പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ ഈറക്കുഴി മുരുപ്പിൽ പ്രദേശത്തെ ജനങ്ങൾ കടുത്ത ഭീതിയിൽ.
സാധാരണ കടന്നലുകളെക്കാൾ കൂടുതൽ വീര്യമുള്ള കുളവിയുടെ ഭീഷണി മൂലം ഇവിടെയുള്ള 55 കുടുംബങ്ങളാണ് ദുരിതം പേറുന്നത്. പഞ്ചായത്തിലെ 13-ാം വാർഡിൽ ഉൾപ്പെടുന്ന പ്രദേശത്ത് ഒരു പ്ലാവിലാണ് കൂറ്റൻ കുളവിക്കൂട് രൂപപ്പെട്ടിരിക്കുന്നത്.
മാസങ്ങൾക്ക് മുൻപ് വളരെ ചെറിയ രീതിയിലായിരുന്ന കൂട്, ദിവസങ്ങൾ കഴിയുന്തോറും വലുപ്പം വച്ച് ഭീമാകാരമായി മാറുകയായിരുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് ദിവസേന ജീവഭയത്തോടെ ഈ പാതയിലൂടെ സഞ്ചരിക്കുന്നത്.
അരുവാപ്പുലം മെയിൻ റോഡിലേക്ക് എത്തിച്ചേരാൻ നിരവധി വിദ്യാർത്ഥികളാണ് രാവിലെയും വൈകുന്നേരവും ഈ കൂടിന് താഴെയുള്ള റോഡിനെ ആശ്രയിക്കുന്നത്. യാത്രക്കാരായ ചിലർക്ക് ഇതിനോടകം തന്നെ ചെറിയ രീതിയിൽ കുത്തേറ്റതായും വിവരമുണ്ട്.
മൃഗങ്ങളോ പക്ഷികളോ വന്നിരിക്കുകയോ കൂട് ഇളകുകയോ ചെയ്താൽ പ്രദേശത്ത് വലിയൊരു ദുരന്തം തന്നെ സംഭവിച്ചേക്കാം. ഉഗ്രവിഷമുള്ള കുളവിയുടെ കുത്തേറ്റാൽ ജീവൻ പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഇതിനുപുറമേ, ഇതേ പ്ലാവിന്റെ സമീപത്തെ മറ്റൊരു കൊമ്പിൽ തേനീച്ചക്കൂട് കൂടി ഉള്ളത് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്. സമീപത്തായി അങ്കണവാടിയും സ്കൂളും സ്ഥിതിചെയ്യുന്നുണ്ട് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
പ്രദേശത്തെ ഗുരുതരമായ ഈ സാഹചര്യം ചൂണ്ടിക്കാട്ടി നാട്ടുകാരുടെ ഭാഗത്തുനിന്നും വനംവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഇതിനെതിരെ ഫലപ്രദമായ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് വനംവകുപ്പോ ഫയർഫോഴ്സോ റവന്യൂ അധികൃതരോ അടിയന്തരമായി ഇടപെട്ട് കുളവിക്കൂട് സുരക്ഷിതമായി നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

