കോട്ടയം ജില്ലയിലെ കുറവിലങ്ങാട് മേഖലയിലുണ്ടായ വെവ്വേറെ വാഹനാപകടങ്ങളിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. എംസി റോഡിൽ കാളികാവ് പള്ളിക്ക് സമീപം ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചും, തോട്ടുവ റോഡിൽ കാൽനടയാത്രക്കാരനായ വയോധികനെ കാറിടിച്ചതുകൊണ്ടുമാണ് രണ്ട് അപകടങ്ങളും സംഭവിച്ചത്.
എംസി റോഡിലെ അപകടത്തിൽ കാണക്കാരി പഞ്ചായത്തിലെ ലൈബ്രേറിയനും കളത്തൂർ പള്ളിക്ക് സമീപം തെക്കേ കല്ലാലിക്കുന്നേലിൽ താമസക്കാരനുമായ ടോംസൺ ജോർജ് (50) ആണ് മരിച്ചത്. പരേതരായ ജോർജ്-പെണ്ണമ്മ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: സിറിയക്, പോൾസൺ. മൃതദേഹത്തിന്റെ സംസ്കാരം നാളെ വൈകിട്ട് കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ നടക്കും.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് എംസി റോഡിൽ അപകടമുണ്ടായത്. കുറവിലങ്ങാട് നിന്നും വെമ്പള്ളി ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ടോംസണും, എതിർദിശയിൽ നിന്നും വരികയായിരുന്ന തിരുവനന്തപുരം-തൃശൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ, തോട്ടുവ ഭാഗത്ത് കാൽനടയാത്രക്കാരനായ വയോധികൻ കാറിടിച്ചു മരിച്ചു. തോട്ടുവ കല്ലുകാലായിൽ ജോസഫ് (87) ആണ് അപകടത്തിൽ മരണപ്പെട്ടത്.
ഭാര്യ: മേരിക്കുട്ടി. മക്കൾ: ബേബി, ജോയി, ബെന്നി.
ഇന്ന് രാവിലെ 11.30 നായിരുന്നു ഈ അപകടം സംഭവിച്ചത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന ജോസഫിനെ പിന്നിൽ നിന്നും നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു.

