കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. കെട്ടിടത്തിന്റെ ഭൂഗർഭ നിലയിലെ ജീവനക്കാരുടെ ശുചിമുറിയുടെ സീലിങ്ങും ഭിത്തിയുടെ ഭാഗവുമാണ് അടർന്നുവീണത്.
വൻ ദുരന്തം തലനാരിഴയ്ക്കാണ് ഒഴിവായത്. ശുചിമുറിയുടെ വാതിൽ തുറന്ന് അകത്തേക്കു കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം.
വാതിൽ തുറന്ന സമയത്തുതന്നെ കെട്ടിടഭാഗങ്ങൾ പതിച്ചതിനാലാണ് ജീവനക്കാരി പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. ഭിത്തിയിൽ ഉപയോഗിച്ചിരുന്ന ഹോളോബ്രിക്സ് കട്ടകളുടെ ഭാഗങ്ങളാണ് നിലത്തു പതിച്ചത്.
259 കോടി രൂപ കിഫ്ബി ഫണ്ടിൽനിന്നു ചെലവിട്ട് നിർമിച്ച ഈ കെട്ടിടം കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനത്തിനു പിന്നാലെ വിവിധ സംഭവങ്ങളിലായി പലതവണ ഇവിടെ സീലിങ് അടർന്നുവീഴുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
ദിവസങ്ങൾക്കു മുൻപും സമാനമായ രീതിയിൽ ഇവിടെ അപകടമുണ്ടായിരുന്നു. ഇതിനുപുറമെ വിവിധ പൈപ്പുകൾ പൊട്ടി പല നിലകളിലേക്കും വെള്ളം കയറുന്ന സ്ഥിതിയും ഫാൻ ഒടിഞ്ഞുവീണ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിർമാണക്കരാർ പ്രകാരം 5 വർഷത്തെ പരിപാലനച്ചുമതലയും വാറന്റി കാലയളവിലെ തകരാറുകൾ പരിഹരിക്കേണ്ട ഉത്തരവാദിത്തവും കരാറുകാരനാണ്.
എന്നാൽ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടും മുൻപേ കെട്ടിടം ഏറ്റെടുക്കാൻ മെഡിക്കൽ കോളജ് അധികൃതർക്കുമേൽ സമ്മർദമുണ്ടെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. നിർമാണത്തിൽ സിമന്റ് ഉൾപ്പെടെയുള്ളവ ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്നും ആക്ഷേപങ്ങൾ ശക്തമാണ്.
അതേസമയം, എല്ലാ തകരാറുകളും പൂർണ്ണമായി പരിഹരിക്കാതെ കെട്ടിടം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് മെഡിക്കൽ കോളജ് അധികൃതർ നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

