കരുനാഗപ്പള്ളി ∙ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് നടക്കുന്നതിനിടെ പരേതരായ വോട്ടർമാരെ അനുസ്മരിച്ച് കരുനാഗപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി സി.ആർ.മഹേഷിന്റെ വൈകാരിക കുറിപ്പ്. ‘5 വർഷത്തിനിപ്പുറം ഈ അവസരത്തിൽ കാണാമറയത്തേക്ക് പോയവരുടെ ഓർമകൾ വല്ലാതെ വേദനിപ്പിക്കുന്നു.
എന്നെ അത്രമേൽ സ്നേഹിച്ച ഒത്തിരി പേരുണ്ടായിരുന്നു. അവർക്ക് വ്യക്തിപരമായി എനിക്കൊന്നും തന്നെ തിരികെ നൽകാൻ കഴിഞ്ഞിട്ടില്ല.
മകനായി, സുഹൃത്തായി, സഹോദരനായി, മഹേഷ് എന്നും അളിയാ എന്നും എംഎൽഎ എന്നും അണ്ണാ എന്നുമൊക്കെ വിളിച്ചിരുന്ന കുറെ മനുഷ്യർ… അവരുടെയൊക്കെ അസാന്നിധ്യം, അഭാവം വല്ലാത്തൊരു വേദനയായി തോന്നാറുണ്ട്.’– സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ മഹേഷ് പറയുന്നു
സി.ആർ.മഹേഷ് എഴുതിയ കുറിപ്പിന്റെ പൂർണരൂപം:
നിങ്ങൾക്കെന്റെ കണ്ണീർപൂക്കൾ പ്രാർഥനകൾ … തിരഞ്ഞെടുപ്പ് സാധാരണ വോട്ട് നേടുന്ന ഒരു പ്രക്രിയയാണ്. വോട്ടുകൾ ജീവിച്ചിരിക്കുന്ന മനുഷ്യരാണ് നമുക്ക് ചെയ്യാനുള്ളത്.
നമുക്ക് വേണ്ടി പ്രവർത്തിക്കാനും പ്രചാര വേല നടത്താനും എല്ലാം ജീവിച്ചിരിക്കുന്നവർക്കേ സാധ്യമാവൂ. അതുകൊണ്ടുതന്നെ വോട്ടെടുപ്പിന്റെ കണക്കുകളെടുക്കുന്ന എല്ലാവരും ജീവിച്ചിരിക്കുന്ന വോട്ടർമാരുടെ കണക്കുകളും അതിന്റെ കമ്മിറ്റികളും പ്രചാര വേലയും ഒക്കെയാണ് ചർച്ച ചെയ്യാറുള്ളത്.
പക്ഷേ ഇത്തവണത്തെ പ്രചാരണത്തിന് ഞാൻ ഓരോ മേഖലയിലും കവലകളിലും ക്ഷേത്രങ്ങളിലും വീടുകളിലും പൊതുയിടങ്ങളിലും ചെല്ലുമ്പോൾ, കാണുന്നവരോട് വർത്തമാനം പറയുകയും ചിരിക്കുകയുമൊക്കെ ചെയ്യുമ്പോൾ എന്റെ ഉള്ളിൽ 5 വർഷത്തിനിപ്പുറം ഈ അവസരത്തിൽ കാണാമറയത്തേക്ക് പോയ, കാണാതായവരുടെ ഓർമകൾ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.
എന്നെ അത്രമേൽ ഇഷ്ടത്തോടെ സ്നേഹിച്ച ഒത്തിരി പേരുണ്ടായിരുന്നു.
അവർക്ക് വ്യക്തിപരമായി എനിക്കൊന്നും തന്നെ തിരികെ നൽകാൻ കഴിഞ്ഞിട്ടില്ല. മകനായി, സുഹൃത്തായി, സഹോദരനായി, മഹേഷ് എന്നും അളിയാ എന്നും എംഎൽഎ എന്നും അണ്ണാ എന്നുമൊക്കെ വിളിച്ചിരുന്ന കുറെ മനുഷ്യർ… അവരുടെയൊക്കെ അസാന്നിധ്യം, അഭാവം വല്ലാത്തൊരു വേദനയായി തോന്നാറുണ്ട്.
ഓരോ പ്രദേശത്തും പോയി തിരികെ വന്നു രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ തെളിയുന്നതെല്ലാം ആ മുഖങ്ങളാണ്. ജീവിതം തുടർച്ചയാണ്.
പദവികളും സ്ഥാനമാനങ്ങളും എല്ലാം വരുന്നതും പോകുന്നതുമാണ്. അവസാന മേൽവിലാസം പരേതൻ എന്ന് മാത്രമാണ്.
ബാക്കി മേൽവിലാസങ്ങളെല്ലാം മാറുമ്പോഴും അവസാനം മേൽവിലാസം പിന്നെ മാറുന്നതേയില്ല. എന്റെ ജീവന്റെ ജീവിതത്തിന്റെ ഭാഗമായവരെ നിങ്ങളെ ഓർക്കുന്നു, ഞാൻ നിങ്ങൾക്കായി പ്രാർഥിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

