ചമ്പക്കര ∙ റോഡരികിലെ 15 അടി താഴ്ചയുള്ള തോട്ടിലേക്കു കാർ മറിഞ്ഞ് കർണാടക സ്വദേശി മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു നാലു പേർക്കു പരുക്കേറ്റു. മംഗളൂരുസ്വദേശി മുഹമ്മദ് ഷെമി (28) ആണു മരിച്ചത്.
പരുക്കേറ്റവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. മംഗളൂരു സ്വദേശികളായ ഇവരെല്ലാം കൊച്ചിയിലെ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ജീവനക്കാരാണ്.ഇന്നലെ വൈകിട്ട് 3.45നു കോട്ടയം– കോഴഞ്ചേരി റോഡിൽ ചമ്പക്കര ആശ്രമം പടിയിലായിരുന്നു അപകടം.
അടൂരിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. റോഡിൽ നിന്നു തെന്നി നീങ്ങിയ വാഹനം നേരിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു.
ചെറിയ വളവുള്ള ഈ ഭാഗത്ത് റോഡിന് സുരക്ഷാവേലിയില്ല.
മുൻവശത്ത് ഡ്രൈവറുടെ സമീപം ഇരുന്ന ഷെമി കാറിൽ കുടുങ്ങിപ്പോയി. ചില്ല് പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. ഷെമിയെ പുറത്തെടുക്കാൻ 20 മിനിറ്റോളം സമയമെടുത്തു.
ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഷെമിയുടെ മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. കറുകച്ചാൽ പൊലീസും പാമ്പാടിയിൽ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി.
അതേ സ്ഥലം, അതേ അപകടം, ഒരുവർഷം മുൻപ്
ചമ്പക്കര ∙ താൻ അപകടത്തിൽപ്പെട്ട
അതേ സ്ഥലത്ത് അപകട വാർഷികത്തിന്റെ തലേന്ന് ഒരു ജീവൻ പൊലിഞ്ഞതിന്റെ ഞെട്ടലിലാണു കൂത്രപ്പള്ളി സ്വദേശി ജോർജ് ഇലവുംമൂട്.
കഴിഞ്ഞ വർഷം ജനുവരി 28ന് പുലർച്ചെ 4നാണ് ജോർജും മകൾ ജ്യോതിസും മരുമകൻ ജെബിനും അപകടത്തിൽപെട്ടത്. ജോർജിന്റെ ഭാര്യ ആലീസിനനെയും ഇളയ മകൾ ജാസ്മിനെയും വിയന്നയിലേക്കു യാത്ര അയച്ച ശേഷം തിരികെ കൂത്രപ്പള്ളിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആ അപകടം.എതിരെ വന്ന വാഹനത്തിന്റെ ഹൈ ബീം ലൈറ്റ് മൂലം വാഹനം ഓടിച്ച ജെബിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട
കാരണം.
ഇന്നലെ അപകടം നടന്ന തോട്ടിലേക്ക് തലകീഴായി കാർ മറിഞ്ഞു. കാര്യമായ പരുക്കുകളില്ലാതെ മൂവരും രക്ഷപ്പെട്ടതായി ജോർജ് പറയുന്നു. അന്ന് തോട്ടിൽ നിറയെ കാട് വളർന്നു നിൽക്കുകയായിരുന്നു.
ഒരു വിധത്തിലാണ് മുകളിലേക്കു കയറിയത്. അടുത്തിടെ വരെ ഈ പ്രദേശത്ത് നാട്ടുകാർ റിബൺ കെട്ടി അടയാളം വച്ചിരുന്നു.
ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കുമെന്ന അധികൃതരുടെ ഉറപ്പ് വാഗ്ദാനത്തിൽ ഒതുങ്ങി.
2 വർഷത്തിനിടെ വീണത് 6 വാഹനങ്ങൾ
രണ്ട് വർഷത്തിനിടെ ഇതേ സ്ഥലത്ത് 6 വാഹനങ്ങൾ വീണിട്ടുണ്ടെന്നു അപകട സ്ഥലത്തിനു സമീപം താമസിക്കുന്ന ആശ്രമംപടി കക്കാട്ട്പടവിൽ ആന്റണി ജോസഫ് പറയുന്നു.
3 ഓട്ടോ, 2 കാർ, ഒരു ബൈക്ക് എന്നിവയാണ് തോട്ടിൽ വീണത്. എന്നാൽ അപകടത്തിൽ മരണം ഇത് ആദ്യമാണ്.15 അടിയോളം താഴ്ചയുള്ള തോട്ടിലേക്കാണു വാഹനങ്ങൾ മറിയുന്നത്.
തോടിന്റെ വശത്ത് ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടില്ല. തോടിന്റെ ഭാഗത്തേക്കു റോഡിന് ചെരിവുമുണ്ട്.
ഇവിടെ അപകട മേഖല എന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡ് പരിചയമില്ലാത്തവർക്ക് വശത്ത് നല്ല താഴ്ചയിൽ റോഡിനോട് ചേർന്ന് ഒരു തോട് ഒഴുകുന്നു എന്ന് മനസ്സിലാകില്ല.
വളവും തിരിവുമുള്ള റോഡിൽ അമിത വേഗവും അപകട കാരണമാകുന്നു.
ഓടിയെത്തി അഖിൽ
∙ ഇന്നലെ അപകടം നടന്ന സ്ഥലത്തിന്റെ നേരെ എതിർവശത്തെ ചമ്പക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ അഖിൽ വർഗീസാണ് അപകട
സ്ഥലത്തേക്ക് ആദ്യമെത്തിയത്. വലിയ ശബ്ദത്തോടെ കാർ തോട്ടിലേക്ക് വീഴുകയായിരുന്നെന്ന് അഖിൽ പറയുന്നു. തോട്ടിലേക്ക് വീണ കാറിന്റെ ബംപർ തെറിച്ച് പോയി.
എയർബാഗുകൾ തുറന്നില്ലെന്നും അഖിൽ പറയുന്നു. ഡ്രൈവർ സീറ്റിന്റെ അരികിൽ മുൻവശത്ത് തന്നെയാണ് അപകടത്തിൽ മരിച്ച മുഹമ്മദ് ഷെമി ഇരുന്നത്.
ഓടിയെത്തിയ സമയത്ത് ഷെമിക്ക് ബോധമുണ്ടായിരുന്നില്ല. ഡ്രൈവറുടെ വശത്തെ വാതിലിന്റെ ചില്ല് തകർത്താണ് ഷെമിയെ 20 മിനിറ്റിനു ശേഷം പുറത്തെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

