മുംബൈ: കൊളംബോയിൽ നിന്നും മുംബൈ വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരിയിൽ നിന്ന് 47 കോടി രൂപ വിലമതിക്കുന്ന 4.7 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ധനകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിലെ (ഡിആർഐ) ഉദ്യോഗസ്ഥരാണ് കൊക്കെയ്ൻ പിടിച്ചെടുത്തത്. വിമാനമിറങ്ങിയ യാത്രക്കാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡിആർഐ സംഘം ഇവരെ തടഞ്ഞുനിർത്തി ലഗേജ് വിശദമായി പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ, കാപ്പിപ്പൊടിയുടെ പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ ഒമ്പത് പൗച്ചുകളിലായി വെളുത്ത പൊടി കണ്ടെത്തി. തുടർന്ന് എൻഡിപിഎസ് ഫീൽഡ് കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് കൊക്കെയ്ൻ ആണെന്ന് ഉറപ്പിച്ചത്.
അഞ്ചുപേർ അറസ്റ്റിൽ മയക്കുമരുന്ന് ഏറ്റുവാങ്ങാനായി വിമാനത്താവളത്തിലെത്തിയ വ്യക്തിയെയും ഡിആർഐ കസ്റ്റഡിയിലെടുത്തു. ഇവർക്ക് പുറമെ, ലഹരിക്കടത്ത് ശൃംഖലയിലെ മറ്റ് മൂന്ന് പേരെക്കൂടി അറസ്റ്റ് ചെയ്തതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
1985-ലെ നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരമാണ് അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. സമീപകാലത്ത് ഡിആർഐ നടത്തിയ ലഹരിവേട്ടകളിലെ പൊതുവായ ചില പ്രവണതകളും ധനകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഭക്ഷ്യവസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചുള്ള മയക്കുമരുന്ന് കടത്ത് വർധിച്ചിട്ടുണ്ട്. ലഹരി കടത്തിനായി സ്ത്രീകളെ ഉപയോഗിക്കുന്നതും വ്യാപകമായിട്ടുണ്ട്.
ഇന്ത്യൻ പൗരത്വമുള്ള സ്ത്രീകളെ ഈ രീതിയിൽ ചൂഷണം ചെയ്യുന്നത് ആശങ്കാജനകമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കൊളംബോയിൽ നിന്നും കൊക്കെയ്ൻ ആർക്കാണ് എത്തിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്.
അറസ്റ്റിലായ പ്രതികളുടെ പേരുവിവരങ്ങൾ ഡിആർഐ പുറത്തുവിട്ടിട്ടില്ല. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

