കടുത്തുരുത്തി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം അതിരൂക്ഷമാകുന്നു. നാലാം വാർഡ് പുലിക്കൂട്ടുമ്മേൽ, 12, 13 വാർഡുകളായ എത്തക്കുഴി, കപിക്കാട് എന്നീ പ്രദേശങ്ങളിലാണ് മാസങ്ങളായി ഈ പ്രതിസന്ധി തുടരുന്നത്.
വീടുകൾക്ക് അകത്തേക്കും പുറത്തേക്കും ഇറങ്ങാൻ പോലും കഴിയാത്തവിധം ദുരിതത്തിലാണ് നാട്ടുകാർ. എന്നാൽ ഒച്ചുകളെ പ്രതിരോധിക്കാനോ നശിപ്പിക്കാനോ ഉള്ള ഒരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്.
പ്രദേശത്തെ വീടുകളിലെ പച്ചക്കറികളും അലങ്കാരച്ചെടികളും വിവിധ കൃഷികളും ഇവ പൂർണ്ണമായി തിന്നു നശിപ്പിക്കുകയാണ്. റോഡരികുകളിലും വീടുകളുടെ മതിലുകളിലും കിണർത്തടങ്ങളിലും നൂറുകണക്കിന് ഒച്ചുകളാണ് കൂട്ടത്തോടെ പറ്റിപ്പിടിച്ചിരിക്കുന്നത്.
കെട്ടിടങ്ങളുടെ ഭിത്തികളിലും ഓടകളിലും ഇവയുടെ സാന്നിധ്യം വ്യാപകമാണ്. ഇതുവരെ കൃഷിവകുപ്പോ ആരോഗ്യവകുപ്പോ പഞ്ചായത്ത് അധികൃതരോ യാതൊരുവിധ പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല.
ഒച്ചുകളെ നശിപ്പിക്കുന്നതിനായി നാട്ടുകാർ സ്വന്തം നിലയിൽ ഉപ്പുപ്രയോഗം നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്തിന്റെ അര കിലോമീറ്റർ ചുറ്റളവിൽ കോപ്പർ സൾഫേറ്റ് (തുരിശ്) സ്പ്രേ ചെയ്യണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.
ഇത് വഴി മറ്റ് പ്രദേശങ്ങളിലേക്കുള്ള ഒച്ചുകളുടെ വ്യാപനം തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ആഫ്രിക്കൻ ഒച്ചുകളുടെ പെരുപ്പം കാർഷിക മേഖലയ്ക്കും മനുഷ്യന്റെ ആരോഗ്യത്തിനും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
മനുഷ്യരിൽ, പ്രത്യേകിച്ച് കുട്ടികളിൽ മസ്തിഷ്ക ജ്വരത്തിന് (മെനിഞ്ചൈറ്റിസ്) ഇത് കാരണമായേക്കാം. കൂടാതെ കർഷകർ നട്ടുനനയ്ക്കുന്ന ഒട്ടുമിക്ക വിളകളുടെയും ഇലകൾ തിന്നുനശിപ്പിച്ച് വലിയ സാമ്പത്തിക നഷ്ടവും ഇവ ഉണ്ടാക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

