കോട്ടയം മാങ്ങാനം കളമ്പാട്ടുകുന്ന് തെക്കേമുറിയിൽ ടി.എം. ഷാജിയും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വീടില്ലാത്ത അവസ്ഥയിലും.
ലൈഫ് മിഷൻ ഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ കുടുംബം ഇപ്പോൾ മീനടത്ത് വാടകയ്ക്ക് താമസിക്കുന്നത്. ഏഴ് വർഷം മുൻപാണ് പ്രമേഹരോഗത്തെത്തുടർന്ന് ഷാജിയുടെ കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ടത്.
കൂടാതെ, ഇദ്ദേഹത്തിന്റെ രണ്ട് കാലുകളിലെ അഞ്ച് വിരലുകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിയും വന്നു. നിലവിലും ചികിത്സ തുടരുന്ന ഷാജിക്ക് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇതിനിടെ, ഷാജിയുടെ അമ്മ റോസമ്മയ്ക്ക് കാൻസർ ബാധിച്ചതോടെ ചികിത്സയ്ക്കായി കുടുംബം ഏറെ പ്രയാസപ്പെട്ടു. ചികിത്സാച്ചെലവിനായി ഉണ്ടായിരുന്ന മൂന്ന് സെന്റ് സ്ഥലം പണയപ്പെടുത്തി വായ്പയെടുത്തു.
എന്നാൽ, 2017-ൽ റോസമ്മ അന്തരിച്ചു. തിരിച്ചടവ് മുടങ്ങിയതോടെ വായ്പാ ബാധ്യത അഞ്ച് ലക്ഷം രൂപയായി ഉയർന്നു.
ബാങ്കിൽ പണയപ്പെടുത്തിയ അതേ ഭൂമിയിലാണ് 420 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് നിർമിക്കാൻ തുടങ്ങിയത്. രണ്ട് വർഷം മുൻപ് ഭിത്തികൾ കെട്ടി ഉയർത്തിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം മേൽക്കൂര നിർമാണം പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല.
നിലവിൽ നാൻസി വീട്ടുജോലികൾക്ക് പോയാണ് കുടുംബം പുലർത്തുന്നത്. മകൾ അൻഷ ലാബ് ടെക്നീഷ്യൻ കോഴ്സിന് ചേർന്നുവെങ്കിലും സാമ്പത്തിക പരാധീനതകൾ കാരണം പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.
മകൻ അഖിൽ ബജിക്കടയിൽ ജോലി ചെയ്തിരുന്നെങ്കിലും എൽപിജി ക്ഷാമത്തെത്തുടർന്ന് കട പൂട്ടിയതോടെ അവനും തൊഴിൽരഹിതനായി.
വിജയപുരം പഞ്ചായത്തിൽ നിന്ന് ലഭിക്കാനുള്ള ബാക്കി തുകയായ 40,000 രൂപ വീട് പണി പൂർത്തിയാക്കിയ ശേഷം മാത്രമേ ലഭിക്കൂ. മഴക്കാലം എത്തുന്നതിന് മുൻപെങ്കിലും സ്വന്തം വീട്ടിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്ന ഇവർക്ക് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 7034802957.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

