പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കൊന്നക്കാട്, പാണത്തൂർ എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ വാരാന്ത്യങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയത് യാത്രക്കാർക്ക് വലിയ പ്രതിസന്ധിയായി. ഇനി മുതൽ എല്ലാ ദിവസവും സർവീസ് വേണ്ടെന്ന അധികൃതരുടെ തീരുമാനത്തെത്തുടർന്ന് കെഎസ്ആർടിസി വെബ്സൈറ്റിൽ നിന്നും ഈ റൂട്ടുകളിലെ ഷെഡ്യൂളുകൾ ഒഴിവാക്കിയിട്ടുണ്ട്.
നേരത്തെ, പെരിക്കല്ലൂർ സർവീസ് ആദ്യം ആഴ്ചാവസാനങ്ങളിലേക്ക് ചുരുക്കുകയും പിന്നീട് പൂർണമായും നിർത്തലാക്കുകയും ചെയ്തിരുന്നു. സമാനമായ രീതിയിൽ അമ്പായത്തോട്, പഞ്ചിക്കൽ സർവീസുകളും ഇതിനകം റദ്ദാക്കിക്കഴിഞ്ഞു.
സൂപ്പർ ക്ലാസ് ടേക്ക് ഓവർ സർവീസുകൾ മുടങ്ങാതെ നടത്തണമെന്ന കർശന നിർദ്ദേശങ്ങൾ നിലനിൽക്കെയാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട
രണ്ട് ദീർഘദൂര സർവീസുകൾ കൂടി നിലച്ചതോടെ യാത്രക്കാർ അമിത നിരക്ക് നൽകി സ്വകാര്യ കോൺട്രാക്ട് കാര്യേജ് സർവീസുകളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണ്. കെഎസ്ആർടിസി ഡിപ്പോയിലെ സൂപ്പർ ക്ലാസ് സർവീസുകൾ വ്യാപകമായി നിർത്തലാക്കുന്ന സാഹചര്യത്തിൽ ഇതിനെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
കൂടാതെ, ബെംഗളൂരു സർവീസ് നടത്തുന്ന ബസുകളുടെ തകരാർ കാരണം യാത്ര മുടങ്ങുന്നത് പതിവായ സാഹചര്യത്തിൽ, ഡിപ്പോയ്ക്ക് അടിയന്തരമായി രണ്ട് പുതിയ എസി ബസുകൾ അനുവദിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. മുൻകൂട്ടി റിസർവേഷൻ എടുത്തവർക്ക് ഉൾപ്പെടെ സർവീസ് റദ്ദാക്കൽ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
മുടങ്ങിക്കിടക്കുന്ന പെരിക്കല്ലൂർ, തൃശൂർ, മാനന്തവാടി, അമ്പായത്തോട്, ഇൻഫ്രാ പാർക്ക്, തിരുവനന്തപുരം തുടങ്ങിയ സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

