കൊല്ലം ∙ ജയിലിലെ നല്ല ഭക്ഷണം പ്രതീക്ഷിച്ച്, കലക്ടറേറ്റ് സമുച്ചയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസിന്റെ ടോൾഫ്രീ നമ്പറിൽ ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് ജോണിനെ (44) ആണ് വെസ്റ്റ് പൊലീസ് പിടികൂടിയത്.
വ്യാഴം രാവിലെ 10ന് ആണ് സ്വന്തം മൊബൈൽ ഫോണിൽ നിന്ന് 112 എന്ന നമ്പറിൽ വിളിച്ച് ഭീഷണി മുഴക്കിയത്.
കലക്ടറേറ്റിൽ വച്ചിട്ടുള്ള ബോംബ് 50 മിനിറ്റിനുള്ളിൽ പൊട്ടുമെന്നായിരുന്നു ഭീഷണി. ഫോൺ നമ്പർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ ഉടമയെ തിരിച്ചറിഞ്ഞു.
തുടർന്ന് ടവർ ലൊക്കേഷൻ മനസ്സിലാക്കി പ്രമോദിന്റെ വീട്ടിൽ പൊലീസ് സംഘമെത്തി. പൊലീസ് ഉടൻ വരുമെന്ന പ്രതീക്ഷയിൽ വീടിന് മുന്നിൽ പ്രമോദ് നിൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തിൽ കലക്ടറേറ്റിൽ ബോംബ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു.
ജയിലിൽ കഴിയാനാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് പ്രമോദ് വെളിപ്പെടുത്തിയെങ്കിലും പൊലീസ് ആദ്യം വിശ്വസിച്ചില്ല. തീവ്രവാദ ബന്ധം സംശയിച്ചും ചോദ്യം ചെയ്തു.
പ്രാദേശികമായുള്ള അന്വേഷണത്തിനു ശേഷമാണ് പൊലീസ്, പ്രമോദിന്റെ മൊഴി വിശ്വസിച്ചത്. അവിവാഹിതനായ പ്രമോദ് ജോലിക്കു പോകാറില്ല.
അടിപിടിക്കേസിൽ നേരത്തേ 15 ദിവസം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും അന്നു കൃത്യസമയത്ത് ഭക്ഷണം ലഭിച്ചിരുന്നതായും പ്രമോദ് പറഞ്ഞു. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

