കുത്തിയതോട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ടിഎൻടി ചിട്ടി സ്ഥാപനത്തിന്റെ മറവിൽ നിക്ഷേപകരിൽ നിന്നും കോടികൾ തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതികൾ പിടിയിലായി. സ്ഥാപന ഉടമകളായ സഹോദരങ്ങൾ നെൽസൺ തോമസ് (50), ടെൽസൺ തോമസ് (51) എന്നിവരെയാണ് കോട്ടയത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.
നിക്ഷേപകരെ കബളിപ്പിച്ച് രണ്ട് കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തത്. ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറിലധികം കേസുകളിൽ പ്രതികളാണ് ഇവർ.
ചേർത്തല ഡിവൈഎസ്പി മഞ്ചുലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും കുത്തിയതോട് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്. 2019-ൽ രജിസ്റ്റർ ചെയ്ത കേസിൽ കുത്തിയതോട് പൊലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ 40 കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു.
ആകെ 13 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ വിചാരണയ്ക്കിടെ മൂന്നുപേർ മരണപ്പെട്ടിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു നെൽസൺ തോമസും ടെൽസൺ തോമസും.
പ്രതികൾ ഒളിവിൽ പോയത് കേസിന്റെ തുടർവിചാരണ നടപടികളെ സാരമായി ബാധിച്ചിരുന്നു. ഈ സാഹചര്യം വിലയിരുത്തിയ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരമാണ് അന്വേഷണം വീണ്ടും ഊർജിതമാക്കിയത്.
കുത്തിയതോട് സിഐ ജിജിൻ ജോസഫ്, എസ്ഐ രാജീവ്, ചേർത്തല ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഗിരീഷ്, അരുൺ, പ്രവീഷ്, കുത്തിയതോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

