ഗിയർ തകരാറിനെ തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് കെട്ടി വലിച്ചു കൊണ്ടു വരുന്നതിനിടെ വടം പൊട്ടി മത്സ്യബന്ധന ബോട്ട് കരയിലേക്ക് ഇടിച്ചു കയറി. നീണ്ടകര പുത്തൻതുറ ഇലവും വീട്ടിൽ ഐ.ജഗേഷിന്റെ ഉടമസ്ഥതയിലുള്ള ‘കൈരളി’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
പുലർച്ചെ ഒന്നരയോടെ ശക്തികുളങ്ങര ഹാർബറിന് സമീപത്തായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന സ്രാങ്കും 12 തൊഴിലാളികളും പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
നിലവിൽ മണ്ണിൽ പുതഞ്ഞു പോയ ബോട്ട് നീക്കം ചെയ്യാനുള്ള യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അഞ്ചുതെങ്ങിൽ നിന്ന് തകരാറിലായ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് ആണ് കെട്ടി വലിച്ചു കൊണ്ടു വന്നത്.
ഹാർബറിന് അടുത്തേക്ക് എത്തിയപ്പോൾ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ട് തിരമാലയിൽപ്പെട്ട് ദിശമാറി നീങ്ങി. പെട്ടെന്ന് വെട്ടിച്ച് തിരിക്കവെ കൈരളി ബോട്ടുമായി ബന്ധിപ്പിച്ച വടം പൊട്ടുകയായിരുന്നു.
ഇതോടെ കൈരളി ബോട്ട് ദിശതെറ്റി ശക്തമായ തിരമാലയ്ക്കൊപ്പം ശക്തികുളങ്ങര സെന്റ് ജോൺ ഡി ബ്രിട്ടോസ് ദേവാലയത്തിന് സമീപത്തെ തീരത്തേക്ക് ഒഴുകിയെത്തുകയും പാറയിലും മണൽ തിട്ടയിലുമായി ഇടിച്ചു നിൽക്കുകയും ചെയ്തു. ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞതിനെ തുടർന്ന് മണ്ണും വെള്ളവും ബോട്ടിനുള്ളിലേക്ക് കയറുന്ന സ്ഥിതിയുണ്ട്.
കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ കടലിൽ ശക്തമായ തിരമാലയുണ്ട്. എത്രയും പെട്ടെന്ന് ബോട്ട് ഇവിടെ നിന്ന് നീക്കിയില്ലെങ്കിൽ ബോട്ട് പൂർണമായും തകർന്നടിയും.
ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്നലെ ഉച്ചയോടെ സ്ഥലത്ത് എത്തിയെങ്കിലും ബോട്ട് മാറ്റുന്നതിനുള്ള പ്രാരംഭ നടപടികൾ പോലും ഇതുവരെയായിട്ടില്ല. ശനി പുലർച്ചെ 3നാണ് ശക്തികുളങ്ങര ഹാർബറിൽ നിന്ന് കൈരളി ബോട്ട് മത്സ്യബന്ധനത്തിനായി കടലിലേക്ക് പുറപ്പെട്ടത്.
വൈകിട്ട് മൂന്നോടെ അഞ്ചുതെങ്ങ് ഭാഗത്തു വെച്ചാണ് ബോട്ടിന് തകരാർ സംഭവിക്കുന്നത്. ഉടൻ തന്നെ സ്രാങ്ക് വെള്ളിമൺ സ്വദേശിയായ എം.മണികണ്ഠൻ ഉടമയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടർന്ന് വിഴിഞ്ഞത്തുള്ള കോസ്റ്റ് ഗാർഡിൽ വിവരം അറിയിക്കുകയായിരുന്നു. അവർ ഉടൻ തന്നെ ബോട്ട് കിടന്ന ഭാഗത്ത് എത്തി തകരാർ എന്താണെന്ന് പരിശോധിച്ചു.
പരിഹരിക്കാൻ ബുദ്ധിമുട്ടുള്ളതിനാലാണ് കെട്ടിവലിച്ചു കൊണ്ടു പോകാൻ തീരുമാനിച്ചത്. അതിനിടെ രാത്രി ഏഴോടെ വിവരം അറിഞ്ഞ ഉടമ മന്ത്രി ഷിബു ബേബി ജോണുമായി ബന്ധപ്പെടുകയും തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ ഞായർ വൈകിട്ടോടെ അഞ്ചുതെങ്ങ് ഭാഗത്ത് എത്തിയ ശേഷം രാത്രിയോടെ ബോട്ട് കെട്ടി വലിച്ചു കൊണ്ടു വരികയും ചെയ്യുകയായിരുന്നു.
നടുക്കടലിൽ വെച്ച് ബോട്ട് തകരാറിലായപ്പോൾ ഉണ്ടായ ഭയത്തെക്കുറിച്ച് സ്രാങ്ക് എം.മണികണ്ഠൻ വിശദീകരിക്കുന്നു: “നടുക്കടലിൽ വച്ച് ബോട്ട് തകരാറിലായതോടെ ഞങ്ങളെല്ലാം ആശങ്കയിലായി. കള്ളക്കടൽ പ്രതിഭാസമുള്ളതിനാൽ ഞാൻ ഉൾപ്പെടെ മറ്റ് 12 തൊഴിലാളികളും എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോയ നിമിഷങ്ങൾ.
പലതവണ മറൈൻ എൻഫോഴ്സ്മെന്റ് അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. തുടർന്നാണ് കോസ്റ്റ് ഗാർഡ് അധികൃതരെ ബന്ധപ്പെട്ടത്.
അവർ വിഴിഞ്ഞത്തു നിന്നും ഉടൻ ഞങ്ങളുടെ അടുത്ത് എത്തി. എൻജിന്റെ തകരാറാണെന്നാണ് ആദ്യം ഞങ്ങൾ കരുതിയത്.
വിശദമായ പരിശോധനയിലാണ് ഗിയർ തകരാറാണെന്ന് മനസ്സിലായത്. അപ്പോഴേക്കും ഉടമയുമായി ബന്ധപ്പെടാനും സാധിച്ചു.
ഞങ്ങളെയെല്ലാം രക്ഷപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന ഉടമയുടെ വാക്കുകളാണ് വലിയ ആശ്വാശമായത്. മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് കെട്ടിവലിച്ചു കൊണ്ടു വന്നപ്പോൾ പലയിടത്തു വച്ചും വടം പൊട്ടിയിരുന്നു.
എന്നാൽ ശക്തികുളങ്ങര ഹാർബറിനോട് അടുത്ത് എത്തിയപ്പോഴാണ് പെട്ടെന്ന് ശക്തമായ തിരമാലിയിൽ കെട്ടിവലിച്ച ബോട്ട് ദിശമാറുകയും വടം വീണ്ടും പൊട്ടി ഞങ്ങളുടെ ബോട്ട് നിയന്ത്രണം വിട്ട് തീരത്തേക്ക് ഇടിച്ചു കയറിയതും. മയക്കത്തിലായിരുന്ന ഞങ്ങളെല്ലാം വലിയ ശബ്ദം കേട്ട് ഞെട്ടി ഉണർന്നപ്പോഴാണ് ബോട്ട് ഇടിച്ചു നിൽക്കുന്നത് അറിഞ്ഞത്.
അപകടം മനസ്സിലാക്കി ബോട്ടിൽ നിന്ന് ചാടി കരയിലേക്ക് നീന്തി രക്ഷപ്പെടുകയായിരുന്നു.” അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ബോട്ടുടമ ഐ.ജഗേഷ് രംഗത്തെത്തി. “അപകട
വിവരം അറിഞ്ഞിട്ട് മണിക്കൂറുകൾക്കു ശേഷമാണ് കൊല്ലത്തു നിന്ന് മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് പുറപ്പെട്ടത്. അപകടം നടന്നത് ശനി വൈകിട്ട് 3നാണ്.
ശനി രാത്രി വിവരം അറിഞ്ഞിട്ടും ഞായർ വൈകിട്ട് 3നാണ് മറൈൻ എൻഫോഴ്സ്മെന്റ് അഞ്ചു തെങ്ങിലേക്ക് പുറപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് ബോട്ട് ശക്തികുളങ്ങരയിലേക്ക് കൊണ്ടു വന്നത്.
വിവരം അറിഞ്ഞിട്ടും ഇത്രയും താമസം വരുത്തിയത് എന്തിനാണെന്ന് അറിയില്ല. ബോട്ട് ഒാടിച്ച ആൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരെന്നാണ് അധികൃതർ പറയുന്നത്.
ഇത് വിചിത്ര വാദമാണ്. ബോട്ട് അടിയന്തരമായി ഇവിടെ നിന്ന് നീക്കിയില്ലെങ്കിൽ 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകും.
9 ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയിട്ടാണ് ഈ ബോട്ട് ഇറക്കിയത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഞാൻ.
രണ്ട് ബോട്ടുള്ളതിൽ ഒരെണ്ണം തകരാറിലാണ്. ഈ ബോട്ടിൽ നിന്ന് വരുമാനം കണ്ടെത്തി കടം നികത്താനുള്ള ശ്രമത്തിനിടെയാണ് ദുരന്തം ഉണ്ടായത്.
അപകടത്തിൽ തൊഴിലാളികൾക്ക് ഒന്നും സംഭവിക്കാത്തതു വലിയ ആശ്വാസം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

