കോട്ടയം ചെങ്ങവം പട്ടറയിൽ വീട്ടിൽ താമസിക്കുന്ന അബി താലിബ് എന്ന യുവാവ് സാങ്കേതിക ലോകത്ത് ശ്രദ്ധേയനാകുന്നു. തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ റോബോട്ടിക്സ് രംഗത്ത് സ്വന്തമായി കമ്പനി സ്ഥാപിച്ചാണ് അബി നേട്ടങ്ങൾ കൊയ്യുന്നത്.
സെന്റ് ഗിറ്റ്സ് കോളജിൽ നിന്ന് റോബട്ടിക്സ് ആൻഡ് ഓട്ടമേഷനിൽ ബിടെക് ബിരുദം നേടിയ ശേഷം തയ്വാനിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ അബി, പിന്നീട് അബുദാബിയിലെ പ്രമുഖ ഡിഫൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. ആ പദവി ഉപേക്ഷിച്ചാണ് അദ്ദേഹം തിരുനക്കരയിൽ തന്റെ സ്വപ്ന സംരംഭമായ ‘എടി ബോട്സ്’ (AT Bots) ആരംഭിച്ചത്.
മനുഷ്യരെപ്പോലെ പെരുമാറാനും സംസാരിക്കാനും ശേഷിയുള്ള നിർമ്മിത ബുദ്ധി (AI) റോബട്ടുകളാണ് ഈ സ്റ്റാർട്ടപ്പിന്റെ പ്രത്യേകത. ഗൂഗിളും നിക്ഷേപ സ്ഥാപനമായ ക്യാംപസ് ഫണ്ടും സംയുക്തമായി സംഘടിപ്പിച്ച ‘ഫ്യൂച്ചർ എക്സ്’ എന്ന നിക്ഷേപക പരിപാടിയിൽ പങ്കെടുത്ത അബിക്ക് 25,000 ഡോളറിന്റെ ക്രെഡിറ്റ് ലഭിച്ചു.
ഈ തുക ഉപയോഗിച്ചാണ് നിലവിൽ ഗവേഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കൂടാതെ, ഗൂഗിളിന്റെ എഐ സംരംഭങ്ങളുടെ ഭാഗമായി അബിയുടെ കമ്പനിയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുവഴി ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെയും എൻജിനീയർമാരുടെയും സേവനം ലഭ്യമാകും. ഇന്ത്യയിൽ ഗൂഗിളിന്റെ പിന്തുണയുള്ള മുൻനിര എഐ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് തന്റെ കമ്പനിയെന്ന് അബി സാക്ഷ്യപ്പെടുത്തുന്നു.
കമ്പനി തുടങ്ങി ആറു മാസത്തിനുള്ളിൽ രണ്ട് റോബട്ടുകൾ വിപണിയിലെത്തിക്കാൻ അബിക്ക് സാധിച്ചു. വിദ്യാലയങ്ങളിലും കോളജുകളിലും അധ്യാപകർക്ക് പകരമായി ക്ലാസുകൾ എടുക്കാനും, വിവിധ പരിപാടികൾ നിയന്ത്രിക്കാനും, റിസപ്ഷൻ ഡെസ്കുകളിൽ മുഖങ്ങൾ തിരിച്ചറിഞ്ഞ് സേവനം നൽകാനും ഈ റോബട്ടുകൾക്ക് കഴിയും.
യുവതലമുറയോടായി അബി പങ്കുവെക്കുന്ന നിർദ്ദേശം ഇപ്രകാരമാണ്: “നമ്മൾ പഠിക്കുന്ന മേഖലയിൽ രാജ്യത്തിന് പുറത്തുള്ള ഗവേഷകരായും സ്ഥാപനങ്ങളുമായും ബന്ധപ്പെടാൻ ശ്രമിക്കണം. മെയിലുകൾ അയയ്ക്കുന്നതിന് ഒരു മടിയും വേണ്ട.
100 മെയിൽ അയയ്ക്കുമ്പോൾ 3–4 പ്രതികരണങ്ങൾ വരും. ഇന്റേൺഷിപ്പിന് വരട്ടെയെന്ന് അങ്ങോട്ട് ചോദിക്കുക.
ചില ഇന്റേൺഷിപ്പുകൾക്ക് പണം ഇങ്ങോട്ട് കിട്ടും. എന്നാൽ അവിടത്തെ രീതികൾ, ടെക്നോളജികൾ ഇവ നമ്മുടെ അറിവിനെയും ആത്മവിശ്വാസത്തെയും മറ്റൊരു തലത്തിലേക്ക് മാറ്റിക്കളയും”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

