സാങ്കേതികവിദ്യയുടെ അടിമകളാകാതെ അതിന്റെ യജമാനന്മാരായി മാറാൻ പുതിയ തലമുറ തയ്യാറാകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. കോട്ടയം വലവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ (ഐഐഐടി കോട്ടയം) സംഘടിപ്പിച്ച 8–ാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യന്ത്രങ്ങളെയും സാങ്കേതികവിദ്യയെയും മനുഷ്യൻ ഉപയോഗപ്പെടുത്തേണ്ടതാണെന്നും, മറിച്ചുള്ള സാഹചര്യങ്ങൾ ഒഴിവാക്കപ്പെടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ് അടക്കമുള്ള നൂതന സാങ്കേതിക മുന്നേറ്റങ്ങൾ വരും തലമുറയിൽ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.
എന്നാൽ, സാങ്കേതികവിദ്യയെ സ്വന്തം വരുതിയിലാക്കിക്കൊണ്ട് ഈ വെല്ലുവിളികളെ വിദ്യാർത്ഥികൾ നേരിടണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. സ്ഥാപനത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെ എണ്ണം തുടക്കത്തിലുണ്ടായിരുന്ന 33ൽ നിന്ന് 450 ലേറെയായി ഉയർന്നു. ഇതിനനുസൃതമായി വിദ്യാഭ്യാസത്തിന്റെ മികവും ഉയരുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
കമ്പനികളുടെ സിഎസ്ആർ (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) മാതൃകയിൽ, യുവതലമുറയ്ക്കായി ‘യുവ സോഷ്യൽ റെസ്പോൺസിബിലിറ്റി’ (വൈഎസ്ആർ) എന്ന നൂതന ആശയം അദ്ദേഹം മുന്നോട്ടുവെച്ചു. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും അറിവും പകർന്നുനൽകുന്ന സമൂഹത്തിന് തിരികെ സംഭാവനകൾ നൽകുക എന്നത് യുവജനങ്ങളുടെ ഉത്തരവാദിത്തമാണ്.
വികസിത ഭാരതമെന്ന ലക്ഷ്യം യാഥാർത്ഥ്യമാകുന്നതിൽ യുവാക്കളുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർപഴ്സൻ ഡോ.
വിജയലക്ഷ്മി ദേശ്മാനെ അധ്യക്ഷത വഹിച്ചു. ഐഐഐടി ഡയറക്ടർ പ്രഫസർ പ്രസാദ് കൃഷ്ണ, റജിസ്ട്രാർ ഡോ.
എം.രാധാകൃഷ്ണൻ, പ്രഫ. അശോക്, ഡീൻമാരായ ഡോ.
എബി ബെനിനിരാജ്, ഡോ. ദിവ്യ സിന്ധു രേഖ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

