കോട്ടയം ∙ജില്ലയിലെ 6 നഗരസഭകളിൽ നാലെണ്ണത്തിൽ യുഡിഎഫ് ഭരണം ഉറപ്പാക്കി. ഏറ്റവും ശ്രദ്ധേയമായ തിരിച്ചുവരവ് നടന്നത് കോട്ടയത്താണ്.
കഴിഞ്ഞതവണ യുഡിഎഫിനൊപ്പം നിന്ന് പിന്നീട് എൽഡിഎഫ് അവിശ്വാസത്തിലൂടെ പിടിച്ചെടുത്ത ചങ്ങനാശേരിയിലും ഇത്തവണ യുഡിഎഫിനു നേട്ടമുണ്ടാക്കാനായെങ്കിലും ഭരണം പിടിക്കാനായില്ല. എൽഡിഎഫ് ഭരിച്ചിരുന്ന പാലായിലും യുഡിഎഫ് തിരിച്ചുവരവ് നടത്തി.
ഇവിടെ കേരള കോൺഗ്രസ് (എം) തൽസ്ഥിതി നിലനിർത്തി.
കൈപിടിച്ച് കോട്ടയം
കഴിഞ്ഞതവണ കേവല ഭൂരിപക്ഷമില്ലാതെ ഭരണം നടത്തി കാലാവധി പൂർത്തിയാക്കിയ കോട്ടയം നഗരസഭയിൽ ഇത്തവണ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം നേടാനായി. യുഡിഎഫ് വിമതയായി അന്നു മത്സരിച്ചു ജയിച്ച ബിൻസി സെബാസ്റ്റ്യൻ ഒടുവിൽ യുഡിഎഫ് പിന്തുണയോടെ അധ്യക്ഷയായാണ് ഭരിച്ചത്.
ഇത്തവണ ബിൻസി കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു.
ആകെ 53 ഡിവിഷനുകളിൽ യുഡിഎഫ് 31 ഇടത്ത് വിജയിച്ചു. കോൺഗ്രസ് 29, കേരള കോൺഗ്രസ് -1, ലീഗ് -1 എന്നിങ്ങനെയാണ് കക്ഷിനില.
കോൺഗ്രസ് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി പഴയ പ്രതാപത്തിലേക്കു തിരിച്ചു വന്നു. ലതികാ സുഭാഷ് ഉൾപ്പെടെയുള്ള എൽഡിഎഫ് സംസ്ഥാന നേതാക്കൾ ഇവിടെ പരാജയപ്പെട്ടു.
മാവിളങ്ങ് വാർഡിൽ സിപിഎമ്മിന്റെ കോട്ടയം ഏരിയ സെക്രട്ടറിയുടെ ഭാര്യ ജലജാ മണി മൂന്നാം സ്ഥാനത്തായി. സിപിഎം ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി എൻ.കെ.പ്രഭാകരനും പരാജയം രുചിച്ചു.നിലവിലെ കൗൺസിൽ അംഗങ്ങളായ മൂന്നു പേരുടെ പട്ടികയാണ് കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്.
കുമാരനല്ലൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റും ഐഎൻടിയുസിയിലൂടെ പൊതുരംഗത്ത് എത്തി നഗരസഭയിൽ പലതവണ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിട്ടുള്ളയാളുമായ ടി.സി.
റോയി, ഡിസിസി ജനറൽ സെക്രട്ടറിയും നഗരസഭ മുൻ അധ്യക്ഷനുമായ എം.പി. സന്തോഷ് കുമാർ, യൂത്ത് കോൺഗ്രസ് നേതാവും കെസിസി പ്രതിനിധിയുമായിരുന്ന ടോം കോര അഞ്ചേരിൽ എന്നിവരുടെ പേരുകളാണ് ചിത്രത്തിലുള്ളത്.
ഏറ്റുമാനൂരിൽ സിപിഎം പിന്നിൽ
മന്ത്രി വി.എൻ.
വാസവന്റെ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട ഏറ്റുമാനൂർ നഗരസഭയിൽ കോൺഗ്രസിനു തിളക്കമാർന്ന വിജയം.
ഇവിടെ സിപിഎം ബിജെപിക്കും പിന്നിൽപോയി. യുഡിഎഫ് ടിക്കറ്റിൽ 26 പേർ വിജയിച്ചു.
ഇതിൽ കോൺഗ്രസിന്റെ 16 പേരുണ്ട്. സിപിഎമ്മിന്റെ നാലുപേർ മാത്രമാണ് വിജയിച്ചത്.
ഒരു സ്വതന്ത്രനടക്കം ബിജെപി ഏഴു വാർഡ് നേടി.
പാലായിൽ രണ്ടും തുല്യം
എൽഡിഎഫിന് ഭരണം ഉണ്ടായിരുന്ന പാലാ നഗരസഭയിൽ ഇപ്പോൾ അവർക്ക് കേവലഭൂരിപക്ഷം നഷ്ടമായി. 26 ഡിവിഷനുകളിൽ 12 എണ്ണം മാത്രം നേടാനായി.
അടവുനയത്തിന്റെ ഭാഗമായി സിപിഎം സ്ഥാനാർഥികൾ ഉൾപ്പെടെ പാർട്ടി ചിഹ്നം ഒഴിവാക്കിയാണ് മത്സരിച്ചത്. 10 പേരെ ജയിപ്പിച്ച് കേരള കോൺഗ്രസ്(എം) ഇവിടെ മുൻ നില നിലനിർത്തി.
പുളിക്കക്കണ്ടത്തിൽ കുടുംബത്തിലെ മൂന്നു പേരും സ്വതന്ത്രരായി മത്സരിച്ചു ജയിച്ചു. യുഡിഎഫിന്റെ 10 സ്ഥാനാർഥികളും രണ്ടു വിമതരും ജയിച്ചു.
ഭരണം ആർക്കെന്ന് സ്വതന്ത്രർ തീരുമാനിക്കും.
വൈക്കം പിടിച്ച് യുഡിഎഫ്
കേവലഭൂരിപക്ഷമില്ലാതെ കോൺഗ്രസ് ഭരിക്കുകയായിരുന്ന വൈക്കം നഗരസഭയിൽ ഇത്തവണ 13 വാർഡുകൾ കോൺഗ്രസ് നേടിയിട്ടുണ്ട്. 27 വാർഡുകളാണ് ആകെയുള്ളത്.
സിപിഎം അഞ്ചും സിപിഐ നാലും സീറ്റുകൾ നേടി. ബിജെപി മൂന്നിടത്ത് വിജയിച്ചു.
അവിടെ ബിജെപി വിമതനും സിപിഎം വിമതയും കൂടി ജയിച്ചിട്ടുണ്ട്. യുഡിഎഫ് ഇവിടെ അധികാരത്തിലേക്ക് എത്താനുള്ള നടപടികൾ ആരംഭിച്ചു.
ചങ്ങനാശേരിയിൽ സ്വതന്ത്രർ തീരുമാനിക്കും
അവിശ്വാസത്തിലൂടെ എൽഡിഎഫിനൊപ്പമായ ചങ്ങനാശേരി നഗരസഭയിൽ ഇത്തവണ യുഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും ഭരണം ആർക്കെന്നത് അനിശ്ചിതത്വത്തിലാണ്.
ഏഴു സ്വതന്ത്രർ വിജയിച്ചിട്ടുണ്ട്. ഇവരിൽ മൂന്നു പേർ കോൺഗ്രസ് വിമതരാണ്.
37 വാർഡുകളുള്ള നഗരസഭയിൽ യുഡിഎഫ് 13 എണ്ണം നേടി. കോൺഗ്രസ്-11, കേരള കോൺഗ്രസ്-2.
എൽഡിഎഫ് 9 വാർഡുകളിൽ ജയിച്ചു. ഇത്തവണ ബിജെപിക്ക് ഇവിടെ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു.
എട്ടു വാർഡുകൾ നേടി. കഴിഞ്ഞതവണ മൂന്നെണ്ണത്തിൽ മാത്രമാണ് ജയിച്ചിരുന്നത്.
ആരു ഭരിക്കണമെന്നത് ഇത്തവണ സ്വതന്ത്രർ തീരുമാനിക്കും.
ലീഗിന്റെ പച്ചയിൽ ഈരാറ്റുപേട്ട
യുഡിഎഫ് ഭരിച്ചിരുന്ന ഈരാറ്റുപേട്ട
നഗരസഭ ഇത്തവണയും നിലനിർത്താനായി. മുസ്ലിം ലീഗ് -9 , കോൺഗ്രസ് -5, വെൽഫെയർ പാർട്ടി-2.
ആകെ 29 സീറ്റുകളാണുള്ളത്. കോട്ടയത്ത് ലീഗിന് ആധിപത്യമുള്ള ഏക നഗരസഭയും ഇതാണ്.
അവിടെ എൽഡിഎഫ് പത്ത് വാർഡുകൾ നേടി. എസ്ഡിപിഐ ഇവിടെ മൂന്ന് ഡിവിഷനുകളിൽ വിജയിച്ചു.
ജില്ലയിൽ എസ്ഡിപിഐക്ക് പ്രാതിനിധ്യമുള്ള ഏക നഗരസഭയും ഇതാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

