കോട്ടയം ∙ ആശുപത്രിക്കുള്ളിൽ ഓടിക്കുന്ന ബഗ്ഗി കാർ ഇടിച്ചു പരുക്കേറ്റ രോഗിയുടെ വലതുകാൽപാദം മുറിച്ചു മാറ്റേണ്ട സ്ഥിതിയിൽ.
മോട്ടർ വാഹന വകുപ്പിന്റെ ലൈസൻസ് ആവശ്യമില്ലാത്ത വാഹനമാണ് ഇലക്ട്രിക് ബഗ്ഗി കാർ എന്നതിനാൽ അപകടത്തിൽപെട്ടയാൾക്ക് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല. ഓട്ടോ ഡ്രൈവർ ഏറ്റുമാനൂർ വള്ളിക്കാട് മഴുവനാകുന്നേൽ പി.കെ.പ്രകാശിനാണ് (63) ഈ ദൗർഭാഗ്യം.
കഴിഞ്ഞ ഫെബ്രുവരി 3നു കോട്ടയം ജനറൽ ആശുപത്രി വളപ്പിലായിരുന്നു അപകടം. പ്രമേഹത്തെത്തുടർന്നു രക്തപരിശോധനയ്ക്കെത്തിയതായിരുന്നു പ്രകാശ്.
ആശുപത്രിക്കുള്ളിൽ രോഗികളെ വാർഡിലേക്കും മറ്റും കൊണ്ടുപോകുന്നതിനും സ്റ്റോറിൽനിന്നു മരുന്നുകൾ വാർഡുകളിൽ എത്തിക്കുന്നതിനുമാണു ബഗ്ഗി കാർ ഉപയോഗിക്കുന്നത്.
ലബോറട്ടറി കെട്ടിടത്തിനു മുന്നിൽ വാഹനമിടിച്ചതോടെ വീണുപോയ പ്രകാശിനെ അത്യാഹിതവിഭാഗത്തിലാക്കി. വലതുകാലിന്റെ ഉപ്പൂറ്റിക്കു മുകളിലുള്ളഭാഗമാണ് ഒടിഞ്ഞത്.
കമ്പി ഇട്ടെങ്കിലും ഒടിഞ്ഞു മാറിയ ഭാഗം കൂടിച്ചേർന്നില്ല. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രകാശിന്റെ കാലിനു നാളെ ശസ്ത്രക്രിയ നിർദേശിച്ചിരിക്കയാണ്.
ശസ്ത്രക്രിയ വിജയിച്ചില്ലെങ്കിൽ കാൽപാദം മുറിച്ചു മാറ്റേണ്ടി വരുമെന്നു ഡോക്ടർമാർ അറിയിച്ചിരിക്കുകയാണ്. ഇടതുകാലും ഒടിഞ്ഞെങ്കിലും ചികിത്സയിലൂടെ ഭാഗികമായി നേരെയായി.
ആശുപത്രിയിൽ പ്രകാശനെ പരിചരിക്കുന്നതിനിടെ ഭാര്യ സുജാദേവിക്ക് (57) ഹൃദയാഘാതമുണ്ടായതു മറ്റൊരു പ്രഹരമായി. ഇവരുടെ മൂത്തമകൻ പ്രേംരാജിനു 3 വർഷം മുൻപ് കെട്ടിടംപണിക്കിടെ വീണ് നട്ടെല്ലിനു സാരമായി പരുക്കേറ്റിരുന്നു.
ഇല്ലിക്കലിൽ വാടകയ്ക്കു താമസിക്കുന്ന പ്രകാശ് ഓട്ടോറിക്ഷ വാടകയ്ക്കെടുത്താണ് ഓടിച്ചിരുന്നത്. ചികിത്സച്ചെലവ് ജനറൽ ആശുപത്രിയിലെ ഡോക്ടർമാരും മറ്റും ചേർന്നാണു വഹിക്കുന്നത്.
കോട്ടയം ചന്തക്കവലയിലെ ഓട്ടോഡ്രൈവർമാരുടെ കൂട്ടായ്മയും സാമ്പത്തിക സഹായം നൽകുന്നുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലെ ചെലവ് പ്രകാശ് സ്വയം വഹിക്കേണ്ട സ്ഥിതിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

