കടുത്തുരുത്തി വെള്ളൂർ കെപിപിഎൽ വക ഭൂമിയിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്ത്. വെള്ളൂരിൽ എയിംസ് ആരംഭിക്കുന്നതിനുള്ള എല്ലാവിധ ഭൗതികസാഹചര്യങ്ങളും ലഭ്യമാണെന്നും, മധ്യകേരളത്തിൽ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം ഇതാണെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.
വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള കെപിപിഎല്ലിന് സ്വന്തമായി 700 ഏക്കർ ഭൂമിയുണ്ട്. ഇതിൽ നിന്നും 200 ഏക്കർ സ്ഥലം എയിംസിനായി ഏറ്റെടുക്കുന്നതിൽ തടസ്സങ്ങളൊന്നുമില്ല.
ഇക്കാര്യം മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും ഔദ്യോഗികമായി ധരിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളുടെ മധ്യഭാഗത്തായാണ് ഈ ഭൂമി സ്ഥിതി ചെയ്യുന്നത്.
മറ്റു ജില്ലകളിൽ എയിംസ് സ്ഥാപിക്കുകയാണെങ്കിൽ സർക്കാർ വലിയ തുക നൽകി ഭൂമി ഏറ്റെടുക്കേണ്ടി വരികയും, ഒട്ടനവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരികയും ചെയ്യും. എന്നാൽ വെള്ളൂരിൽ യാതൊരുവിധ സാമ്പത്തിക ബാധ്യതകളുമില്ലാതെയും കുടിയൊഴിപ്പിക്കലുകൾ ഇല്ലാതെയും 200 ഏക്കർ സ്ഥലം ലഭ്യമാക്കാൻ സാധിക്കും.
നെടുമ്പാശേരി വിമാനത്താവളം, വെള്ളൂർ റെയിൽവേ സ്റ്റേഷൻ, വൈക്കം ബോട്ടുജെട്ടി എന്നിവയെല്ലാം ഈ ഭൂമിക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. കേരളം എയിംസിനായി നിർദ്ദേശിച്ചിട്ടുള്ള പത്ത് സ്ഥലങ്ങളിൽ വെള്ളൂരും ഉൾപ്പെടുന്നു.
സർക്കാർ കണ്ടെത്തിയ ഈ സ്ഥലങ്ങളുടെ പട്ടിക പരിശോധനയ്ക്കായി കേന്ദ്ര സർക്കാരിനും ആരോഗ്യ മന്ത്രാലയത്തിനും കൈമാറും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രി കെ.
അനൂപ്, എം.പി ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ കെ. ബിനുമോൻ, നാട്ടകം സുരേഷ്, രമേഷ് പിഷാരടി എന്നിവരുമായി ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഇവർക്കെല്ലാം വെള്ളൂരിൽ എയിംസ് വരണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ കേരളത്തിന് അനുവദിച്ച എയിംസ് സ്ഥാപിക്കുന്നതിന് മുൻ സർക്കാർ സ്ഥലം കണ്ടെത്തി നൽകാൻ തയ്യാറായിരുന്നില്ല. ഇത് കാരണം എയിംസ് നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എയിംസ് വെള്ളൂരിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഒപ്പുശേഖരണങ്ങളും യോഗങ്ങളും നടന്നെങ്കിലും അന്ന് കെപിപിഎൽ വക സ്ഥലം എയിംസിനായി വിട്ടുനൽകേണ്ടതില്ല എന്ന നിലപാടായിരുന്നു സ്വീകരിക്കപ്പെട്ടിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

