ഇറാൻ ജനതയുടെ അവകാശങ്ങൾ പൂർണ്ണമായും സുരക്ഷിതമാക്കാതെ അമേരിക്കയുമായി യാതൊരുവിധ കരാറുകളിലും ഒപ്പുവെക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. ഔദ്യോഗിക മാധ്യമത്തിന് നൽകിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ശത്രുരാജ്യത്തിന്റെ വാഗ്ദാനങ്ങളെ ഇറാൻ വിശ്വാസത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ കരാർ വ്യവസ്ഥകളെ സംബന്ധിച്ച നിർണ്ണായകമായ ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഗാലിബാഫിന്റെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
ഇതിനിടെ, കരാർ ചർച്ചകൾ അധികം നീട്ടിക്കൊണ്ടുപോകാതെ വേഗത്തിൽ അന്തിമതീരുമാനത്തിലെത്താനാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നത്. ഇറാൻ ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന ഭീഷണി പൂർണ്ണമായും ഇല്ലാതാകാതെ ഒരു കരാറിലേക്കും ഒപ്പുവെക്കില്ലെന്ന നിലപാടിലാണ് അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർ ഉള്ളത്.
അതേസമയം, മേഖലയിലെ സൈനിക സാന്നിധ്യം ശക്തമാക്കി ഇറാൻ രംഗത്തുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28 കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയതായി ഐആർജിസി റിപ്പോർട്ട് ചെയ്തു.
ഹോർമുസിലെ തങ്ങളുടെ നിയന്ത്രണം തുടരുമെന്നും സംഘടന വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണമായ നിയന്ത്രണവും നടത്തിപ്പും നിയമവിധേയമാക്കാനുള്ള കരട് ബിൽ ഇറാൻ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.
സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ യുദ്ധത്തിന്റെ പാത സ്വീകരിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തിന്റെ ആദ്യദിനങ്ങളെ അപേക്ഷിച്ച് നിലവിൽ വലിയ രീതിയിലുള്ള യുദ്ധസന്നാഹങ്ങൾ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

