കോട്ടയം∙ 18 പശുക്കൾ, 5 ആടുകൾ, 446 കോഴികൾ… തെരുവുനായ ആക്രമണത്തിൽ ജില്ലയിൽ ഈ സാമ്പത്തിക വർഷം ചത്തവളർത്തുമൃഗങ്ങളുടെ ഔദ്യോഗിക കണക്കാണിത്. നഷ്ടപരിഹാരത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിൽ ലഭിച്ച പരാതികളാണ് ഇത്രയും.
യഥാർഥ സംഖ്യ ഇതിലും അധികമാണ്. നായ്ക്കളുടെ ആക്രമണത്തിൽനിന്ന് മനുഷ്യർ ഓടിമാറുകയോ പ്രതിരോധിക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ, വളർത്തുമൃഗങ്ങൾ ആക്രമണത്തിന് കീഴടങ്ങുന്നു.
തെരുവുനായ്ക്കൾ കടിച്ചുകീറി ഉണ്ടാക്കിയ മുറിവുകൾ ഗുരുതരമാകുന്നതിലൂടെയും പേവിഷബാധയേറ്റുമാണ് വളർത്തുജീവികൾ ചത്തത്.
സ്വഭാവാനുസൃത ദയാവധം
അക്രമവാസനയുള്ള, മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്ന തെരുവുനായ്ക്കളെ ഷെൽറ്ററുകൾ നിർമിച്ച് അതിലേക്ക് മാറ്റാനോ അതിന് സാധ്യമല്ലാത്ത സാഹചര്യത്തിൽ മോണിറ്ററിങ് കമ്മിറ്റിയുടെ അനുവാദത്തോടുകൂടി വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ‘സ്വഭാവാനുസൃത ദയാവധം’ നടത്തുന്നതിന് ആവശ്യമായ നിയമഭേദഗതികൾക്കോ ശ്രമിക്കണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം മേയ് മാസത്തിൽ മുഖ്യമന്ത്രിക്ക് അസോസിയേഷൻ ഈ നിർദേശമടങ്ങിയ റിപ്പോർട്ട് കൈമാറിയിരുന്നു. വെറ്ററിനറി ഡോക്ടർമാരുടെ പ്രഫഷനൽ സംഘടന എന്ന നിലയിലാരുന്നു നിർദേശങ്ങൾ നൽകിയതെങ്കിലും പിന്നീട് അതിൽ നടപടികൾ ഒന്നുമുണ്ടായില്ല.
നായയിൽനിന്നു മാത്രമല്ല പേ വിഷബാധ
∙ പേവിഷബാധയുടെ പ്രധാന വാഹകർ നായ്ക്കളാണെങ്കിലും ഇപ്പോൾ കീരിയും കുറുനരിയും സജീവ ഭീഷണിയാണെന്ന് മൃഗസംരക്ഷണ വകുപ്പ് തന്നെ പറയുന്നു.
പൊന്തൻപുഴ വനമേഖലയോട് ചേർന്ന കൃഷിയിടത്തിൽ മേയാൻ വിട്ട പശുവിന് പിന്നീട് പേ സ്ഥിരീകരിച്ച സംഭവത്തിൽ വില്ലൻ കുറുനരി ആയിരുന്നു.
താരതമ്യേന ചെറിയ മുറിവാണ് ഇവ ഉണ്ടാക്കുന്നത് എന്നതിനാൽ പെട്ടെന്ന് ശ്രദ്ധയിൽപെടുകയുമില്ല. ഈ മേഖലയിൽ മാത്രം 5– 6 പശുക്കൾ പേയിളകി ചത്തിരുന്നു.
ജില്ലാ മൃഗസംരക്ഷണ, വനംവകുപ്പുകൾ ചേർന്ന് വനാതിർത്തികളിലെ വന്യജീവികൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് എടുക്കാനുള്ള പദ്ധതിക്ക് തയാറെടുക്കുന്നുണ്ടെന്നാണ് വിവരം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

