്നത്.
തോണിയിൽ എത്തുന്ന സഞ്ചാരികൾക്ക് കയറിയിറങ്ങാൻ സൗകര്യമൊരുക്കി കീഴയിൽ ഭാഗത്താണ് ബോട്ട് ജെട്ടി നിർമിക്കുന്നത്.
മരത്തടി ഉപയോഗിച്ചു തികച്ചും പ്രകൃതിദത്ത രീതിയിലാണു നിർമാണം വിഭാവനം ചെയ്തിരിക്കുന്നതെന്നു ഡിഎഫ്ഒ യു.ആഷിഖലി പറഞ്ഞു.കേന്ദ്രാവിഷ്കൃത പദ്ധതിയിൽ രണ്ടു വർഷം മുൻപ് അനുവദിച്ച നഗരവനം പദ്ധതിയിൽ 1.20 കോടിയുടെ എസ്റ്റിമേറ്റ് പ്രകാരമായിരുന്നു പ്രവൃത്തി വിഭാവനം ചെയ്തിരുന്നത്. കണ്ടൽവന സംരക്ഷണം, നടീൽ പ്രവർത്തനങ്ങൾ, പക്ഷിസങ്കേതത്തിനു സമീപം സുരക്ഷാവേലി, ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ കവാടം നവീകരണം എന്നിവയും ലക്ഷ്യമിട്ടിരുന്നു.
കെഎസ്സിസി അധികൃതർ വിശദ പദ്ധതിരേഖ സമർപ്പിച്ച് എസ്റ്റിമേറ്റ് തയാറാക്കി 3 തവണ ടെൻഡർ ചെയ്തെങ്കിലും പ്രവൃത്തി ഏറ്റെടുക്കാൻ ആരും എത്തിയില്ല. പഴയ നിരക്കു പ്രകാരം നിർമാണം ഏറ്റെടുത്താൽ നഷ്ടമുണ്ടാകുമെന്നു കണ്ട് കരാറുകാർ ടെൻഡർ നടപടിയിൽ നിന്നു പിൻവലിഞ്ഞതു പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്നാണു ആദ്യഗഡുവായി അനുവദിച്ചു കിട്ടിയ 84 ലക്ഷം രൂപയിൽ നടീൽ പ്രവർത്തനങ്ങൾക്കു ശേഷം ബാക്കിയുള്ള 80 ലക്ഷം രൂപയുടെ പ്രവൃത്തി നടപ്പാക്കാൻ തീരുമാനിച്ചത്.
നഗരവനം രണ്ടാംഘട്ടം: 34 ലക്ഷത്തിന്റെ പദ്ധതി
കമ്യൂണിറ്റി റിസർവിൽ നഗരവനം പദ്ധതി രണ്ടാംഘട്ട
വികസനത്തിനു 34 ലക്ഷം രൂപയുടെ വിശദ പദ്ധതി തയാറാക്കുന്നു. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ഇന്റർപ്രട്ടേഷൻ സെന്റർ നവീകരണം, പക്ഷി സങ്കേതത്തിനു സമീപം സുരക്ഷാവേലി, ടൂറിസം കേന്ദ്രത്തിന് കവാടം നിർമാണം എന്നിവ ഉൾപ്പെടുത്തിയാണ് രണ്ടാംഘട്ടം.
ആദ്യഘട്ടം പൂർത്തിയാക്കിയാൽ മാത്രമേ രണ്ടാംഘട്ട ഫണ്ട് ലഭ്യമാകൂ.
പദ്ധതി ഒരുക്കി അനുമതികൾ ലഭ്യമാക്കി ഫണ്ട് ലഭ്യമായാലുടൻ രണ്ടാംഘട്ട പ്രവൃത്തി തുടങ്ങാനാണു വനംവകുപ്പ് ലക്ഷ്യമിടുന്നത്.
2000 കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചു
കണ്ടൽ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരവനം പദ്ധതിയിൽ കമ്യൂണിറ്റി റിസർവ് മേഖലയിൽ പുതുതായി 2000 കണ്ടൽച്ചെടികൾ നട്ടു.
വനംവകുപ്പിന്റെ നഴ്സറിയിൽ ഉൽപാദിപ്പിച്ച തൈകളാണ് റിസർവ് പരിധിയിലെ കടലുണ്ടിപ്പുഴയുടെ തീരങ്ങളിൽ നട്ടത്. പദ്ധതിയിൽ ഇനിയും കൂടുതൽ നടീൽ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

