കോട്ടയം ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മറയാക്കി ലഹരി കടത്തിയ കേസിൽ എക്സൈസ് പിടികൂടി ജാമ്യത്തിൽ വിട്ടയച്ച പ്രതിയെ ഗാന്ധിനഗർ പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കല്ലേപറമ്പിൽ ജിതിൻകുമാർ (21) ആണ് പിടിയിലായത്.
ജിതിൻകുമാർ പെൺകുട്ടിയെ ഒട്ടേറെത്തവണ പീഡിപ്പിച്ചെന്ന എക്സൈസ് റിപ്പോർട്ടിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 7നു രഹസ്യവിവരത്തെ തുടർന്നു അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബി.ആനന്ദരാജ്, ഉദ്യോഗസ്ഥരായ സി.കണ്ണൻ, നിഫി ജേക്കബ്, അനീഷ് രാജ്, കെ.ജി.അമ്പിളി, സുരേഷ് ബാബു എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിൽ പ്രതിയുടെ വീട്ടിൽ നിന്നാണ് 13 വയസ്സുകാരിയെ കണ്ടെത്തിയത്. 13 വയസ്സുള്ള പെൺകുട്ടിക്കൊപ്പം 9 വയസ്സുകാരി സഹോദരിയുമുണ്ടായിരുന്നു.
പനിയായതിനാൽ ആശുപത്രിയിൽ പോകാനാണു താൻ ചേച്ചിക്കൊപ്പം വന്നതെന്നു കുട്ടി എക്സൈസിനോട് പറഞ്ഞു. എക്സൈസ് ഇടപെട്ട് പെൺകുട്ടികളെ തിരുവഞ്ചൂർ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു.
ജിതിൻ 13 വയസ്സുകാരിയെ സ്കൂൾ യൂണിഫോമിൽ ബൈക്കിന്റെ പിന്നിലിരുത്തി എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്ക് കഞ്ചാവും രാസലഹരിയും കടത്തിയെന്നും പെൺകുട്ടിയെ ദുരുപയോഗം ചെയ്തെന്നും എക്സൈസ് പൊലീസിനു റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിയുടെ കയ്യിൽ നിന്ന് 15 ഗ്രാം കഞ്ചാവ് മാത്രമേ പിടിച്ചെടുക്കാൻ സാധിച്ചുള്ളു. ഇക്കാരണത്താൽ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.
എക്സൈസ് ജാമ്യത്തിൽ വിട്ടതിനു പിന്നാലെ ഒളിവിൽ പോയ പ്രതിയെ പോക്സോ ചുമത്തിയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്കൂളിലേക്ക് പോകുന്ന പെൺകുട്ടിയെ രാവിലെ ബൈക്കിൽ എത്തുന്ന പ്രതി കൊണ്ടു പോകുകയും വൈകിട്ട് സ്കൂൾ സമയം കഴിയാറാകുമ്പോൾ തിരിച്ചെത്തിക്കുകയുമായിരുന്നു. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നതായും പൊലീസ് പറഞ്ഞു.
വീട്ടിലെ സാഹചര്യം മോശമായിരുന്ന പെൺകുട്ടിയെ പ്രതി വശത്താക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

