എഴുകോൺ ∙ ഇനിയും ദുരൂഹത വിട്ടൊഴിയാത്ത കുണ്ടറ ആലീസ് വധക്കേസിൽ സെഷൻസ് കോടതി വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീട് ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത പ്രതി മോഷണക്കേസിൽ വീണ്ടും അകത്തായി. പാരിപ്പള്ളി പാമ്പുറം കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് ( 41) ആണ് എഴുകോൺ പൊലീസിന്റെ വലയിലായത്.
കഴിഞ്ഞ മാസം 6ന് നെടുമൺകാവ് കല്യാണി ഹോട്ടലിൽ നിന്ന് അര ലക്ഷം രൂപ മോഷ്ടിച്ചു കടന്ന ഗിരീഷിനെ കഴിഞ്ഞ ദിവസം പാലക്കാട് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടാരക്കര ഡിവൈഎസ്പി ബൈജു കുമാറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എഴുകോൺ ഐഎസ്എച്ച്ഒ എസ്.സുധീഷ് കുമാർ, എസ്ഐമാരായ രജിത്ത്, സന്തോഷ് കുമാർ, മേരി മോൾ, എസ്സിപിഒ സജു, ഗോപകുമാർ, സിപിഒമാരായ കിരൺ, റോഷ് ക്ലീറ്റസ്, സൈബർ സെൽ സിപിഒമാരായ മഹേഷ്, സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കല്യാണി ഹോട്ടലിൽ വെറും 5 ദിവസം മാത്രം ജോലിക്കു നിന്ന ഗിരീഷ് ഉടമയുടെ കണ്ണു വെട്ടിച്ചു മേശവലിപ്പിൽ നിന്നു പണം കവർന്നു കടന്നുകളയുകയായിരുന്നു.
മുൻപും ഒട്ടേറെ മോഷണക്കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ജോലിക്കു നിന്ന സ്ഥാപനങ്ങളിൽ നിന്നു പണം കവർന്ന കേസുകളാണ് ഇതിലേറെയും.
മോഷ്ടിക്കുന്ന തുക സുഖലോലുപതയ്ക്കു വേണ്ടി ചെലവഴിക്കുകയും അതു തീരുമ്പോൾ അടുത്ത ജോലിസ്ഥലം കണ്ടെത്തുകയുമാണു പതിവ്.
സ്ഥാപന ഉടമകളുടെ വിശ്വാസ്യത പിടിച്ചു പറ്റിയ ശേഷം മോഷണം നടത്തുന്നതാണ് രീതി. െതക്കുംഭാഗം, പാരിപ്പള്ളി, ശക്തികുളങ്ങര, കൊല്ലം വെസ്റ്റ്, കടയ്ക്കാവൂർ, പരവൂർ, ഓച്ചിറ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ട്. ഇതിനു പുറമേയായിരുന്നു കുണ്ടറ സ്റ്റേഷനിലെ ആലീസ് വധക്കേസ്.
2013ന് ആണ് കുണ്ടറ മുളവന കോട്ടപ്പുറം എവി സദനത്തിൽ ആലീസ് വർഗീസ് (57) കൊല്ലപ്പെട്ടത്.
ഒറ്റയ്ക്കു താമസിച്ചിരുന്ന ആലീസിനെ ഗിരീഷ് കഴുത്തു മുറിച്ചു കൊലപ്പെടുത്തി ആഭരണങ്ങൾ കൊള്ളയടിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഈ കേസിൽ 2018ൽ സെഷൻസ് കോടതി ഗിരീഷിനു വധശിക്ഷ വിധിക്കുകയും ചെയ്തു.
ഇതു ചോദ്യം ചെയ്തു നൽകിയ അപ്പീലിലാണു പോയ വർഷം ജൂലൈയിൽ ഗിരീഷിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. മതിയായ തെളിവുകളുടെ അഭാവമാണു കോടതി ചൂണ്ടിക്കാട്ടിയത്.
പക്ഷേ അതിനകം 11 വർഷത്തോളം ഇയാൾ തടവുശിക്ഷ അനുഭവിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

