മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റാ സൺസിനെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുന്നതിനായി പുതിയ പുനഃസംഘടനാ നിർദ്ദേശവുമായി ടാറ്റാ ട്രസ്റ്റ് രംഗത്തെത്തി. ഗ്രൂപ്പിലെ രണ്ട് പ്രമുഖ സംരംഭങ്ങളായ ടാറ്റാ ഇലക്ട്രോണിക്സ് സിസ്റ്റംസ് സൊല്യൂഷൻസ്, ടാറ്റാ കൺസൾട്ടിംഗ് എൻജിനീയേഴ്സ് എന്നിവയെ ടാറ്റാ സൺസുമായി ലയിപ്പിക്കാനാണ് പ്രധാന നിർദ്ദേശം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലവിലുള്ള നിബന്ധനകൾ പ്രകാരം ടാറ്റാ സൺസ് ‘അപ്പർ ലെയർ’ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി, കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി എന്നീ വിഭാഗങ്ങളിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഈ കാറ്റഗറിയിൽ വരുന്ന കമ്പനികൾ നിർബന്ധമായും ഓഹരി വിപണിയിൽ പബ്ലിക് ലിസ്റ്റിംഗ് നടത്തണമെന്നാണ് ആർ.ബി.ഐയുടെ കർശന വ്യവസ്ഥ.
എന്നാൽ, ടാറ്റാ സൺസിനെ ഒരു സ്വകാര്യ അൺലിസ്റ്റഡ് കമ്പനിയായി തന്നെ നിലനിർത്താനാണ് ടാറ്റാ ട്രസ്റ്റ് ലക്ഷ്യമിടുന്നത്. രണ്ട് ഓപ്പറേറ്റിംഗ് കമ്പനികളെ ടാറ്റാ സൺസിലേക്ക് ലയിപ്പിക്കുന്നതോടെ സ്ഥാപനത്തിന്റെ വരുമാന ഘടനയിൽ വലിയ മാറ്റങ്ങളുണ്ടാകും.
സാമ്പത്തിക നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തേക്കാൾ കൂടുതൽ തുക നേരിട്ടുള്ള ബിസിനസ്സ് പ്രവർത്തനങ്ങളിൽ നിന്ന് ലഭ്യമാകുന്ന സാഹചര്യം വരും. ഇതോടെ ടാറ്റാ സൺസ് എൻ.ബി.എഫ്.സി അല്ലെങ്കിൽ സി.ഐ.സി പരിധിയിൽ നിന്ന് സ്വാഭാവികമായി ഒഴിവാക്കപ്പെടും എന്നാണ് കണക്കുകൂട്ടൽ.
ഇതിലൂടെ ലിസ്റ്റിംഗ് മാനദണ്ഡങ്ങളിൽ നിന്ന് നിയമപരമായി വിടുതൽ നേടാമെന്നാണ് ട്രസ്റ്റിന്റെ വിലയിരുത്തൽ. ഈ സുപ്രധാന പുനഃസംഘടനാ നിർദ്ദേശം ഇതിനോടകം തന്നെ ടാറ്റാ സൺസ് ബോർഡിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്.
ഡയറക്ടർ ബോർഡിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചയുടൻ, റിസർവ് ബാങ്കിൽ നിന്ന് മുൻകൂട്ടി നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കാനുള്ള തുടർ നടപടികളിലേക്ക് കടക്കാനാണ് ടാറ്റാ ട്രസ്റ്റിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

