തിരുവനന്തപുരം കോവളം ലൈറ്റ് ഹൗസിന് സമീപത്തുനിന്നും സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽവെള്ളരി വിൽപ്പന നടത്താൻ ശ്രമിച്ച രണ്ട് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
പനവൂർ അഞ്ചാംകല്ല് സ്വദേശി അജിമോൻ, വെങ്ങാനൂർ സ്വദേശി ഷിജുകുമാർ എന്നിവരാണ് പിടിയിലായത്. പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
വിൽപ്പനയ്ക്കായി എത്തിച്ച ഏകദേശം രണ്ട് കിലോഗ്രാം വരെ തൂക്കം വരുന്ന എൺപതോളം കടൽവെള്ളരികളാണ് അധികൃതർ പിടിച്ചെടുത്തത്. പ്രതികൾ കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമത്തിലെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ് കടൽവെള്ളരികൾ. അതിനാൽ ഇവയെ പിടികൂടുന്നതും കൈവശം വെക്കുന്നതും വിപണനം നടത്തുന്നതും നിയമവിരുദ്ധമാണ്.
അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നവയാണ് ഈ ജൈവ സമ്പത്തെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വനംവകുപ്പ് നേരിട്ട് നടത്തിയ പരിശോധനയിൽ കടൽവെള്ളരി പിടികൂടുന്നത് ഇതാദ്യമായാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

