വിതുര ∙ കടുത്ത വേനലിനെ തുടർന്ന് അന്തരീക്ഷ ഊഷ്മാവ് ഉയർന്നു നിന്ന പൊന്മുടി മേയ് മാസത്തിലേക്ക് കടക്കുന്നതു മഞ്ഞ് വീഴ്ചയുടെ അകമ്പടിയോടെ. വേനൽ മഴ ശക്തമാകുമെന്ന കാലാവസ്ഥ പ്രവചനം ശരി വച്ച് ഇന്നലെ പൊന്മുടിയിൽ ശക്തമായ മഴ പെയ്തു.
ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു. മഴയ്ക്കു ശേഷം കോട
മഞ്ഞിറങ്ങി.
ആഴ്ചകളായി കോട മഞ്ഞ് ഇറങ്ങുന്നത് പൊന്മുടിയിലെ അപൂർവ കാഴ്ച മാത്രമായിരുന്നു.
10 വർഷത്തിനിടെ ആദ്യമായിട്ടായിരുന്നു ആഴ്ചകളോളം കോട മഞ്ഞ് വളരെ കുറച്ച് നേരം മാത്രം പൊന്മുടിയിൽ ഇറങ്ങിയത്.
എന്നാൽ ഇന്നലെ കഥ മാറി. വൈകിട്ടോടെ കോട
മഞ്ഞ് തീവ്രമായി പെയ്തിറങ്ങി.
തൊട്ടടുത്ത് നിൽക്കുന്ന ആളെപ്പോലും കാണാനാകാത്ത വിധം മഞ്ഞിറങ്ങുന്ന കാലാവസ്ഥയാണ് പൊന്മുടിയെ സഞ്ചാരികളുടെ ഇഷ്ട ഇടമാക്കുന്നത്.
വേനലവധി ആഘോഷിക്കാനെത്തിയവരിലേറെയും ഇക്കുറി പക്ഷേ മഞ്ഞ് കാണാതെ നിരാശരായി മടങ്ങിയിരുന്നു. ചൂട് കാരണം സഞ്ചാരികളുടെ വരവിലും ഗണ്യമായി കുറവുണ്ടായി.
മഞ്ഞിറക്കം സംബന്ധിച്ച അനുകൂല സൂചന വന്നതോടെ ഇനിയുള്ള ദിവസങ്ങൾ കൂടുതൽ പേരെത്തും.
അതേസമയം, ശക്തമായ മഴ പെയ്യുമ്പോൾ പൊന്മുടിയിൽ മിന്നലിനു സാധ്യതയുണ്ട്. മുൻപ് മിന്നലേറ്റ് മരണവും പൊന്മുടിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ പശ്ചാത്തലത്തിൽ മിന്നിൽ ഭീതി വന്നാൽ പൊന്മുടിയിലേക്കുള്ള പ്രവേശനം നിർത്തി വയ്ക്കുന്നതാണ് പതിവ്. മൺസൂൺ കാലത്ത് ‘മഴ നടത്തം’ ഉൾപ്പെടെയുള്ള പരിപാടികളുമായി കൂട്ടായ്മകൾ പൊന്മുടി കയറുന്നത് ആ അനുഭൂതി നുകരാൻ കൂടിയാണ്.
പൊന്മുടിയിൽ തങ്ങാനെത്തിയവർ ഏറെ
മഞ്ഞ് വീഴ്ചയുടെ തോത് കുറവായിരുന്നെങ്കിലും പൊന്മുടി ഗെസ്റ്റ് ഹൗസ്, പിഡിബ്ല്യുഡി ക്യാംപ് ഷെഡ്, സ്വകാര്യ ടൂറിസം ബംഗ്ലാവുകൾ എന്നിവിടങ്ങളിൽ സഞ്ചാരികൾ ഒഴുകി.
മഞ്ഞ് വീഴ്ചയുള്ള രാത്രികളുടെ എണ്ണം കുറവാണെങ്കിലും താപനില മറ്റിടങ്ങളെ അപേക്ഷിച്ചു കുറവായിരിക്കുമെന്ന് പ്രതീക്ഷയിലാണ് സഞ്ചാരികളിലേറെയും പൊന്മുടിയിൽ തങ്ങാനായി എത്തിയത്.
ഇനി തിരക്കേറും
വേനൽ മഴ ശക്തമാകുന്നതോടെ പൊന്മുടിക്കൊപ്പം മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തിരക്കേറും. കല്ലാർ ഗോൾഡൻ വാലി, മീൻമുട്ടി, വാഴ്വാംതോൽ വെള്ളച്ചാട്ടങ്ങളും പേപ്പാറ ഡാമും സഞ്ചാരികളെ കൊണ്ട് നിറയും എന്നാണ് വിലയിരുത്തൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

