കങ്ങഴ, നെടുംകുന്നം കറുകച്ചാൽ ∙ കഴിഞ്ഞ ദിവസത്തെ കാറ്റിൽ നെടുംകുന്നം പഞ്ചായത്തിൽ 25 വീടുകൾ തകർന്നു. കങ്ങഴയിൽ 10 വീടും തകർന്നു.
മരം വീണ് വൈദ്യുത തൂണുകളും കമ്പികളും വ്യാപകമായി പൊട്ടിവീണു. വ്യാപക കൃഷിനാശം സംഭവിച്ചു.
മണിമല, വെള്ളാവൂർ പഞ്ചായത്തുകളിൽ നാശം
മണിമല ∙ കടുത്ത മഴയിലും കാറ്റിലും മണിമല, വെള്ളാവൂർ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിലായി വൻ നാശനഷ്ടം.
നെരവത്തുപടി കുളക്കാട്ട് രാജന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. കോത്തലപ്പടി തെങ്ങുംതോട്ടത്തിൽ മധുവിന്റെ വീടിനു മുകളിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.
കടയനിക്കാട് അഞ്ചാനി സാബു പൗലോസിന്റെ വീടിനു സമീപമുള്ള തൊഴുത്ത് പൂർണമായും തകർന്നു. പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയും ഇടിമിന്നലിൽ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.
മാത്യുവിന്റെ കൃഷി കാറ്റു കൊണ്ടുപോയി
നെടുംകുന്നത്ത് 700 ഏത്തവാഴകളും 60 റബർമരങ്ങളും ഒടിഞ്ഞു വീണു.
പുതുപ്പള്ളിപ്പടവ് ചിറയ്ക്കൽ ടി.ജെ.മാത്യുവിന്റെ കുലച്ച 100 മൂട് ഏത്തവാഴയും 250 മൂട് കപ്പയും നശിച്ചു. നെടുംകുന്നം വീരൻമല തങ്കച്ചന്റെ വാഴക്കൃഷിയും, പുതുപ്പള്ളിപ്പടവ് തൊട്ടിക്കൽ അജിയുടെ കപ്പയും ഏത്തവാഴകളും കാറ്റിൽ നശിച്ചു.
പൊങ്ങൻപാറയിൽ അനീഷിന്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. കങ്ങഴ പടലുങ്കൽ കാരുവാക്കൽ വിജയന്റെ വീടിനു മുകളിൽ മരം വീണ് മേൽക്കൂര ഭാഗികമായി നശിച്ചു.
രക്ഷപ്പെട്ടത് ഭാഗ്യം
നെടുംകുന്നം ഇടമുറിയിൽ ഇ.ജെ.ജോണിന്റെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര പൂർണമായി തകർന്നു.
കുടുംബാംഗങ്ങൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പലയിടത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.
നാട്ടുകാരും കെഎസ്ഇബിയും അഗ്നിരക്ഷാസേനയും ചേർന്നാണ് മരങ്ങൾ വെട്ടിമാറ്റി തകരാർ പരിഹരിക്കുന്നത്. കങ്ങഴ 8–ാം വാർഡ് പാറയ്ക്കൽ പൊന്നമ്മയുടെ വീടിന്റെ ഷീറ്റുകൾ കാറ്റിൽ പൂർണമായി തകർന്നു.
പത്തനാട് – കുളത്തൂർമൂഴി റോഡിൽ മൂന്നിടത്ത് മരങ്ങൾ വീണ് ഗതാഗതവും വൈദ്യുതിയും മുടങ്ങി.
കെഎസ്ഇബിക്ക് നഷ്ടം 58 ലക്ഷം
കാറ്റിൽ കെഎസ്ഇബി കറുകച്ചാൽ, ഇടയിരിക്കപ്പുഴ സെക്ഷനുകൾക്ക് ഉണ്ടായത് 58 ലക്ഷം രൂപയുടെ നാശനഷ്ടം. ഇടയിരിക്കപ്പുഴയിൽ 50 ലക്ഷം രൂപയുടെയും കറുകച്ചാൽ സെക്ഷൻ പരിധിയിൽ 8 ലക്ഷം രൂപയുടെയും നാശവും ഉണ്ടായി. ഇടയിരിക്കപ്പുഴ സെക്ഷനിലെ 15 എൽടി വൈദ്യുതത്തൂണുകളും, 5 എച്ച്ടി വൈദ്യുത ഒടിഞ്ഞു. കങ്ങഴ, കോവേലി, ആര്യാട്ടുകുഴി, ചാരംപറമ്പ്, അഞ്ചാനി, ഇടയിരിക്കപ്പുഴ, പത്തനാട്, വെള്ളാവൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ഉൾപ്പെടെ 200 ഇടത്തു മരം വീണ് വൈദ്യുതക്കമ്പികൾ പൊട്ടിവീണു.
കറുകച്ചാൽ സെക്ഷൻ പരിധിയിൽ 32 ഇടത്ത് മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണു. കറുകച്ചാലിൽ 8 എൽടി വൈദ്യുതത്തൂണുകൾ ഒടിഞ്ഞു വീണു. ഇടയിരിക്കപ്പുഴ സെക്ഷനിൽ 3 ദിവസം കൊണ്ട് വൈദ്യുതി വിതരണം സാധാരണ നിലയിൽ എത്തുകയുള്ളൂ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

