ഫിറ്റ്നസ്, വെൽനസ് രംഗത്തെ മുൻനിര കമ്പനിയായ കൾട്ട്.ഫിറ്റ് ഓഹരി വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നു. കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപനയുമായി (ഐപിഒ) ബന്ധപ്പെട്ട
കരട് രേഖകൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മുൻപാകെ സമർപ്പിച്ചു. ഐപിഒ നടപടികളുടെ ഭാഗമായി ബോളിവുഡ് താരം ഹൃതിക് റോഷൻ താൻ കൈവശം വെച്ചിരിക്കുന്ന ഓഹരികളിൽ ഒരു ഭാഗം വിറ്റഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഐപിഒ ഘടനയും ഓഹരി വിൽപനയും മൊത്തം 3500 മുതൽ 4000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി 950 കോടി രൂപയുടെ പുതിയ ഓഹരികൾ (ഫ്രഷ് ഇഷ്യൂ) വിപണിയിലിറക്കും.
കൂടാതെ, നിലവിലെ ഓഹരിയുടമകൾ തങ്ങളുടെ കൈവശമുള്ള 17.86 കോടി ഓഹരികൾ വിൽക്കുന്ന ഓഫർ-ഫോർ-സെയിൽ (ഒഎഫ്എസ്) വഴിയും തുക സമാഹരിക്കും. ഹൃതിക് റോഷന്റെ പങ്കാളിത്തം കമ്പനിയിൽ 0.20 ശതമാനം ഓഹരി പങ്കാളിത്തമാണ് താരത്തിനുള്ളത്.
നിലവിൽ 19.01 ലക്ഷം ഓഹരികൾ അദ്ദേഹത്തിന്റെ കൈവശമുണ്ട്. ഇതിൽ 6.33 ലക്ഷം ഓഹരികൾ മാത്രമാണ് ഐപിഒയിൽ വിൽക്കുന്നത്.
ഐപിഒ നടപടികൾ പൂർത്തിയായാലും ബ്രാൻഡ് അംബാസഡറായും ഓഹരിയുടമയായും അദ്ദേഹം കൾട്ട്.ഫിറ്റിൽ തുടരുമെന്നത് ശ്രദ്ധേയമാണ്. ഓഹരികളുടെ ഇഷ്യൂ പ്രൈസ് സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നേട്ടത്തിലേക്ക് കമ്പനി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കൾട്ട്.ഫിറ്റിന് നിലവിൽ 77 നഗരങ്ങളിലായി 708 ഫിറ്റ്നസ് സെന്ററുകളുണ്ട്. 9.87 ലക്ഷം പെയ്ഡ് മെംബർമാരാണ് കമ്പനിക്കുള്ളത്.
2024-25 സാമ്പത്തിക വർഷത്തിൽ 1721 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 41.6 ശതമാനം വർധനവാണ്. നഷ്ടം 480.8 കോടിയിൽ നിന്ന് 252 കോടിയായി കുറയ്ക്കാനും കമ്പനിക്ക് കഴിഞ്ഞു.
പുതിയ ഓഹരി വിൽപനയിലൂടെ ലഭിക്കുന്ന തുക കൾട്ട് എലീറ്റ്, കൾട്ട് നിയോ സെന്ററുകൾ സ്ഥാപിക്കാനും, കടബാധ്യതകൾ തീർക്കാനും, മാർക്കറ്റിങ് പ്രവർത്തനങ്ങൾക്കും, ഉപസ്ഥാപനമായ കൾട്ട്സ്പോർട്ടിലെ നിക്ഷേപത്തിനുമായി വിനിയോഗിക്കും. ടാറ്റാ ഡിജിറ്റൽ, മുകേഷ് ബൻസാൽ, കലാരി തുടങ്ങിയ പ്രമുഖരും കമ്പനിയിലെ ഓഹരിയുടമകളാണ്.
(നിരാകരണം: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

