കോതമംഗലം: വടാട്ടുപാറ പലവൻപുഴയിൽ ഞായറാഴ്ച മുങ്ങിമരിച്ച കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളജിലെ മൂന്ന് വിദ്യാർഥികളുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും. അകാലത്തിൽ പൊലിഞ്ഞ സൗഹൃദങ്ങൾക്ക് ക്യാംപസ് തേങ്ങലോടെയാണ് വിടചൊല്ലിയത്.
ചിരിച്ചും കളിച്ചും വഴക്കിട്ടും ഒപ്പംനടന്ന മൂന്ന് പേർ ചേതനയറ്റു പടിയിറങ്ങി പോകുന്നത് നോക്കിനിൽക്കാൻ കൂട്ടുകാരിൽ പലർക്കും കഴിഞ്ഞതുമില്ല. ക്യാംപസിൽ പൊതുദർശനത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി.
ഒഴിവുദിനം ആഘോഷിക്കാൻ പുറപ്പെട്ട ഒൻപതംഗ സംഘത്തിലെ മൂന്ന് പേരുടെ ജീവനാണു പുഴ കവർന്നത്.
മൂന്നാം വർഷ വിദ്യാർഥികളായ കോട്ടയം വാഴൂർ ചാമംപതാൽ കുളത്തുങ്കൽ പുതുപ്പറമ്പിൽ വെങ്കിടേഷിന്റെയും ശാലിനിയുടെയും മകൻ അതുൽരാജ് (22), കോട്ടയം ചങ്ങനാശേരി വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അൽഫോൻസാ നഗർ പ്ലാമൂട്ടിൽ ബിജുവിന്റെയും ഡാലിയയുടെയും മകൻ ബിയോൺ ബിജു (21), തിരുവനന്തപുരം പൂവാർ പൊറ്റയിൽ വിഷ്ണു ഭവനിൽ വിജയകുമാറിന്റെയും ബിന്ദുവിന്റെയും മകൻ വി.ബി. ഹരീഷ് (നന്ദു-22) എന്നിവരാണു മരിച്ചത്.
ആദ്യം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ബിയോണിന്റെയും അതുൽരാജിന്റെയും മൃതദേഹമാണു ഡെന്റൽ കോളജ് അങ്കണത്തിൽ പൊതുദർശനത്തിന് എത്തിച്ചത്. അപകടം നടന്നതറിഞ്ഞതു മുതൽ ദുഃഖം തളംകെട്ടിയ ക്യാംപസിലേക്കു മൃതദേഹങ്ങൾ വഹിച്ച ആംബുലൻസുകൾ കടന്നുവന്നതോടെ തേങ്ങലുകൾ ഉയർന്നു.
കണ്ണീരടക്കാനാകാതെ വിദ്യാർഥികൾ തങ്ങളുടെ സഹപാഠികൾക്കു വിടചൊല്ലി. അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും തങ്ങളുടെ പ്രിയ വിദ്യാർഥികൾക്ക് യാത്രാമൊഴിയേകി.
പ്രമുഖരടക്കം ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിച്ചു. ആദ്യം കൊണ്ടുവന്ന രണ്ട് പേരുടെ മൃതദേഹങ്ങൾ കൊണ്ടുപോയ ശേഷമാണു ഹരീഷിന്റെ മൃതദേഹം ക്യാംപസിൽ എത്തിച്ചത്.
അസോസിയേഷന്റെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നലെ അവധി നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

