സംസ്ഥാനത്തെ ഇറച്ചിക്കോഴി, കോഴിമുട്ട വില പിടിവിട്ട് കുതിക്കുന്നു.
ക്രിസ്മസ്, ന്യൂഇയർ കാലം കഴിഞ്ഞെങ്കിലും വില കുറഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ ഇറച്ചിക്കോഴി കിലോയ്ക്ക് 50 രൂപയോളം വർധിച്ചു.
ഇന്ന് കിലോയ്ക്ക് 180 രൂപ വരെയാണ് ചില്ലറ വിൽപന. കോഴി ഇറച്ചിയുടെ വില കിലോയ്ക്ക് 270 രൂപയോളമെത്തി.
ഫാമുകളിൽ നിന്ന് കർഷകർ വിൽക്കുന്ന കോഴിയുടെ മൊത്ത വില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്നും വ്യാപാരികൾ പറയുന്നു.
മണ്ഡല കാലമായതിനാൽ ഡിസംബറിൽ ഇറച്ചിക്കോഴിയ്ക്ക് ഡിമാൻഡ് കുറയുമെന്നായിരുന്നു പ്രതീക്ഷ. ഇത് കണക്കിലെടുത്ത് കേരളത്തിലെ ചെറുകിട
കർഷകർ ഉല്പാദനം കുറച്ചു. കോഴിക്കുഞ്ഞുങ്ങളുടെ വില കൂടിയതും ഉൽപാദനം കുറയാൻ കാരണമായി.
സാധാരണ 35–40 രൂപ വരെയാണ് കോഴിക്കുഞ്ഞുങ്ങൾക്ക് വിലയുണ്ടാകുന്നത്. അടുത്ത കാലത്ത് ഇത് 50 രൂപയ്ക്ക് മുകളിലെത്തി.
കോഴിത്തീറ്റയുടെ വിലയും ഇതിനിടെ വർധിച്ചു. കുഞ്ഞുങ്ങൾക്കുണ്ടായ രോഗബാധയും തിരിച്ചടിയായി.
ഇതോടെ പുതിയ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ കർഷകരും മടിച്ചു.
എന്നാൽ പതിവിന് വിപരീതമായി ഇറച്ചിക്കോഴിക്ക് ആവശ്യകത കൂടി. ഡിസംബറിന്റെ തുടക്കത്തിൽ 120 രൂപയായിരുന്ന കോഴിവില ക്രിസ്മസ് കാലത്ത് 145 രൂപയിലെത്തി.
ന്യൂ ഇയർ കഴിയുമ്പോള്‍ കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അടുത്ത ദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു.
24 ലക്ഷം കിലോ കോഴി
സീസൺ കാലയളവിൽ കേരളത്തിൽ ശരാശരി 24 ലക്ഷം കിലോഗ്രാം കോഴിയെങ്കിലും പ്രതിദിനം വിൽക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
സാധാരണ സമയങ്ങളിൽ ഇത് പ്രതിദിനം 20 ലക്ഷം കിലോഗ്രാമാകും. ഇതിൽ പകുതിയോളവും തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. കേരളത്തിലെ ഫാമുകളിൽ കോഴി സുലഭമല്ലെന്ന് വന്നതോടെ തമിഴ്നാട്ടിലെ ഫാം ഉടമകളും വില കൂട്ടിയെന്ന് വ്യാപാരികൾ പറയുന്നു.
മുട്ടയ്ക്കും പൊന്ന് വില
ഉൽപാദനം കുറഞ്ഞതിനൊപ്പം ഉത്തരേന്ത്യയിൽ തണുപ്പ് കാലത്തെ ഡിമാൻഡും വിദേശത്തേക്കുള്ള കയറ്റുമതിയും വർധിച്ചതോടെ രാജ്യമാകെ മുട്ടയ്ക്ക് ഉയർന്ന വിലയാണ്.
കേരളത്തിൽ ശരാശരി എട്ട് രൂപയാണ് മുട്ടയുടെ ചില്ലറ വില. നവംബറില്‍ 6–6.5 രൂപ വരെയായിരുന്നു ഇത്.
തമിഴ്നാട്ടിലെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമായ നാമയ്ക്കലിൽ മുട്ടയ്ക്ക് ശരാശരി 1–1.5 രൂപ വരെ വർധിച്ചു.
പ്രതിവർഷം മലയാളി 560 കോടി മുട്ട ഉപയോഗിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഇതിൽ 300 കോടിയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്നതാണ് പതിവ്.
വില കൂടിയതോടെ വ്യാപാരികളും പ്രതിസന്ധിയിലാണ്. ഇറച്ചി കോഴിയുടെ വില്പന വലിയ രീതിയിൽ കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു.
കൂടിയ വിലയ്ക്ക് ഇറച്ചിക്കോഴി വാങ്ങാൻ ആളുകൾ മടിക്കുകയാണ്. ഹോട്ടൽ മേഖലയെ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ പറഞ്ഞു.
കോഴിയിറച്ചിയ്ക്കും മുട്ടയ്ക്കും അന്യായമായാണ് വില വർധിച്ചിരിക്കുന്നത്. പാചക വാതകത്തിന്റെ വിലയും കൂടിയതോടെ ഹോട്ടലുകൾ അടച്ചിടേണ്ട
അവസ്ഥയിലാണ്. വില നിയന്ത്രിയ്ക്കാൻ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ചിക്കൻ വിഭവങ്ങളുടെ വില സംസ്ഥാനത്തെ ചില ഹോട്ടലുകൾ താൽകാലികമായി ഉയർത്തിയിട്ടുണ്ട്.
കോഴി വില കുറയുമ്പോൾ വിഭവങ്ങളുടെ വിലയും കുറയ്ക്കുമെന്നാണ് ഇവർ പറയുന്നത്. അളവിൽ ചെറിയ കുറവ് വരുത്തി മാനേജ് ചെയ്യുന്ന ഹോട്ടലുകളുമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

