കോട്ടയം ∙ ‘കുഴൽക്കിണറിൽനിന്ന് മോട്ടർ മോഷ്ടിക്കുന്നതിൽ ക്ഷമയും കഷ്ടപ്പാടുമുണ്ട്. ഹോസും കയറും ശ്രദ്ധയോടെ വലിച്ചു പൊക്കിയതിനു ശേഷം മോട്ടർ ഊരിയെടുക്കണം.
എന്നിട്ട് കയറും ഹോസും തിരികെ അതേപടി ഇറക്കണം. വെള്ളം കിട്ടാതായാലും മോട്ടർ പോയെന്ന് ഉടമസ്ഥനു മനസ്സിലാകരുത്. മോട്ടർ തകരാറായെന്നു കരുതിക്കോളും.
നന്നാക്കാൻ ആളുവരുമ്പോഴേ മോട്ടറില്ലെന്നു മനസ്സിലാകൂ. അപ്പോഴേക്കും കോയമ്പത്തൂരിലെത്തിച്ച് വിറ്റിരിക്കണം.’ – നൂറിലധികം കുഴൽക്കിണറുകളിൽനിന്ന് മോട്ടർ അടിച്ചുമാറ്റിയ ‘വിദഗ്ധൻ’ ജയിലിലെ സഹതടവുകാർക്കു നൽകിയ ക്ലാസാണിത്.
ചെറിയ മോഷണക്കേസുകളിൽ പ്രതിയാകുന്നവർക്കാണ് പരിചയസമ്പന്നർ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നത്. ക്ലാസുകളിൽനിന്നുള്ള ടിപ്സ് പരിശോധിക്കാൻ പരീക്ഷണ മോഷണത്തിന് ഇറങ്ങിയയാളെ പൊലീസ് ഈയിടെ പിടികൂടിയിരുന്നു. പാലാ, ഈരാറ്റുപേട്ട
പൊലീസ് സ്റ്റേഷൻ പരിധികളിൽ റജിസ്റ്റർ ചെയ്ത ചില മോഷണക്കേസുകളുടെ ഗൂഢാലോചന ജയിലിലായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
കഞ്ചാവ് വിൽക്കാൻ ജില്ലാ ജയിലിലേക്ക്
ജാമ്യത്തിലിറങ്ങി ദിവസങ്ങൾക്കു ശേഷം കൂട്ടുകാരെ കാണാനായി സന്ദർശകവേഷത്തിൽ ഒരാൾ ജയിലിലെത്തി. പതിവില്ലാത്ത പരിപാടി ആയതിനാലും മൊത്തത്തിൽ ഒരു പരുങ്ങൽ കണ്ടതിനാലും ജയിൽ അധികൃതർ പിടികൂടി ദേഹപരിശോധന നടത്തി.
പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. 2024ൽ ആയിരുന്നു സംഭവം. ജയിലിനുള്ളിലെ തടവുകാർക്കു നൽകാനായി എത്തിച്ച കഞ്ചാവായിരുന്നു അത്.
സഹതടവുകാരാണ് കഞ്ചാവ് എത്തിക്കാനുള്ള മാർഗം പറഞ്ഞു നൽകിയത്. ജാമ്യം ലഭിച്ച തടവുകാരൻ കഞ്ചാവുകടത്ത് സംഘത്തിൽനിന്നു കഞ്ചാവ് വാങ്ങി എത്തിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ആസൂത്രണമെല്ലാം നടന്നത് ജയിലിൽ തന്നെ.
ജാമ്യത്തിന് സഹായം; പിന്നാലെ കൊലപാതകം
തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാറിന്റെ ഫോൺ മോഷ്ടിച്ച് 2.79 ലക്ഷം രൂപ തട്ടിയ കേസിൽ അറസ്റ്റിലായ അസം സ്വദേശി അമിത് ഉറാങ്ങിനെ ജാമ്യത്തിനു സഹായിച്ചത് ജില്ലാ ജയിലിലെ തടവുകാരായിരുന്നു.
ഏറ്റുമാനൂർ സ്വദേശികളായ 2 സ്ത്രീകളാണ് അമിത്തിനു ജാമ്യം നിന്നത്. 5000 രൂപ വീതം ഇവർക്കു പ്രതിഫലം നൽകിയിരുന്നു.
പരിചയം പോലുമില്ലാതെ കുറ്റവാളികളെ പണം വാങ്ങി പുറത്തിറക്കുന്ന ജില്ലാ ജയിലിലെ തടവുകാരുടെ സംഘമായിരുന്നു ഇതിനു പിന്നില്. എന്നാൽ, ജാമ്യത്തിലിറങ്ങിയ അമിത് പരാതിക്കാരനായ വിജയകുമാറിനെയും ഭാര്യ ഡോ. മീരയെയും നഗരമധ്യത്തിലെ വീട്ടിൽ 2025 ഏപ്രിൽ 21ന് കൊലപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

