കോട്ടയം ∙ മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ ബ്ലോക്കിൽ അപകടാവസ്ഥയിൽ നിന്ന സൺഷേഡ് ഇടിഞ്ഞു വീണ് അതിഥിത്തൊഴിലാളിക്കു ഗുരുതരപരുക്ക്. ഒഡീഷ സ്വദേശി ഭരത് നായിക്കി (45)നാണ് പരുക്കേറ്റത്.
ജനറൽ മെഡിസിൻ ബ്ലോക്കിനോടു ചേർന്നു പുതുതായി നിർമിക്കുന്ന ശുചിമുറി കെട്ടിടത്തിന്റെ നിർമാണ ജോലിക്കായി എത്തിയതായിരുന്നു ഭരത്. തലയ്ക്കും സുഷുമ്നാ നാഡിക്കും ഗുരുതരമായി പരുക്കേറ്റു.
തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും.
ഇന്നലെ രാവിലെ 10.20നായിരുന്നു സംഭവം.
ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ മെഡിക്കൽ കോളജിലെ വിവിധ പദ്ധതികൾക്ക് ഒപ്പം പുതിയ ശുചിമുറി കെട്ടിടത്തിന്റെയും നിർമാണോദ്ഘാടനം ചെയ്യാൻ തീരുമാനിച്ചിരുന്നതാണ്. 2025 ജൂലൈ മൂന്നിനു ശുചിമുറിക്കെട്ടിടം തകർന്ന് തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ ഡി.ബിന്ദു (52) മരിച്ച പഴയ സർജിക്കൽ ബ്ലോക്കിന് എതിർവശത്താണ് ഇന്നലെ അപകടമുണ്ടായ ജനറൽ മെഡിസിൻ ബ്ലോക്ക്.
മൂന്നു നിലയുള്ള ജനറൽ മെഡിസിൻ ബ്ലോക്കിനോടു ചേർന്നുള്ള ശുചിമുറിക്കെട്ടിടം അപകടാവസ്ഥയിലായതിനാൽ 3 മാസം മുൻപ് പൊളിച്ചു മാറ്റിയിരുന്നു. ഇവിടെ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങി.
ഭരത് ഉൾപ്പെടെ 4 തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നതിനിടെ ജനറൽ മെഡിസിൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഷെയ്ഡിന്റെ ഒരു ഭാഗം അടർന്ന് വീണു.
മറ്റു 3 തൊഴിലാളികളും ഓടി മാറിയെങ്കിലും ഭരതിന്റെ ദേഹത്തേക്ക് ഷെയ്ഡിന്റെ ഭാഗം പതിച്ചു. ആശുപത്രി സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്നാണ് ഭരതിനെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റിയത്.
വലിയ ശബ്ദത്തോടെയാണ് കെട്ടിടത്തിന്റെ ഷെയ്ഡ് നിലംപൊത്തിയത്.1975–78 കാലഘട്ടത്തിൽ നിർമിച്ച ജനറൽ മെഡിസിൻ കെട്ടിടത്തിന്റെ എല്ലാ നിലകളുടെയും ഷെയ്ഡുകൾ ദുർബലാവസ്ഥയിലാണ്. ഈ ബ്ലോക്കിൽ ഇപ്പോൾ ജനറൽ മെഡിസിൻ 2, 6, 9 വാർഡുകൾ പ്രവർത്തിക്കുന്നുണ്ട്.
വലിയ ശബ്ദത്തോടെ ഷെയ്ഡ് വീണതു കേട്ടതോടെ ഈ ബ്ലോക്കിലുള്ള രോഗികളും പരിഭ്രാന്തരായി.
കഴിഞ്ഞ വർഷം അപകടം മൂന്നു തവണ
∙2025 സെപ്റ്റംബർ 18. മെഡിസിൻ ബ്ലോക്ക് മൂന്നാം വാർഡ് വരാന്തയിൽ കിടന്നുറങ്ങിയിരുന്ന സ്ത്രീയുടെ ദേഹത്തേക്കു മേൽത്തട്ടിലെ സിമന്റ് പാളി വീണു.
∙സെപ്റ്റംബർ 31. മെഡിസിൻ ബ്ലോക്കിലെ ന്യൂറോ സർജറി വിഭാഗത്തിനു സമീപമുള്ള പടിക്കെട്ടിന്റെ മുകളിലെ സിമന്റ് പാളി അടർന്നു വീണ് പത്തനംതിട്ട
സ്വദേശിക്ക് പരുക്ക്. ∙ഡിസംബർ 23.
ഒപി ബ്ലോക്കിലുള്ള ഇഎൻടി 18–ാം വാർഡിലെ ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. രോഗികളെ മാറ്റി.
കെട്ടിടം തകർന്ന് വീണ് മരണം നടന്നിട്ട് 6 മാസം
കോട്ടയം മെഡിക്കൽ കോളജിലെ പഴയ സർജിക്കൽ ബ്ലോക്കിലെ ശുചിമുറി കെട്ടിടം ഇടിഞ്ഞു വീണ് തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ ഡി.ബിന്ദു (52) മരിച്ചത് 6 മാസം മുൻപാണ്.
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത മകൾക്ക് കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു ബിന്ദു. ശുചിമുറിക്കുള്ളിൽ കയറിയ സമയത്ത് രാവിലെ 10.45നു കെട്ടിടം തകർന്നു വീഴുകയായിരുന്നു.
ആദ്യം കെട്ടിടത്തിനുള്ളിൽ ആരും ഇല്ലായിരുന്നു എന്നാണ് മന്ത്രിമാർ അടക്കമുള്ളവർ പ്രതികരിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബിന്ദുവിനെ കണ്ടെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും മേഖലാതല അവലോകന യോഗത്തിന് കോട്ടയത്ത് എത്തിയ ദിവസമായിരുന്നു അപകടം.
ജനറൽ മെഡിസിൻ ബ്ലോക്ക് കെട്ടിടം ബലവത്തെന്ന് പൊതുമരാമത്ത് വകുപ്പ് !
കോട്ടയം ∙ ഇന്നലെ ഷേഡ് ഇടിഞ്ഞു വീണ ജനറൽ മെഡിസിൻ ബ്ലോക്ക് കെട്ടിടം ബലവത്തെന്നു പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.
കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ബല പരിശോധനയിലും കെട്ടിടം ബലവത്താണെന്ന് കണ്ടെത്തിയെന്നും പൊതുമരാമത്ത് വകുപ്പ് പറയുന്നു. ഇതിനോട് ചേർന്നുള്ള ശുചിമുറി കെട്ടിടം അപകടാവസ്ഥയിലായിരുന്നു.
അതുകൊണ്ട് പൊളിച്ചു നീക്കി. മൂന്നു നിലകളുള്ള ജനറൽ മെഡിസിൻ ബ്ലോക്കിന്റെ ഓരോ നിലകളിൽ നിന്നും ശുചിമുറിയിലേക്കു കയറാവുന്ന രീതിയിലാണ് പഴയ ശുചിമുറി കെട്ടിടം ഉണ്ടായിരുന്നത്.
ശുചിമുറിക്കെട്ടിടം പൊളിച്ചു നീക്കിയെങ്കിലും പ്രധാന കെട്ടിടത്തിന്റെ ഭാഗമായി പൊളിക്കാതെ നിർത്തിയിരുന്ന ഷേഡാണ് ഇന്നലെ പൊളിഞ്ഞ് വീണത്. ഈ ഭാഗത്തേക്ക് പൊതുജനങ്ങൾ എത്താതിരിക്കാൻ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
പഴയ സർജിക്കൽ ബ്ലോക്കുണ്ട്; തലയിൽ വീഴാതെ നോക്കണേ!!
കോട്ടയം ∙ തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തെ തുടർന്ന് വേഗത്തിൽ പൊളിച്ചു നീക്കാൻ തീരുമാനം എടുത്ത പഴയ സർജിക്കൽ ബ്ലോക്ക് ഇപ്പോഴും പൊളിക്കാതെ നിൽക്കുന്നു. ഇതിന് എതിർവശത്താണ് ഇന്നലെ അപകടമുണ്ടായ ജനറൽ മെഡിസിൻ ബ്ലോക്ക്.
അന്നത്തെ അപകടത്തെ തുടർന്ന് പഴയ സർജിക്കൽ ബ്ലോക്കിൽ നിന്ന് പണി തീർന്നു കിടന്ന പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് രോഗികളെ മാറ്റിയിരുന്നു. സർജിക്കൽ ബ്ലോക്ക് പൊളിക്കാൻ ടെൻഡർ ക്ഷണിച്ചിരുന്നു.
എന്നാൽ തുടർ നടപടികൾ ഉണ്ടായില്ല. ഒപി, അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ കൊണ്ടുപോകുന്നത് ഇപ്പോഴും ഈ കെട്ടിടത്തിനുള്ളിൽക്കൂടിയുള്ള വഴിയിലൂടെയാണ്.
ഇതിനു ബദൽ സംവിധാനം കണ്ടെത്തിയിട്ടില്ല. ജീവനക്കാരുടെ കോഓപ്പറേറ്റീവ് സ്റ്റോർ ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ആശുപത്രി വളപ്പിൽ നിന്ന് പുറത്തേക്കുള്ള വാഹനങ്ങൾ മെയിൻ ഗേറ്റിന് സമീപത്തുള്ള പടിക്കെട്ടുകൾക്ക് തൊട്ട് മുൻപ് വച്ച് വഴിതിരിച്ച് അപകടാവസ്ഥയിലായ സർജിക്കൽ ബ്ലോക്കിനോടു ചേർന്നാണ് കടത്തി വിടുന്നതും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

