തിരുവേഗപ്പുറ ∙ കൊപ്പം – വളാഞ്ചേരി പാതയില്‍ തൂതപ്പുഴയ്ക്കു കുറുകെയുള്ള തിരുവേഗപ്പുറ പാലത്തിന്റെ ജോയിന്റ് സ്പാനില്‍ വിള്ളല്‍. ഇന്നലെ രാവിലെ നാട്ടുകാരാണു പാലത്തില്‍ വിള്ളല്‍ കണ്ടത്.
തുടര്‍ന്ന് കൊപ്പം പൊലീസിലും പഞ്ചായത്ത് ഓഫിസിലും മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പാലം തകര്‍ച്ചാ ഭീഷണിയിലായതോടെ ഒരു ഭാഗത്തു കൂടിയാണു വാഹനങ്ങൾ കടത്തിവിടുന്നത്.
ഭാരവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടായ പ്രകമ്പനം കാരണമാണു സ്പാനുകള്‍ കേടായത് എന്നാണു നാട്ടുകാര്‍ പറയുന്നത്. വിവരം അറിഞ്ഞു മലപ്പുറം പാലം വിഭാഗം മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ധീരജ്കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.
തിരുവേഗപ്പുറ, ഇരിമ്പിളിയം പഞ്ചായത്ത് അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍ എന്നിവരും ഉദ്യോഗസ്ഥരോടൊപ്പം ഉണ്ടായിരുന്നു.
കാലപ്പഴക്കം മൂലമാണു സ്പാനുകള്‍ കേടായതെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. വിശദമായ പരിശോധനയ്ക്കു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു മരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാലം തകര്‍ച്ചാ ഭീഷണിയെത്തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പ് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. 90 ലക്ഷം രൂപ ചെലവിട്ടായിരുന്നു അറ്റകുറ്റപ്പണി.
പാലത്തിനു മുകളിലെ ടാറിങ് ഇളകിയും കൈവരികളും തൂണും സ്പാനുകളും ബലക്ഷയം സംഭവിച്ചുമാണു തകര്‍ന്നിരുന്നത്.
ചെറിയ തോതില്‍ അറ്റകുറ്റപ്പണിയാണ് അന്നു നടത്തിയത്. എന്നാല്‍, ഇതു സുരക്ഷിതമല്ലെന്നും പാലം പൂര്‍ണമായും അറ്റകുറ്റപ്പണി നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. പാലത്തില്‍ സ്പാന്‍ ജോയിന്റുകള്‍ തകര്‍ച്ചാ ഭീഷണിയിലായതോടെ പാലത്തിലൂടെ ഭാരവാഹനങ്ങൾ കടത്തി വിടുന്നില്ല.
പാലത്തില്‍ കൊപ്പം പൊലീസിന്റെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

