കുമരകം ∙ കൊയ്തെടുക്കുന്ന നെല്ല് സൂക്ഷിക്കാൻ കർഷകർ കളം തയാറാക്കിത്തുടങ്ങി. നെല്ല് സംഭരിക്കാൻ മില്ലുകൾ തായാറാകാത്തതിനാൽ ഉണങ്ങി പതിര് കളഞ്ഞു സൂക്ഷിക്കണമെന്ന കൃഷി വകുപ്പിന്റെ നിർദേശത്തെത്തുടർന്നാണു കളങ്ങൾ ഒരുക്കുന്നത്. മില്ലുകാർ ഉടൻ വരുമെന്നു പ്രതീക്ഷിച്ചു പാടത്ത് തന്നെ നെല്ല് കൂട്ടിയിട്ടു മൂടാൻ കർഷകർക്കു കഴിയില്ല.
മഴ പെയ്താൽ വെള്ളം കെട്ടിനിൽക്കാത്ത തരത്തിൽ പുറം ബണ്ടിൽ കളം തയാറാക്കുകയാണ് കുമരകം ചേലക്കാപ്പള്ളി പാടശേഖരത്തെ കർഷകർ. ഏതാനും ദിവസത്തിനകം പാടത്തെ കൊയ്ത്ത് നടക്കും.
മഴ പെയ്താൽ വെള്ളം ഒഴുകി പോകാൻ കളത്തിനു ചുറ്റും ചാൽ എടുത്തു.
യന്ത്രം ഉപയോഗിച്ച് കൊയ്യുന്ന നെല്ല് കളത്തിൽ ഇട്ടു മൂടിയശേഷം മുകളിലായി താൽക്കാലിക ഷെഡ് നിർമിക്കും.വിളഞ്ഞ നെല്ല് കൊയ്യാതെ കിടന്നാൽ വീണു നശിക്കുമെന്നതിനാൽ കൊയ്ത് നെല്ല് കരയ്ക്ക് കയറ്റാനാണ് കർഷകരുടെ ശ്രമം. സപ്ലൈകോ മില്ലുകാരെ നിയോഗിച്ചാൽ അവർ നെല്ല് സംഭരിക്കുമെന്ന് കരുതി പാടത്ത് തന്നെ ഇടുകയാണ് പതിവ്.വിരിപ്പു കൃഷിയുടെ നെല്ല് സംഭരണത്തിനു സപ്ലൈകോ ഇതുവരെ മില്ലുകാരെ നിയോഗിച്ചിട്ടില്ല.
മില്ലുകാരും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ച് എന്ന് നെല്ല് സംഭരണം തുടങ്ങുമെന്നു കൃഷിവകുപ്പിനും സപ്ലൈകോയ്ക്കും ഒരു നിശ്ചയവുമില്ല.
പണ്ടായിരുന്നെങ്കിൽ നാട്ടിലെ നെല്ല് പുഴുക്കുകാർ സംഭരിക്കുമായിരുന്നു . 2005–ൽ സപ്ലൈകോയുടെ നേതൃത്വത്തിൽ നെല്ല് സംഭരണ സംവിധാനം വന്നതോടെ നാട്ടിലെ നെല്ലുപുഴുക്ക് നിലച്ചു. സർക്കാർ മില്ലുകാരുമായി ചർച്ച നടത്തി അവരുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ട് സപ്ലൈകോയെ കൊണ്ട് എന്ന് നെല്ല് സംഭരണം നടത്തിക്കുമോ അതുവരെ കളത്തിലോ മറ്റെവിടെയെങ്കിലുമോ നെല്ല് സൂക്ഷിക്കാതെ തരമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

