കൊല്ലം ∙ ഇടതു കോട്ടകൾ കടപുഴക്കി ജില്ലയിൽ യുഡിഎഫ് തേരോട്ടം. കോർപറേഷനിൽ ഭരണം പിടിച്ചും മറ്റിടങ്ങളിൽ വൻ മുന്നേറ്റം നടത്തിയും കോൺഗ്രസും ഘടകകക്ഷികളും ചരിത്രമെഴുതിയപ്പോൾ ജില്ലയിൽ മുന്നണി കേന്ദ്രങ്ങളിൽ ആവേശം അണപൊട്ടി.
സിപിഎമ്മിനും എൽഡിഎഫിനും കനത്ത നിരാശ; അവർക്ക് ഇനി കണക്കെടുപ്പിന്റെ കാലം.
കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിനു വൻ നേട്ടം സമ്മാനിച്ച കൊല്ലം ഇക്കുറി യുഡിഎഫിനൊപ്പം നിന്നു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണെങ്കിലും വോട്ടു വിഹിതത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും യുഡിഎഫിനൊപ്പം തന്നെ.
കൊല്ലം കോർപറേഷനിൽ കാൽ നൂറ്റാണ്ടിനു ശേഷം ഭരണം പിടിച്ചതാണു യുഡിഎഫ് നേട്ടത്തിനു തിളക്കമേറ്റുന്നത്. കേവല ഭൂരിപക്ഷമായ 29 ലേക്ക് എത്താനായില്ലെങ്കിലും 27 സീറ്റുകളോടെ മുന്നിലെത്തി.
കഴിഞ്ഞ തവണ 38 സീറ്റുകൾ ഉണ്ടായിരുന്ന എൽഡിഎഫ് ഇക്കുറി 16 ലേക്കു കൂപ്പുകുത്തി.
നഗരസഭാക്കാലം അടക്കം 3 പതിറ്റാണ്ടായി ഭരണം തുടരുന്ന കൊല്ലം നഗരത്തിൽ കോർപറേഷൻ ഭരണം വലിയ മാർജിനിൽ നഷ്ടപ്പെട്ടത് എൽഡിഎഫിനു വൻതിരിച്ചടിയായി. ഭരണം കിട്ടിയാൽ മേയർ സ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന 3 പേരും തോറ്റു.
ഒരാൾ ബിജെപിക്കും പിന്നിൽ മൂന്നാമതായതു വൻ ക്ഷീണമായി.
ജില്ലാ പഞ്ചായത്തിൽ ഞെട്ടിച്ച് യുഡിഎഫ്
ജില്ലാ പഞ്ചായത്തിൽ 10 സീറ്റിലെ യുഡിഎഫ് വിജയം അക്ഷരാർഥത്തിൽ എൽഡിഎഫിനെ ഞെട്ടിച്ചു. 2020ൽ 26 അംഗ സഭയിൽ 23 സീറ്റുകളുമായാണ് എൽഡിഎഫ് ജയിച്ചത്.
ഇത്തവണ 17 സീറ്റുകളിലേക്ക് ഒതുങ്ങി. യുഡിഎഫിന് 3ൽ നിന്ന് 10 ലേക്ക് കയറാനായി.
കോൺഗ്രസിന് കഴിഞ്ഞ തവണ ലഭിച്ച 2 സീറ്റിൽ നിന്ന് 9 സീറ്റിലേക്ക് ഉയരാൻ കഴിഞ്ഞു.
യുഡിഎഫിന്റെ ഭാഗമായ ആർഎസ്പി തങ്ങളുടെ ചവറ സീറ്റ് നിലനിർത്തി. എന്നാൽ 2020ൽ 14 സീറ്റുകൾ നേടിയ സിപിഎം 11ലേക്ക് ഒതുങ്ങി. കഴിഞ്ഞ തവണ സിപിഐ 9 സീറ്റുകൾ നേടിയെങ്കിൽ ഇത്തവണ 6 സീറ്റുകൾ മാത്രമായി.
കല്ലുവാതുക്കൽ, പെരിനാട് എന്നീ ഡിവിഷനുകളിൽ സിപിഎം ജയിച്ചെങ്കിലും ബിജെപിയാണു രണ്ടാം സ്ഥാനത്ത്.
ബ്ലോക്കുകളിൽ കാലിടറി എൽഡിഎഫ്
2020ൽ 10 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് ജയിച്ചിരുന്നു, ഇക്കുറി ഏഴിലേക്ക് താഴ്ന്നു. യുഡിഎഫിനാകട്ടെ ഓച്ചിറയ്ക്കു പുറമേ, ചവറ, പത്തനാപുരം എന്നീ ബ്ലോക്ക് പഞ്ചായത്തുകൾ സ്വന്തമാക്കാനായി.
മുഖത്തലയിൽ എൽഡിഎഫിനൊപ്പം എട്ടു സീറ്റുകൾ നേടാനുമായി. അവിടെ ബിജെപി ഒരു സീറ്റ് നേടി.
മറ്റ് 5 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും വിജയിക്കാനായി.
ഗ്രാമപ്പഞ്ചായത്തുകളിലും യുഡിഎഫ് കാറ്റ്
ഗ്രാമപ്പഞ്ചായത്തുകളിൽ നിലവിലെ 22 ൽ നിന്ന് 32 ലേക്കു യുഡിഎഫ് കുതിച്ചു ചാട്ടം നടത്തി. എൽഡിഎഫ് 43 ൽ നിന്ന് 33 ലേക്കു കൂപ്പുകുത്തി.
എൽഡിഎഫിന്റെ പരമ്പരാഗത കോട്ടകളായ ഗ്രാമപ്പഞ്ചായത്തുകൾ പലതും ഇക്കുറി കടപുഴകിയപ്പോൾ അവിടെയെല്ലാം യുഡിഎഫ് നേട്ടമുണ്ടാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

