കൊട്ടാരക്കര∙ പള്ളിക്കൽ ഏലാപ്പുറം സർപ്പക്കാവിലെ വിഗ്രഹങ്ങൾ നീക്കം ചെയ്ത് കൽവിളക്കുകൾ അടിച്ചു തകർക്കുകയും ഓഫിസ് ഫർണിച്ചർ നശിപ്പിക്കുകയും ചെയ്തെന്നു പരാതി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയം. ക്ഷേത്രത്തിലെ ശിവവിഗ്രഹം കടത്തിക്കൊണ്ടുപോവുകയും സർപ്പക്കാവിലെ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും വിഗ്രഹം പിഴുതുമാറ്റി സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. ക്ഷേത്രത്തിനു മുന്നിലെ മൂന്ന് കൽവിളക്കുകളും അടിച്ച് തകർത്ത നിലയിലാണ്.
ശിവക്ഷേത്രത്തിന്റെ നവീകരണം നടക്കുന്നതിനാൽ ക്ഷേത്ര പരിസരത്ത് ബാലാലയ പ്രതിഷ്ഠ നടത്തി ശിവനെ പ്രതിഷ്ഠിച്ചിരുന്നു. ഈ വിഗ്രഹമാണ് കടത്തിയത്.
കമ്മിറ്റി ഓഫിസിലെ 25 കസേരകളും രണ്ട് മേശകളും തകർത്തവയിൽ ഉൾപ്പെടുന്നു.
മുട്ടത്തറ ജംക്ഷനിലെ ക്രിസ്മസ് പുൽക്കൂടും നശിപ്പിച്ചതായി കണ്ടെത്തി. വർഷങ്ങൾക്ക് മുൻപും ക്ഷേത്രത്തിൽ അക്രമം നടന്നിരുന്നു.
അന്ന് ഫലപ്രദമായ അന്വേഷണം നടന്നില്ലെന്നും പരാതി ഉണ്ട്. ഇന്നലത്തെ സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപദേശകസമിതി പ്രസിഡന്റ് എസ്.സതീഷ്കുമാർ പൊലീസിൽ പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

