കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ മുൻ സഹപാഠിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ഗുരുതര പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. പത്തനംതിട്ടയിൽ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്തുവരുന്ന സബ് ഇൻസ്പെക്ടർ റോബിൻ വർഗീസിനെതിരെയാണ് കൊട്ടാരക്കര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ദീർഘകാലമായി സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്തിടെയാണ് സൗഹൃദം പുനസ്ഥാപിച്ചത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും റോബിൻ വർഗീസ് ഇതിന് തയ്യാറായില്ല. എന്നാൽ പീഡന വിവരം പുറത്തുപറയുമെന്നും പരാതി നൽകുമെന്നും അറിയിച്ചപ്പോൾ, തന്റെ പക്കലുള്ള യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ വ്യക്തമാക്കുന്നു.
രണ്ടാഴ്ച മുമ്പ് യുവതി പരാതി നൽകിയിട്ടും കേസ് ഒത്തുതീർപ്പാക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നും ചില പൊലീസ് അസോസിയേഷൻ നേതാക്കളുടെ ഭാഗത്തുനിന്നും സമ്മർദ്ദമുണ്ടായതായി വ്യാപകമായ ആരോപണം ഉയർന്നിരുന്നു. എന്നാൽ തന്റെ പരാതിയിൽ ഉറച്ചുനിന്ന യുവതി പിന്നീട് ജില്ലാ പൊലീസ് മേധാവിയെയും ഡിവൈഎസ്പിയെയും നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കുകയായിരുന്നു.
ഉയർന്ന ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്നാണ് ഒടുവിൽ കൊട്ടാരക്കര പൊലീസ് പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

