ഉത്തർപ്രദേശിലെ നോയിഡയിൽ ഞെട്ടിക്കുന്ന സംഭവം. ആഡംബര ഹോട്ടലിന്റെ 43-ാം നിലയിൽ നിന്ന് താഴേക്ക് ചാടി സംഭവ് ജെയ്ൻ (35) എന്ന യുവാവാണ് ജീവനൊടുക്കിയത്.
മനേസർ സ്വദേശിയാണ് മരണപ്പെട്ടത്. നോയിഡ സെക്ടർ 94-ലെ സൂപ്പർ നോവ സൊസൈറ്റി കെട്ടിടത്തിൽ നിന്നാണ് സംഭവ് താഴേക്ക് ചാടിയത്.
വീഴ്ചയുടെ അതിഭയങ്കരമായ ആഘാതത്തിൽ ഇയാളുടെ ശരീരം രണ്ടായി പിളർന്നുപോവുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സൂപ്പർ നോവ സൊസൈറ്റിയുടെ സ്പൈറ കെട്ടിടത്തിൽ സംഭവ് ജെയ്ൻ എത്തിയത്.
ഓൺലൈൻ വഴിയാണ് ഇയാൾ ഒരു ദിവസത്തേക്ക് മുറി ബുക്ക് ചെയ്തിരുന്നത്. തുടർന്ന് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കെട്ടിടത്തിന്റെ 43-ാം നിലയിലെ ബാൽക്കണിയിൽ എത്തിയ ഇയാൾ കൈവരിയിൽ കയറി നിൽക്കുകയായിരുന്നു.
ഈ സമയത്ത് സമീപത്തെ ഫ്ലാറ്റിൽ എസി അറ്റകുറ്റപ്പണിക്കായി എത്തിയ ചില തൊഴിലാളികൾ ഇയാളെ പിന്തിരിപ്പിക്കാനും രക്ഷിക്കാനും ശ്രമിച്ചെങ്കിലും, ആരുടെയും ശ്രമം വിഫലമാക്കിക്കൊണ്ട് സംഭവ് താഴേക്ക് ചാടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി.
ഗുരുതരമായി പരിക്കേറ്റ് ഛിന്നഭിന്നമായ നിലയിലായ മൃതദേഹം പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു.
യുവാവ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി.

