കൊല്ലം ∙ ലഹരിക്കടത്തിലെ മുഖ്യകണ്ണികളായ യുവതി അടക്കമുള്ള 2 പേരെ കരുതൽ തടങ്കലിലാക്കി. കൊല്ലം ചന്ദനത്തോപ്പ് ഇടവട്ടം ഐടിഐ വാർഡ് രഞ്ജു മന്ദിരത്തിൽ അച്ചു (30), എറണാകുളം പച്ചാളം സഫ്തർ ഹശ്മി ലൈൻ ഓർക്കിഡ് ഇന്റർനാഷനൽ അപ്പാർട്മെന്റിൽ സിന്ധു (31) എന്നിവരെയാണു കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
എംഡിഎംഎ കടത്തിയ സംഭവത്തിൽ സിന്ധുവിനെതിരെ 3 കേസുകളും അച്ചുവിനെതിരെ 2 കേസുകളും നിലവിലുണ്ട്. 2023ൽ കാറിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി ഇരുവരെയും പാലക്കാട് വച്ചു കൊല്ലംകോട് പൊലീസ് പിടികൂടിയിരുന്നു.
അന്ന് ഇവരുടെ പക്കൽ നിന്ന് 25 ഗ്രാം എംഡിഎംഎ പിടികൂടി.
പിന്നീട്, ഇക്കഴിഞ്ഞ ജൂലൈയിൽ കൊല്ലത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് 6 ഗ്രാം എംഡിഎംഎയുമായി ഇരുവരെയും കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സിന്ധു വീണ്ടും ലഹരി വിൽപന നടത്തുന്നതിനിടെ കഴിഞ്ഞ സെപ്റ്റംബറിൽ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി.
ഈ കേസിൽ സിന്ധു എറണാകുളം കാക്കനാട് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. സിന്ധുവും അച്ചുവും ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിൽ എത്തിച്ചു വിൽപന നടത്തുന്നവരിൽ പ്രധാനികൾ ആണെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
ഇരുവരും ഇത്തരം കുറ്റകൃത്യങ്ങളിൽ നിന്നു പിന്മാറുന്നില്ലെന്നും ഇവരെ കരുതൽ തടങ്കലിൽ ആക്കണമെന്നും കാട്ടി കൊല്ലം എസിപി എസ്.ഷെറീഫ് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണനു നൽകിയ റിപ്പോർട്ട് പരിശോധിച്ച ആഭ്യന്തര വകുപ്പാണ് നടപടിക്ക് ഉത്തരവിട്ടത്. തുടർന്ന്, അച്ചുവിനെ കൊല്ലത്തു നിന്ന് ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാർ, എസ്ഐ നിയാസ് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. സിന്ധുവിന്റെ കരുതൽ തടങ്കൽ കാക്കനാട് ജയിൽ എത്തി ഈസ്റ്റ് എസ്ഐ സരിതയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

