കുറവിലങ്ങാട് ∙ അപൂർവ ജൈവവൈവിധ്യം നിറഞ്ഞ ഉദ്യാനം. അതിലൂടെ നടന്ന് സ്വാഭാവിക വനത്തിന്റെ സൗന്ദര്യത്തിലേക്ക് പ്രവേശിക്കാം.
വിസ്മയക്കാഴ്ചകൾ ഒരുക്കുന്ന കോഴാ സയൻസ് സിറ്റിയിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത്, കുറവിലങ്ങാട് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ നിർമിക്കുന്ന ജൈവ വൈവിധ്യ പാർക്കിലാണ് ഈ കാഴ്ചകൾ.കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ആരംഭിച്ച നിർമാണ ജോലികൾ അന്തിമഘട്ടത്തിലാണ്. പ്രകൃതിയോടു പൂർണമായി ഇണങ്ങിയാണ് പാർക്ക് നിർമിക്കുന്നത്.
ജൈവ വൈവിധ്യ ഉദ്യാനത്തിലും സയൻസ് സിറ്റിയിലെ മറ്റു പൂന്തോട്ടങ്ങളിലും ഉപയോഗിക്കുന്നത് 4000 ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രമാണ്.
ജില്ലയിൽ ഒരു പൊതുസ്ഥാപനത്തിൽ ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നത് ഇവിടെയാണ്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് പാർക്ക് നിർമാണം നടത്തുന്നത്.
ജൈവവൈവിധ്യ ഉദ്യാനം, പ്രവേശന കവാടത്തിൽ നിന്നു ശാസ്ത്ര കേന്ദ്രത്തിലേക്കുള്ള റോഡിന്റെ വശങ്ങൾ, ചുറ്റുമതിലിന്റെ വശങ്ങൾ എന്നിവിടങ്ങളിലൊക്കെ കയർ ഭൂവസ്ത്രം ഉപയോഗിച്ചിട്ടുണ്ട്. ഭൂമിയെ തട്ടുകളായി തിരിച്ചു പാർശ്വഭിത്തി നിർമിച്ചാണ് കയർ ഭൂവസ്ത്രം സ്ഥാപിച്ചത്.
ജൈവ വൈവിധ്യ പാർക്കിനൊപ്പം വലിയ കുളം കൂടി നിർമിക്കാൻ പദ്ധതിയുണ്ട്.
ഏകദേശം 60 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുത്തിരിക്കുന്നത്. വനങ്ങളിലെ തനത് സസ്യങ്ങൾ, ഔഷധ സസ്യങ്ങൾ, അന്യം നിന്നു പോകുന്ന അപൂർവ സസ്യ ഇനങ്ങൾ, ഓർക്കിഡുകൾ, കള്ളിച്ചെടികൾ, ഉദ്യാന സസ്യങ്ങൾ, സുഗന്ധവ്യഞ്ജന സസ്യങ്ങൾ, വിവിധതരം മുളകൾ, പനവർഗ ചെടികൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ജൈവവൈവിധ്യ ഉദ്യാനത്തിലുള്ളത്.
ഓരോ സസ്യത്തിലും സന്ദർശകർക്കു മനസ്സിലാക്കാനായി സസ്യത്തിന്റെ പേര്, ശാസ്ത്രീയ നാമം, മറ്റു വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പാർക്കിനോടു ചേർന്ന് സ്വാഭാവിക വനവും ഒരുക്കുന്നുണ്ട്. സയൻസ് സിറ്റി സന്ദർശനത്തിന് എത്തുന്നവർക്കു പ്രകൃതിസൗഹൃദമായി വിശ്രമിക്കാനും കാടിന്റെ കുളിർമ ആസ്വദിക്കാനും ഇതോടെ വഴിയൊരുങ്ങും. ജില്ലാ കൃഷിത്തോട്ടത്തിൽ നിന്ന് ഏറ്റെടുത്ത 30 ഏക്കർ ഭൂമിയിലാണ് സയൻസ് സിറ്റി നിർമിച്ചത്.
നൂറുകണക്കിനു വൃക്ഷങ്ങളാണ് ഇവിടെയുള്ളത്. സയൻസ് സിറ്റിയുടെ ഭാഗമായുള്ള കെട്ടിടങ്ങളുടെ നിർമാണത്തിനായി വെട്ടിമാറ്റിയത് 40 മരങ്ങൾ മാത്രം.
ഇതിന്റെ മൂന്നിരട്ടി വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന പദ്ധതിക്കും തുടക്കമായിട്ടുണ്ട്.
ബസ് കാത്തിരിപ്പ് കേന്ദ്രം വേണം
സയൻസ് സിറ്റിയുടെ മുൻവശം എംസി റോഡരികിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും തുടർനടപടികൾ വൈകുന്നു. ഇവിടെ കോട്ടയം ഭാഗത്തേക്കുളള ബസുകൾ നിർത്തുന്ന സ്ഥലത്തു പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലമുണ്ട്.
ഇത് ഇപ്പോൾ കാടും പുല്ലും നിറഞ്ഞു കിടക്കുകയാണ്. ഈ ഭാഗം വൃത്തിയാക്കി സയൻസ് സിറ്റിക്കു യോജിക്കുന്ന വിധത്തിൽ വ്യത്യസ്തമായ കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന നിർദേശമാണ് ഉയരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

