തൃശൂർ∙ തിരഞ്ഞെടുപ്പുകൾ അട്ടിമറിച്ചാണ് പുതിയ കാലത്ത് ഏകാധിപതികൾ അധികാരത്തിൽ വരുന്നതെന്നും ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ വരെ അതിന് ഉപയോഗിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പ്രഥമ ബാലചന്ദ്രൻ വടക്കേടത്ത് സാഹിത്യ പുരസ്കാരം ഡോ.
വി.രാജകൃഷ്ണന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലർക്ക് വേണ്ടി നുണപ്രചാരണത്തിന് നേതൃത്വം നൽകിയ ഗീബൽസിന്റെ പണി ഇപ്പോൾ ചില പിആർ ഏജൻസികളാണ് ചെയ്യുന്നത്.
ആരെ വേണമെങ്കിലും അപമാനിക്കാനും ആരെ വേണമെങ്കിലും വെള്ളപൂശാനും ഇവർക്കാകും. ഏകാധിപതികൾ എല്ലാം ഭീരുക്കളാണ്.
ചെറുത്തുനിൽക്കുന്നവരെയാണ് ഇവർക്ക് ഭയം. അത് തിരുവനന്തപുരം മുതൽ ജർമനി വരെ അങ്ങനെയായിരുന്നു.
എല്ലാവരുമായി കലഹിക്കുന്നയാളായിരുന്നെങ്കിലും ബാലചന്ദ്രൻ വടക്കേടത്ത് താനുമായി ഒരിക്കലും കലഹിച്ചിരുന്നില്ല.
അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും കയ്യിൽ ഉണ്ട്. കോൺഗ്രസിന്റെ പൈതൃകത്തെ വലിയ രീതിയിൽ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെയുള്ളിൽ ഫാഷിസ്റ്റ് വിരുദ്ധത എപ്പോഴും ഉണ്ടായിരുന്നു.
ബുദ്ധിജീവി ചമഞ്ഞുള്ള കാപട്യങ്ങളെ അദ്ദേഹം തുറന്നുകാട്ടി. കേരള സാഹിത്യ അക്കാദമി അദ്ദേഹത്തെ മറന്നുകളഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ ചെറുത്തുനിൽപ് കാരണമാണ് – സതീശൻ പറഞ്ഞു.
സ്വതന്ത്ര ജനാധിപത്യം ഇന്ത്യയിൽ അപകടത്തിലാണെന്നും ഭാഗികമായ ജനാധിപത്യമാണ് നിലവിലുള്ളതെന്നും പുരസ്കാരം ഏറ്റുവാങ്ങി ഡോ.
വി.രാജകൃഷ്ണൻ പറഞ്ഞു. ചരിത്രത്തെ വികൃതമാക്കി ആളുകളുടെ ഓർമകളെ മായ്ക്കുന്ന ഈ ഘട്ടത്തിൽ എഴുത്തുകാർക്ക് നിശ്ശബ്ദരായിരിക്കാൻ കഴിയില്ല.
ഒരു ജീവിതമേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ് അത് സാർഥകമായി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ.പ്രതാപൻ അധ്യക്ഷത വഹിച്ചു.
സാഹിത്യ അക്കാദമി ബാലചന്ദ്രൻ വടക്കേടത്ത് അനുസ്മരണം നടത്താത്തതിൽ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. എൻ.ശ്രീകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ബാലചന്ദ്രൻ വടക്കേടത്ത് അവസാനം എഴുതിയ‘ മനുഷ്യ വനങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ എഴുത്തുകാരൻ കെ.രഘുനാഥന് കൈമാറി നിർവഹിച്ചു.
ഡോ. പി.വി.കൃഷ്ണൻ നായർ, കെ.യു.രഘുരാമ പണിക്കർ, സനീഷ് കുമാർ ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ അനിൽ അക്കര, ജോസ് വള്ളൂർ, സ്മാരക സമിതി ചെയർമാൻ സുനിൽ ലാലൂർ, ജനറൽ കൺവീനർ കെ.ബി.അനിൽകുമാർ, കൃഷ്ണചന്ദ്രൻ വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

