സ്കൂളിന് സമീപം വിൽപനയ്ക്കായി എത്തിച്ച ലക്ഷക്കണക്കിന് രൂപയുടെ മാരക ലഹരിമരുന്നുമായി മധ്യവയസ്കൻ അറസ്റ്റിൽ. പെരുമ്പുഴ സെറ്റിൽമെന്റ് ഉന്നതിയിൽ ‘പൊടിമോൻ’ എന്ന് വിളിക്കുന്ന ദുഷ്യന്തൻ (53) ആണ് പൊലീസിന്റെ പിടിയിലായത്.
പരുത്തിയറ സ്കൂളിന് സമീപം പൂയപ്പള്ളി പൊലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വൻ ലഹരിശേഖരം പിടിച്ചെടുത്തത്. സംഭവസ്ഥലത്തുനിന്ന് 403.940 ഗ്രാം എംഡിഎംഎയാണ് പ്രതിയിൽ നിന്നും കണ്ടെടുത്തത്.
സംസ്ഥാന വ്യാപകമായി ലഹരി മാഫിയകൾക്കെതിരെ പൊലീസിന്റെ നേതൃത്വത്തിൽ ഊർജിതമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ ഐപിഎസിന്റെ കർശന നിർദ്ദേശത്തെ തുടർന്ന്, കൊട്ടാരക്കര ഡിവൈഎസ്പി ഷെരീഫിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ലഹരി വിതരണക്കാരെ നിരീക്ഷിച്ചുവന്നത്.
പൂയപ്പള്ളി സർക്കിൾ ഇൻസ്പെക്ടർ മനോജ് മാത്യു, എസ്എച്ച്ഒ വിഷ്ണു ജി, എസ്.ഐമാരായ ഹരി, സന്തോഷ്, എ.എസ്.ഐ വിനോദ് ബാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനീഷ്, മെൽവിൻ, ഗോകുൽ, അഭിലാഷ് എന്നിവരും കൊല്ലം റൂറൽ ഡാൻസാഫ് ടീമും ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായക പങ്കുവഹിച്ചത്. ജില്ലയിൽ ലഹരി വിൽപനയ്ക്കും കടത്തലുകൾക്കും എതിരെ വരും ദിവസങ്ങളിലും കർശന നിയമനടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി ഷാജി സുഗുണൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

