കരുനാഗപ്പള്ളി ∙ ജാതി വിവേചനമാണു ജാതി ചിന്ത ഉണ്ടാക്കുന്നതെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കരുനാഗപ്പള്ളി, ചവറ യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ ഓരോ പ്രശ്നത്തിലും പ്രശ്നാധിഷ്ഠിതമായി അഭിപ്രായം പറയുമ്പോൾ അതിനെ മറ്റു തരത്തിൽ കാണുന്നു. ന്യായവും നീതിയും പറയുമ്പോൾ അതിനെ ജാതീയമായി കാണുന്നു.
മറ്റുള്ളവർ ജാതിയും സമുദായവും പറഞ്ഞ് കാര്യങ്ങൾ നേടി എടുക്കുമ്പോൾ ജാതി പറയാൻ മറന്നു പോയ ഈഴവർ എവിടെയും എത്താതെ രാഷ്ട്രീയ അധികാരത്തിൽ തന്നെ വട്ട പൂജ്യമായി.
ഇതു മാറണമെങ്കിൽ സംഘടിച്ച് ശക്തരാകണം.
മറ്റാരുടെയും അവകാശങ്ങൾ കവരാതെ അർഹതപ്പെട്ട അവകാശങ്ങളും അധികാരവും നേടി എടുക്കണം.പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരുമ്പോൾ സമുദായത്തിനു അർഹതപ്പെട്ടതു ചോദിച്ചു വാങ്ങുന്നതിൽ മടി കാണിക്കരുത്.
ബാക്കിയുള്ളവരൊക്കെ ജാതി പറയുന്നതിൽ അഭിമാനം കൊള്ളുന്നു. ആ അഭിമാനത്തിലേക്ക് നമ്മൾ വന്നാലെ ഈഴവർ നന്നാകുകയും ഒന്നാകുകയും ചെയ്യൂ.
സാമൂഹികപരമായും വിദ്യാഭ്യാസപരമായും, സാമ്പത്തികമായും നമ്മൾ എവിടെ എത്തിയെന്നു ചിന്തിക്കണം. സംഘടിത വിഭാഗങ്ങൾ അധികാരത്തിൽ കയറി പറ്റി പലതും ഒപ്പിട്ടു വാങ്ങി എടുക്കുമ്പോൾ, നമ്മൾ ഇപ്പോഴും തൊഴിലുറപ്പിൽ കിടക്കുകയും, കിടന്നിടത്തു കിടന്ന് ഉരുളുകയുമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കൂട്ടായ്മ ഉണ്ടാകുകയും ഈഴവനാണെന്നു പറയാനുള്ള അഭിമാന ബോധം ഉണ്ടാകുകയും വേണം.തനിക്ക് പാർലമെന്ററി വ്യാമോഹങ്ങൾ ഒന്നും തന്നെ ഇല്ല.
ചിലർ താൻ കമ്യൂണിസ്റ്റാണെന്നും മറ്റു ചിലർ താൻ ബിജെപിയാണെന്നുമൊക്കെ പറയുന്നു. സത്യം പറഞ്ഞാൽ താൻ എസ്എൻഡിപി ആണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.യോഗ ഭരണ തലത്തിൽ 30 വർഷങ്ങൾ പിന്നിട്ട
വെള്ളാപ്പള്ളി നടേശനെ കരുനാഗപ്പള്ളി , ചവറ യൂണിയൻ ഭാരവാഹികൾ വലിയ പൂമാലയും തലപ്പാവും ദണ്ഡം, അയ്യപ്പ വിഗ്രഹവും നൽകി ആദരിച്ചു. കേക്ക് മുറിക്കുകയും ചെയ്തു.
എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടന വിശദീകരണം നടത്തി.
യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടന സന്ദേശം നൽകി. എസ്എൻ ട്രസ്റ്റ് ബോർഡ് മെംബർ പ്രീതി നടേശൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, പ്രസിഡന്റ് കെ.സുശീലൻ, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

