കടയ്ക്കൽ ∙ വേനൽ മഴയിലും ഇടി മിന്നലിനും ആലിപ്പഴം (മഞ്ഞുകട്ടകൾ) വീണു. മണ്ണൂർ തുടയന്നൂർ പുത്താറ്റ്, വയലാ, കാട്ടാമ്പള്ളി മേഖലകളിലാണ് വലിയ ശബ്ദത്തോടെ വൈകിട്ട് ആലിപ്പഴം വീണത്.
വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്കും മറ്റും ചെറിയ നാശം ഉണ്ടായി. കുട്ടികൾ ഉൾപ്പെടെ ആലിപ്പഴം പെറുക്കാൻ പുറത്തിറങ്ങി.
മണ്ണൂർ കാർഷിക സഹകരണ സംഘം കെട്ടിടത്തിനും ചെറിയ കേടുപാടുണ്ടായി. അരമണിക്കൂർ സമയം പെയ്ത മഴയ്ക്കിടയിൽ കാറ്റും വീശി.
കാറ്റിലും ചെറിയ നാശം ഉണ്ടായി.
ചണ്ണപ്പട്ട ∙ മേഖലയിൽ കനത്ത വേനൽ മഴയ്ക്കൊപ്പം ഏറെനേരം ആലിപ്പഴ വർഷവും ഉണ്ടായി.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ ആയിരുന്നു ആലിപ്പഴ വർഷവും മഴയും. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇത്ര ശക്തമായ മഴ ലഭിക്കുന്നത്.
കുറച്ചു നേരം വൈദ്യുതി മുടങ്ങി എന്നത് ഒഴിച്ചാൽ മറ്റു നാശനഷ്ടങ്ങൾ ഉണ്ടായില്ല.
പെയ്തിറങ്ങി, ആശ്വാസ മഴ
കൊല്ലം ∙ ചുട്ടുപൊള്ളിയ കാത്തിരിപ്പിനൊടുവിൽ ജില്ലയിൽ ആശ്വാസമഴ. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജില്ലയിലെ കിഴക്കൻ മേഖലയടയ്ക്കമുള്ള വിവിധ മേഖലകളിൽ മഴ ലഭിച്ചത്.
പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, കുളത്തൂപ്പുഴ, പുത്തൂർ, എഴുകോൺ, കുണ്ടറ, പരവൂർ തുടങ്ങി ജില്ലയിലെ വിവിധ മേഖലകളിൽ ഏറിയും കുറഞ്ഞും മഴ ലഭിച്ചു. ഇന്നലെ രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷം പല ഇടങ്ങളിലുമുണ്ടായിരുന്നു.
ഉച്ചയ്ക്കു ശേഷം പെയ്ത മഴ പല ഇടങ്ങളിലെയും കടുത്ത ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതായിരുന്നു.
ഇന്നു ജില്ലയിൽ താപനില മുന്നറിയിപ്പില്ല. ഇന്നലെയോടെ യുവി ഇൻഡക്സും ജില്ലയിൽ സാധാരണ നിലയിലേക്കെത്തി.
കിഴക്കൻ മേഖലയിൽ ശക്തമായ കാറ്റോടു കൂടി മണിക്കൂറോളം മഴ പെയ്തു. ഇടിയും മിന്നലും ഉണ്ടായെങ്കിലും പരക്കെ നാശനഷ്ടങ്ങൾ ഉണ്ടായില്ല.
ചിലയിടങ്ങളിൽ മരങ്ങൾ വീണു ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി വിതരണം തകരാറിലാകുകയും ചെയ്തു.
പുനലൂർ
പുനലൂർ ∙ തുടർച്ചയായി രണ്ടാം ദിവസവും പുനലൂരിൽ കനത്ത മഴ ലഭിച്ചു. ഇന്നലെയും ഒരുമണിക്കൂറോളം കനത്തമഴയാണ് മേഖലയിൽ പെയ്തത്.
കഴിഞ്ഞ രണ്ട് ആഴ്ചയായി വേനൽച്ചൂടു മൂലം ഏറെ ദുരിതമനുഭവിച്ചവർക്ക് മഴ ആശ്വാസമായി. കഴിഞ്ഞദിവസം സാമാന്യം ഭേദപ്പെട്ട
മഴ പെയ്തതിലൂടെ ഇന്നലെ പകൽച്ചൂടും കുറവായിരുന്നു. എന്നാൽ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കിണറുകളിൽ ആവശ്യത്തിന് വെള്ളം ലഭിച്ചു തുടങ്ങണമെങ്കിൽ ശക്തമായ മഴ ലഭിക്കേണ്ടതുണ്ട്.
പത്തനാപുരം
ആശ്വാസമായെത്തിയ വേനൽ മഴയിൽ കാറ്റും മിന്നലും.
മരങ്ങൾ ഒടിഞ്ഞു വീണു ഗതാഗതം തടസ്സപ്പെടുകയും, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. താലൂക്കിലെ എല്ലാ പഞ്ചായത്തിലും ഒരു മണിക്കൂറോളം നീണ്ടു നിന്ന ശക്തമായ കാറ്റോടു കൂടിയ മഴയിൽ മലയോര മേഖലയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു.
പത്തനാപുരം–കുന്നിക്കോട് പാതയിൽ പിടവൂരിൽ കൂറ്റൻ മാവ് റോഡിലേക്ക് വീണ് മണിക്കൂറുകളാണ് ഗതാഗതം തടസ്സപ്പെട്ടത്. പിറവന്തൂർ, പട്ടാഴി, വിളക്കുടി പഞ്ചായത്തുകളിലാണ് റോഡ് ഗതാഗതം തടസ്സപ്പെട്ടത്.
എല്ലാ പഞ്ചായത്തിലും വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. ഇന്ന് രാവിലെയോടെ മാത്രമേ, വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്.
കടയ്ക്കല്
കടയ്ക്കൽ∙ മേഖലയിൽ ഇടിയും മിന്നലോടെ ശക്തമായ മഴ.
വൈകിട്ട് 3.30നു ശേഷം മഴയ്ക്കൊപ്പം കാറ്റും വീശി. പല ഭാഗത്തും ചെറിയ നാശം ഉണ്ടായി.
വേനലിൽ കടുത്ത ചൂടേറ്റ് ഇരുന്നവർക്ക് മഴ ചെറിയ ആശ്വാസമേകി. ഇട്ടിവ.
കടയ്ക്കൽ, ചിതറ പഞ്ചായത്തുകളുടെ പ്രദേശങ്ങളിലാണ് മഴ പെയ്തത്.
കൊട്ടാരക്കര
കൊട്ടാരക്കര∙ ഉച്ചവരെ കത്തിജ്വലിച്ച ചൂടിന് നേരിയ ശമനവുമായി വൈകിട്ട് വേനൽമഴ. ഇന്നലെ വൈകിട്ട് നാലോടെയാണ് കൊട്ടാരക്കരയിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്.
ഒരു മണിക്കൂറോളം മഴ പെയ്തു.
പുത്തൂര്
പുത്തൂർ ∙ വേനൽച്ചൂടിൽ ഉള്ളും പുറവും ചുട്ടുപൊള്ളുന്ന നാടിന് ആശ്വാസമായി വേനൽമഴ. ഇന്നലെ വൈകിട്ടോടെയാണ് പുത്തൂരിലും സമീപ പ്രദേശങ്ങളിലും മഴയെത്തിയത്.
ടൗണിലും പരിസരങ്ങളിലും മഴ ശക്തമായിരുന്നില്ലെങ്കിലും ഒരു മണിക്കൂറിലേറെ സമയം ഭേദപ്പെട്ട മഴ ലഭിച്ചു.
ചൂടിനും ഗണ്യമായ കുറവ് അനുഭവപ്പെട്ടു. കുളക്കട
മേഖലയിൽ പക്ഷേ ശക്തമായ മഴ പെയ്തു. മഴയോടൊപ്പം ഇടിയും ഉണ്ടായിരുന്നെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടായില്ല.
കടുത്ത വേനലിൽ ജലാശയങ്ങളും വറ്റിത്തുടങ്ങിയതിനാൽ കൃഷിയും നാശത്തിന്റെ വക്കിലാണ്. വേനൽമഴ പ്രതീക്ഷിക്കുന്നതു പോലെ ലഭിച്ചില്ലെങ്കിൽ ഇത്തവണ വൻ കൃഷിനാശത്തിനു കാരണമാകും എന്ന ആശങ്കയിലാണു കർഷകർ.
മഴ തുടർന്നേക്കും
ജില്ലയിൽ ഇന്നലെ പെയ്ത തരത്തിലുള്ള മഴ വരും ദിവസങ്ങളിലും തുടർന്നേക്കും.
അതോടൊപ്പം പരക്കെ മഴ സാധ്യത ഇല്ലെങ്കിലും ഇടി മിന്നൽ കാറ്റോടു കൂടിയ മഴ എല്ലാ ജില്ലകളിലും പ്രാദേശികമായി കൂടുതൽ പ്രദേശങ്ങളിലും ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതു നിലവിലെ ചൂടിനും ആശ്വാസം പകരും.
മഹാരാഷ്ട്രയ്ക്കും കർണാടകയ്ക്കും മുകളിലായി സ്ഥിതി ചെയ്തിരുന്ന പ്രതി ചക്രവാതത്തിന്റെ സ്വാധീനം വരും ദിവസങ്ങളിൽ കുറയുന്നതോടെ സംസ്ഥാനത്തു കഠിനമായ ചൂടിൽ നിന്നു ചെറിയ ആശ്വാസം ലഭിച്ചേക്കുമെന്നാണ് പ്രവചനം. അടുത്ത ദിവസങ്ങളിൽ ഉച്ച കഴിഞ്ഞു ഇടി മിന്നൽ കാറ്റ് ജാഗ്രതയും പ്രവചിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

